കൊരട്ടിപാതയോരത്തെ മുറിച്ചുമാറ്റാന്‍ തീരുമാനമെടുത്ത മാവ്
ചാലക്കുടി: കൊരട്ടിയില്‍ പഴയ ദേശീയപാതയോരത്ത് കാലങ്ങളായി തണലേകിയിരുന്ന കൂറ്റന്‍ മാവ് മുറിച്ച് മാറ്റുവാന്‍ നടപടിയായി. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു, യാത്രക്കാര്‍ക്കും സമീപത്തെ കച്ചവട സ്ഥാപനങ്ങള്‍ക്കും വലിയ ഭീഷണിയാണെന്നാവശ്യപ്പെട്ടാണ് കൊരട്ടി പഞ്ചായത്ത് അധികൃതര്‍ മാവ് മുറിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ റെയില്‍വേ ഗേറ്റ് അടച്ചതോടെ ഇതിലൂടെ ആള് സഞ്ചാരം തീരെ ഇല്ലാത്ത അവസ്ഥയാണ്.
സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിന് വേണ്ടി മാത്രമാണ് ഈ വലിയ തണലേക്കുന്ന മാവ് മുറിച്ച് മാറ്റുവാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കത്തിന് പിന്നിലെന്ന് പറയന്നു. മുന്‍ ഭരണ സമിതിയുടെ കാലത്തും ഈ വ്യക്തി മാവ് മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നത്.
അന്ന് ജില്ലാ കളക്ടര്‍ സംഭവത്തില്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് ഭരണ സമിതി പരാതിയില്‍ നടപടിയെടുത്തിരുന്നില്ല. പുതിയ ഭരണസമിതിയാണ് അടിയന്തിരമായി മാവ് വെട്ടിമാറ്റുന്ന തീരുമാനമെടുത്തത്. ഇരുപതിനായിരം രൂപക്ക് ലേലം ചെയ്ത മാവ് ഇപ്പോള്‍ നാല്‍പ്പത്തിരണ്ടായിരം രൂപക്ക് മറു ലേലം നടത്തിയിരിക്കുകയാണ്. സംഭവം വിവാദമായത്തോടെ പെട്ടെന്ന് മാവ് മുറിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. മാവ് മുറിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. റസിഡന്‍സ് അസോസിയേഷനുകള്‍,കൊരട്ടി റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന് തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: