കഥകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും കാടിനെ അടുത്തറിഞ്ഞിട്ടുള്ളവരാണ് നമ്മള് മിക്കവരും. അതില്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ സ്വാധീനം ചെലുത്തിയ ചില കഥകളാണ് റുഡ്യാര്‍ഡ് കിപ്ലിങിന്റെ ജംഗിള്‍ ബുക്കും ടാര്‍സണും ജോര്‍ജ്ജ് ഓഫ് ദ ജംഗിളും എല്ലാം. ഇങ്ങനെയൊക്കെയാണെങ്കിലും കാട്ടിലേക്ക് ധൈര്യം സംഭരിച്ചിറങ്ങിച്ചെല്ലാന് ആരെങ്കിലും തയ്യാറാകുമൊ… പ്രത്യേകിച്ച് ഒരു സ്ത്രി. അത്തരമൊരു പെണ്മനസാണ് രാധിക രാമസ്വാമിയുടേത്.
കാടിന്റെ മനസറിഞ്ഞ ഭാരതത്തിന്റെ ആദ്യ വനിത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്നു രാധികയെ നിസ്സംശയം വിളിക്കാം. കുട്ടിക്കാലം മുതല്‍ ചിത്രം വരയ്ക്കലും അനുബന്ധ സംഭവങ്ങളോടും പ്രത്യേക താത്പര്യം കാണിച്ചിരുന്നു കൊച്ചുരാധിക പത്താംതരത്തില്‍ പഠിക്കുമ്പോള്‍ തനിക്ക് അച്ഛനില്‍ നിന്നും സമ്മാനമായി കിട്ടിയ ഫിലിം കാമറയിലാണ് ഹരിശ്രീ കുറിച്ചത്. ഇത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതിനാല്‍ത്തന്നെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങും എംബിഎയ്ക്കും ശേഷം അഞ്ചക്ക ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിക്കുവാനും രാധികയ്ക്ക് രണ്ടാമത് ചിന്തിക്കേണ്ടിവന്നില്ല.
കുട്ടിക്കാലം
പശ്ചിമഘട്ട താഴ്വരയായ തേനിയിലെ ഗ്രാമത്തിലാണ് രാധികയുടെ ജനനം. കുട്ടിക്കാലം മുതല്‍ക്കെ പെരിയാര്‍ കടുവാ സങ്കേതവും പ്രകൃതി സുന്ദരമായ കാടുകളും കണ്ടും കേട്ടുമാണ് രാധിക വളര്‍ന്നത്. ചെറുപ്പം തൊട്ടെ വര്‍ണ്ണങ്ങളെ സ്നേഹിച്ച ആ പെണ്‍കുട്ടി ഉയര്‍ന്ന വിദ്യാഭ്യാസത്തിന് ശേഷം സാധാരണ കുട്ടികളേപ്പോലെ വിവാഹം കഴിഞ്ഞ് ദല്‍ഹിയിലേക്ക് ചേക്കേറി.
വീണ്ടും വ്യൂഫൈന്‍ഡര്‍
ദല്‍ഹിയില്‍ വച്ചാണ് ചിത്രങ്ങളുടെ ലോകത്തേക്ക് രാധിക വീണ്ടും തിരിഞ്ഞുനോക്കുന്നത്. 2004ല്‍ രാജസ്ഥാനിലേക്ക് കുടുംബസമേതം നടത്തിയ ഒരു വിനോദയാത്രയാണ് നിമിത്തമായത്. ചിത്രങ്ങള്‍ പകര്‍ത്തുവാനായി കൈയ്യില്‍ കരുതിയ രാധികയുടെ കാമറയില്‍ ഭാരത്പൂര്‍ പക്ഷിസങ്കേതത്തിലെ പക്ഷികളുടെ ചിത്രങ്ങള്‍ പതിഞ്ഞു. ഇതിലൂടെ ഭാരതത്തിന്റെ ആദ്യത്തെ വനിത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പിറന്നു. ഭര്‍ത്താവില്‍ നിന്നുള്ള പിന്തുണ കൂടിയായപ്പോള്‍ വിനോദവൃത്തി എന്നതിനപ്പുറത്തേക്ക് പ്രൊഫഷനായി ഇതുമാറി. എല്ലാത്തിനും കാരണം ഭര്‍ത്താവില്‍ നിന്നും ലഭിച്ച പിന്തുണയാണെന്ന് രാധിക നിസ്സംശയം പറയും.
ഒരു സ്ത്രീ എന്ന നിലയില്‍ മാത്രമല്ല ഒരു മനുഷ്യനെന്ന നിലയിലും തന്റെ ജോലി പ്രയാസമേറിയതാണെന്ന് അവര്‍ സമ്മതിക്കുന്നു. വനയാത്രകള്‍ പലതും ദുഷ്കരം തന്നെ. കാട്ടിലെത്തി കടുവകളുടെ ചിത്രം പകര്‍ത്തുവാനായി അനുയോജ്യമായ സമയം വേനലാണ്. പക്ഷികളുടെ ചിത്രങ്ങള്‍ ലഭിക്കുന്നതിന് മഞ്ഞുകാലവും. ഒരു നല്ല ക്ലിക്കിനായുള്ള ശ്രദ്ധയാണ് ഏറ്റവും വേണ്ടത്. അതില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ല.
കാടിനെ അറിഞ്ഞ്
വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ പോയി എളുപ്പത്തില്‍ കടുവയുടേയും പുലിയുടേയും പടമെടുത്തു പോരുന്നതല്ല രാധികയുടെ രീതി. വന്യമൃഗങ്ങളുടെ ജീവിതം അതിന്റെ തനിമ ചോരാതെ പകര്‍ത്തുവാനാണ് രാധികയ്ക്ക് ഇഷ്ടം. കാമറയ്ക്ക് പിടി നല്കാന് മടിക്കുന്ന പക്ഷികളെ കാമറയില്‍ കുടുക്കാനാണ് രാധികയ്ക്ക് കൂടുതല്‍ പ്രിയം. ആ ശ്രമങ്ങള്‍ വിജയിക്കുകയും ചെയ്തു. നിറങ്ങളും വൈവിധ്യങ്ങളും തന്നെയാണ് അത് പകര്‍ത്തുന്നതിനോട് ഇത്രയധികം താല്പര്യം തോന്നിപ്പിച്ചതും.
ക്ഷമയോടെ മണിക്കൂറുകളോളം വ്യൂഫൈന്‍ഡറിലൂടെ നോക്കിയിരുന്ന് അവസാനം ക്ലിക്കിന് തൊട്ടുമുന്‍പ് പക്ഷി ചിലപ്പോള്‍ പറന്നകലും. ദിവസങ്ങളും മാസങ്ങളും നീണ്ട കാത്തിരിപ്പാണ് തന്റെ ഓരോ ഫ്രെയിമിനും പിന്നിലുള്ളതെന്ന് രാധിക പറയുമ്പോള്‍ അതൊരു വെറുംവാക്കല്ല.
മറക്കാനാവാത്തത്
കാട് എന്നും അപകടവും ജിജ്ഞാസയും നിറഞ്ഞ ഒന്നാണ്. കരടിയും ആനകളുമാണ് അതില്‍ അപകടകാരികളായുള്ളത്. നിരവധി കാടുകള്‍ കയറിയിറങ്ങിയിട്ടും മറക്കാതെ മുന്നില്‍ നില്‍ക്കുന്നത് ഉത്തരാഖണ്ഡിലുള്ള ജിം കോര്‍ബറ്റ് ദേശീയോദ്യാനമാണ്. ഒരു വശത്തു പാതയ്ക്ക് സമാന്തരമായി ഒഴുകുന്ന പുഴ, മറുവശത്ത് നിഗൂഢത പതിയിരിക്കുന്ന കാടും. 2005ല്‍ അവിടേക്ക് നടത്തിയ യാത്രയില്‍ മുന്നില്‍ ഒറ്റയാന്, വാഹനത്തില്‍ തന്നെ കഴിച്ചുകൂട്ടിയ സമയം ഇന്നും രാധിക ഭയത്തോടെയാണ് ഓര്‍ക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാതിരിക്കുക എന്നതാണ് വേണ്ടത്.
പൊയ്മുഖങ്ങള്‍
സ്വാര്‍ത്ഥ താല്പര്യത്തോടെ ചിത്രം പകര്‍ത്തുകയും മറ്റാര്‍ക്കും ലഭിക്കുന്നതിന് മുന്‍പ് അത് നശിപ്പിച്ചുകളയുകയും ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ന് സജീവമാണ്. യഥാര്‍ത്ഥ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ അത്തരത്തിലുള്ള വികൃതികള്‍ ചെയ്യില്ലെന്നും രാധിക പ്രതികരിക്കുന്നു. പ്രകൃതിയെ വീടുപോലെ കാണുന്ന വ്യക്തിക്ക് മാത്രമേ കാടിന്റെ സ്പന്ദനം അറിഞ്ഞ് ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുകയുള്ളു എന്നാണവരുടെ വാദം.
കാടിനേക്കുറിച്ച്
മുഴുവന്‍ കാടിന്റേയും 30 ശതമാനം പ്രദേശത്തേക്ക് മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളു. വനപാലകരുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് അതിനു ശേഷം പ്രവേശനമുളളത്. കാടിന്റെ തനിമ നഷ്ടപ്പെടുത്താതിരിക്കുന്നതിനും വന്യമൃഗങ്ങളെ ശല്യം ചെയ്യാതിരിക്കുന്നതിനും ഒക്കെയായാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. അതിനുവേണ്ടിത്തന്നെയാണ് ഭാരതത്തിലെ പലകാടുകളും സംരക്ഷിക്കപ്പെടുന്നത്. എങ്കിലും രാജ്യത്തിന്റെ പല ഭാഗത്തുമുള്ള കാടുകളിലും മോഷണം അടക്കമുള്ളവ നടക്കുന്നുണ്ട്.
കേരളത്തില്‍
കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന തമിഴ് ഗ്രാമമായ തേനിയില്‍ ജനിച്ചതിനാല്‍ കുട്ടിക്കാലംതൊട്ടെ കേരളവുമായി അടുത്ത ബന്ധമാണുള്ളത്. കേരളത്തിന്റെ ഭാഗമായ പെരിയാര്‍ കടുവാ സങ്കേതത്തിലും മറ്റും യാത്ര ചെയ്താണ് കാട് എന്താണെന്നു പഠിച്ചതും. കടുവപോലുള്ള വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിച്ചില്ലെങ്കിലും തനിക്കേറ്റവും പ്രിയങ്കരമായ, പക്ഷിവര്‍ഗ്ഗത്തിന്റെ ഇഷ്ടകേന്ദ്രമായ തട്ടേക്കാട് മറക്കാതെ എത്താറുണ്ട്.
കൂടാതെ വരയാടുകളെ കാണുന്നതിനായും പലപ്പോഴായി ഇവിടെ വന്നിട്ടുണ്ട്.
ഇച്ഛാശക്തിയോടെ ആഗ്രഹത്തിനൊപ്പം നിലകൊണ്ടാല്‍ അസാധ്യമായി ഒന്നുംതന്നെയില്ലയെന്നാണ് രാധികയുടെ ജീവിതം കാണിച്ചുതരുന്നത്.
ആഗ്രഹങ്ങളെ ലഹരിയായിക്കണ്ട് അതിനെ വേട്ടയാടുകയാണവര്‍. രാധികയുടെ കാമറക്കണ്ണുകള്‍ പകര്‍ത്താനിരിക്കുന്ന ചിത്രങ്ങള്‍ക്കായി നമുക്ക് ഇനിയും കാത്തിരിക്കാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: