തലപ്പുഴ : കാട്ടാന പേടിയില്‍ വരയാല്‍ കണ്ണോത്ത്മല നിവാസികള്‍. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കാട്ടാന കൃഷിനശിപ്പിക്കുന്നതും പതിവാകുന്നു. കാട്ടാനയെ തുരത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ബുധനാഴ്ച്ച വരയാല്‍ ഫോറസ്റ്റ്സ്റ്റേഷന് ഉപരോധിക്കും. കഴിഞ്ഞ ഒരാഴ്ച്ചയായി കണ്ണോത്ത്മല ജനവാസ കേന്ദ്രത്തിലെത്തി കാട്ടാന കൃഷി നശിപ്പിക്കുന്നതിനോടൊപ്പം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിമാറിയിരിക്കുകയാണ്. നാട്ടിലിറങ്ങിയ കാട്ടാന പ്രദേശത്തെ തലക്കോട്ടില്‍ ബിജു ശ്രീനിവാസന്, ബിജു, കുന്നുമ്മല്‍ കണാരന്, വിജയകുമാര്‍, കുട്ടപ്പന്, മൊയ്തീന് എന്നിവരുടെ കുലച്ച വാഴ, തെങ്ങ്, കവുങ്ങ്, എന്നിവ നശിപ്പിച്ചു. പകല്‍സമയങ്ങളില്‍ പോലും ജനവാസകേന്ദ്രത്തിലെത്തുന്ന കാട്ടാന ഭീതിയിലാഴ്ത്തുകയാണ്. ആനയെ തുരത്തണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെ നിരവധിതവണ വിവരമറിയിച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാറില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ആനശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ അക്ഷന്കമ്മിറ്റി രൂപീകരിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: