പേര്യ : മഴ ശക്തമായതോടെ പേര്യ-കോളിച്ചാല്‍-വാളാട് റോഡ് ചെളിക്കുളമായി. കാല്‍നടയാത്രയ്ക്ക് പോലും കഴിയാത്ത വിധം ഇപ്പോള്‍ റോഡില്‍ ചെളിനിറഞ്ഞുകഴിഞ്ഞു. വര്‍ഷങ്ങളായി അധികൃതരുടെ അവഗണന പേറുകയാണ് ഈ റോഡ്. ഓരോ മഴക്കാലം വരുമ്പോഴും പ്രദേശവാസികള്‍ വലിയ പ്രായാസമാണ് അനുഭവിച്ചുവരുന്നത്. ഈ യാത്രാ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ അധികൃതരുടെ നടപടി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ്. പേര്യയില്‍ നിന്ന് വാളാട്ടേക്ക് ആറര കിലോ മീറ്ററോളം ദൂരമുണ്ട്. ഇതില്‍ പേര്യ ടൗണ്‍ മുതല്‍ എടലക്കുനി വരെ ഒന്നര കിലോ മീറ്ററും, വാളാട് നിന്ന് കോളിച്ചാല്‍ രണ്ട് കിലോ മീറ്ററും മാത്രമാണ് നിലവില്‍ ടാറിംങ് പൂര്‍ത്തീകരിച്ചത്. കോളിച്ചാല്‍ മുതല്‍ കരിക്കാറ്റില്‍ കവല വരെ 250 മീറ്റര്‍ സോളിംങും ചെയ്തിട്ടുണ്ട്. ഇതിനിടയിലുള്ള മൂന്ന് കിലോമീറ്ററാണ് ഇപ്പോള്‍ ചെളിക്കുളമായി കിടക്കുന്നത്. റോഡിന്റെ പലഭാഗവും വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധം തകര്‍ന്ന് കിടക്കുകയാണ്. മഴ തുടങ്ങിയതോടെ ഒരു വാഹനവും ഈ വഴി പോകാറില്ല. വാളാട്, വട്ടോളി കരിക്കാറ്റില്‍, കോളിച്ചാല്‍, കുനിയിമ്മല്‍, എടലക്കുനി, പേര്യ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. റോഡിന്റ ശോച്യാവസ്ഥ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് തുടരുകയാണ്. റോഡിന്റെ തകര്‍ച്ചകാരണം നാട്ടുകാര്‍ക്ക് ഇപ്പോള്‍ കിലോമീറ്ററുകള്‍ കാല്‍നടയാത്ര ചെയ്ത് വേണം വിവിധ സ്ഥലങ്ങളില്‍ എത്താന്‍. വള്ളിത്തോട് ആശുപത്രിയിലേക്ക് എത്താന്‍ ഇത് എളുപ്പ വഴിയായതിനാല്‍ ഏറെ പേര് ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്. ഈ റോഡിലെ ഓവ് പാലങ്ങളുടെ പണി മുഴുവന്‍ നേരത്തെ പൂര്‍ത്തികരിച്ചതാണ്. വട്ടോളിയില്‍ റോഡിന്റ അരിക് കെട്ടിയുയര്‍ത്തുന്ന പ്രവര്‍ത്തി ചെയ്യാത്തത് മൂലം പുഴയിലെ വെള്ളം മഴക്കാലത്ത് റോഡിലൂടെയാണ് ഒഴുകുന്നത്. ഇവിടെ വെള്ളം കയറിയാല്‍ ആദിവാസികോളനികള്‍ ഉള്‍പ്പെടെ ഒറ്റപ്പെടുന്നത് സാധാരണയാണ്. കഴിഞ്ഞ മഴക്കാലത്ത് ആഴ്ചകളോളം ഈ പ്രദേശം ഒറ്റപ്പെടുകയും, യാത്രാ തടസ്സം നേരിടുകയും ചെയ്തിരുന്നു. മഴ ശക്തമായതോടെ കുനിയിമ്മല്‍ പാലത്തിനടുത്ത് ഈ റോഡില്‍ വെള്ളക്കെട്ട് തുടങ്ങിയിട്ടുണ്ട്. എല്ലാ വര്‍ഷകാലത്തും ഈ സ്ഥിതി ഇവിടെ പതിവാണ്. ഈ റോഡിലെ മണ്പണി പൂര്‍ത്തികരിക്കുകയും, സോളിങും, ടാറിംങും പൂര്‍ത്തികരിച്ചാല്‍ നൂറ്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യും. നിരവധി തവണ അധികൃതരെ ഈ റോഡിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിട്ടും ഇത് നന്നാക്കാന്‍ ഇതുവരെ നടപടിയായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: