മാള: പോലീസ് സ്റ്റേഷന് സമീപമുള്ള കടയില്‍ പട്ടാപ്പകല്‍ മോഷണം. പഴയാറ്റില്‍ തോമസിന്റെ പലചരക്കുകടയില്‍ നിന്നാണ് അദ്ദേഹത്തിന്റെ കണ്ണുവെട്ടിച്ച് മുപ്പതിനായിരം രൂപയടങ്ങിയ ബാഗുമായി മോഷ്ടാവ് കടന്നുകളഞ്ഞത്. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലെത്തിയ ഇയാള്‍ നൂറുരൂപയുടെ അഞ്ച് നോട്ട് നല്കി പകരം അഞ്ഞൂറിന്റെ നോട്ടുവാങ്ങി. തുടര്‍ന്ന് ഇയാള്‍ ആവശ്യപ്പെട്ട സവാളയെടുക്കുന്നതിനായി കടക്കുള്ളിലേക്ക് പോയസമയത്തായിരുന്നു മോഷണം. തോമസ് സാധനങ്ങള്‍ എടുത്തുവെച്ച് ആളെ നോക്കിയെങ്കിലും കണ്ടില്ല. തുടര്‍ന്നാണ് പണമടങ്ങിയ ബാഗ് മോഷണം പോയവിവരം അറിയുന്നത്. മാള പോലീസില്‍ പരാതി നല്കി. പട്ടാപ്പകല്‍ കടകളില്‍ നിന്നും പണം മോഷ്ടിക്കുന്ന വിരുതന് ഈ പ്രദേശത്ത് ചുറ്റാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം അന്നമനടയിലും പഴകച്ചവടക്കാരന് അസീസിന്റെ കടയില്‍ നിന്നും സമാനമായ മോഷണം നടന്നിരുന്നു. ജീവനക്കാരില്ലാത്ത കടയുടമ മാത്രമുള്ള കടകളില്‍ നിന്നാണ് തിരക്കില്ലാത്ത സമയത്ത് ഇയാള്‍ മോഷണം നടത്തുന്നത്. ഇവരുടെ ശ്രദ്ധ തിരിച്ചുവിട്ടശേഷമാണ് മോഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: