പത്തനംതിട്ട; പത്തനംതിട്ട നഗരസഭ പണികഴിപ്പിച്ച വലഞ്ചുഴി നടപ്പാലത്തിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നില്ലെന്ന് ആക്ഷേപം. അച്ചന്‍കോവിലാറിന് കുറുകേയുള്ള വലഞ്ചുഴി – ഇല്ലത്തുകടവ് പാലം പത്തനംതിട്ട നഗരസഭയേയും പ്രമാടം പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതാണ്. പത്തനംതിട്ട നഗരത്തില്‍ നിന്നുംവലഞ്ചുഴി ദേവീക്ഷേത്രത്തിലേക്കെത്തിച്ചേരുന്ന ഏറ്റവും എളുപ്പവഴിയും ഇതാണ്. ദിനംപ്രതി സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് ആളുകളും ഭക്തജനങ്ങളും ഉപയോഗിക്കുന്ന ഈ നടപ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും അറ്റകുറ്റപണികളൊന്നും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പാലത്തിന്റെ ഇരുമ്പു തൂണുകളും കൈവരികളിലുമെല്ലാം തുരുമ്പുപിടിച്ച നിലയിലാണ്. കൈവരി ചിലയിടത്ത് ഇളകിയിട്ടുമുണ്ട്. അറ്റകുറ്റപണികള്‍ യഥാവിധി നടത്തിയില്ലെങ്കില്‍ കാലക്രമേണ പാലം നാശോന്മുഖമാകുമെന്നും നാട്ടുകാര്‍ പറയുന്നു.
41.70 ലക്ഷം രൂപാ അടങ്കല്‍തുകയുള്ള ഈ നടപ്പാലം 2013 ഒക്ടോബറിലാണ് പണിപൂര്‍ത്തിയാക്കിയത്. ദേശീയ പ്രകൃതിദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപയും എം.പി ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും പത്തനംതിട്ട നഗരസഭയുടെ 3.70 ലക്ഷം രൂപയും ചിലവഴിച്ച് നിര്‍മ്മിച്ച ഈ പാലത്തിന് 1.50 മീറ്റര്‍ വീതിയും 45 മീറ്റര്‍ നീളവുമുണ്ട്. വലഞ്ചുഴി, പ്രമാടം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പത്തനംതിട്ട നഗരത്തിലേക്ക് കാല്‍നടയായി എത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് അച്ചന്‍കോവിലാറിന് കുറുകേ പണിതീര്‍ത്ത ഈ പാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: