കല്ലടിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്ഷമാകുമ്പോഴേയ്ക്കും ചരിത്രത്തില്‍ ഇടംനേടി മീന്‍വല്ലം ചെറുകിട ജലവൈദ്യുതപദ്ധതി.
മണ്ണാര്‍ക്കാട് താലൂക്കിലെ കരിമ്പ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൂന്നേക്ര മീന്വല്ലത്താണ് ജില്ലാ പഞ്ചായത്തിനു കീഴില്‍ മീന്‍വല്ലം ജലവൈദ്യുതപദ്ധതി പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ആദ്യവര്‍ഷം തന്നെ മൂന്നുകോടിയിലേറെ രൂപയാണ് വൈദ്യുതിവിറ്റ്പദ്ധതി നേടിയത്. 6495330 യൂണിറ്റ് വൈദ്യുതിയാണ് ഒരുവര്‍ഷംകൊണ്ട് ഉത്പാദിപ്പിച്ചത്.
ജില്ലാ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ രൂപീകരിച്ച സ്മോള്‍ ഹൈഡ്രോ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കടുത്ത വേനലില്‍പോലും ജലലഭ്യതക്കുറവിനെ അതിജീവിച്ച് 3039360 യൂണിറ്റ് വൈദ്യുതി കൈമാറി. 22 മാസത്തിനിടെ 9534690 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇതുവഴി 4.53 കോടി രൂപ നേടാനായി. ഇത്തവണ മഴ നേരത്തെയെത്തിയതിനാല്‍ രണ്ടാംവാര്ഷികത്തിനുശേഷം ആകെ 1.3 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ മൂന്നുകോടിയുടെ തിരിച്ചടവും 50 ലക്ഷത്തിന്റെ പ്രവര്‍ത്തന പരിപാലനചെലവും കഴിച്ച് ഒന്നരകോടിയിലേറെ രൂപ ജില്ലാ പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നു. 2.5 ശതമാനം കിഴിവു നല്കുന്ന പദ്ധതിപ്രകാരം അതത് മാസം തന്നെ കെഎസ്ഇബി ജില്ലാ പഞ്ചായത്തിന് പണവും കൈമാറി.
ചെറുകിട ജലവൈദ്യുതപദ്ധതിയായതിനാല് പ്രകൃതിക്ക് കോട്ടം തട്ടാതെയാണ് പ്രവര്‍ത്തനം. മീന്‍വല്ലം വെള്ളച്ചാട്ടത്തിന്റെ വെള്ളം അഞ്ചുമീറ്റര്‍ മുന്നേ വലിയ പെന്‍സ്റ്റോക്ക് പൈപ്പിലൂടെ കടത്തിവിട്ട് ടര്‍ബൈന്‍ വഴി എത്തിച്ചാണ് വൈദ്യുതി ഉത്പാദനം.
മീന്‍വല്ലത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് സുഗമമായി വെള്ളച്ചാട്ടവും ജലവൈദ്യുതിപദ്ധതിയും കാണാനാകും. 1.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള രണ്ടു ജനറേറ്ററുകളാണ് ഇവിടെയുള്ളത്. 4.88 രൂപ നിരക്കിലാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്.
മീന്‍വല്ലത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കല്ലടിക്കോട് 110 കെ.വി. സബ്സ്റ്റേഷനില്‍ എത്തിച്ച് അവിടെനിന്നാണ് വൈദ്യുതിവിതരണം. ഇന്ത്യയില്‍ ആദ്യമായാണ് ജില്ലാ പഞ്ചായത്ത് ഇത്തരത്തിലുള്ള പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ജില്ലാപഞ്ചായത്തിന്റെ സ്വപ്നപദ്ധതിയാണ് ഇത്.
ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും വിഹിതവും നബാര്‍ഡില്‍നിന്നെടുത്ത 7,79 കോടിരൂപയും,ബീആര്ജിഎഫ് ഷെയറും ഉള്‍പ്പെടെ 22 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. തുപ്പനാട് പുഴയിലെ മീന്‍വല്ലം വെള്ളച്ചാട്ടമാണ് പദ്ധതിയുടെ അടിസ്ഥാന സ്രോതസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: