വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തുള്‍പ്പടെ പത്താഴക്കുണ്ട് ഡാം ചോര്‍ച്ച തടഞ്ഞുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. ഡാമിന്റെ താഴെ കോണ്‍ക്രീറ്റ് വര്‍ക്ക് തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും ഇനിയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഡാം 1978ലാണ് കമ്മീഷന് ചെയ്തത്. ഇതില്‍ നിന്നുള്ള വെള്ളം കൃഷി ആവശ്യത്തിന് ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. 3075 മീറ്റര്‍ നീളത്തില്‍ ഇടതുകര കനാലും 1656 മീറ്റര്‍ നീളത്തില്‍ വലതുകര കനാലുമാണ് ഡാമിനുള്ളത്. ഡാമിന്റെ ആയക്കെട്ട് പൂര്‍ണമായും മുണ്ടത്തിക്കോട് പഞ്ചായത്തിലാണ്. അതിനാല്‍ ഈ ഡാമിന്റെ പണി പൂര്‍ത്തീകരിച്ചാല്‍ മെഡിക്കല്‍ കോളേജിലെ ജലക്ഷാമംകൂടി പരിഹരിക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ ചോര്‍ച്ചയും ആരംഭിച്ചു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. മൂന്നുമാസംകൊണ്ട് ഇത് പൂര്‍ത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം എവിടെയും എത്തിയിട്ടില്ല. ചോര്‍ച്ച തടഞ്ഞ് ഷട്ടറുകള്‍ അടുത്ത ആഴ്ച സ്ഥാപിക്കുവാനാണ് നീക്കം. എന്നാല്‍ ബാരല്കൂടി അറ്റകുറ്റപണികള്നടത്തിയെങ്കില് മാത്രമെ വെള്ളം സംഭരിക്കാന്‍ കഴിയു എന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷെ ഇതിനനുവദിച്ച തുകക്ക് ഇനിയും ഭരണാനുമതി ലഭിച്ചിട്ടില്ല. ഇത് ലഭിക്കാതെ തുടര്‍പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: