ന്യൂജേഴ്സി: ക്യാപ്റ്റന്‍ മെസ്സിക്ക് പിന്നാലെ മറ്റു ചില താരങ്ങളും ദേശീയ ടീമിനോട് വിടപറയുന്നു. പ്രതിരോധത്തിലും മധ്യനിരയിലും നിറഞ്ഞുകളിക്കുന്ന ജാവിയര്‍ മഷരാനോ, മെസ്സിയുടെ സുഹൃത്തും സൂപ്പര്‍ സ്ട്രൈക്കറുമായ സെര്‍ജിയോ അഗ്യൂറോ എന്നിവരും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിടപറയുകയാണെന്ന് സൂചിപ്പിച്ചുകഴിഞ്ഞു. അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രവും മഷരാനോ ബാഴ്സയുടെ മിഡ്ഫീല്‍ഡ് ജനറലുമാണ്.
അര്‍ജന്റീന ജേഴ്സിയില്‍ 129 മത്സരങ്ങള്‍ക്ക് 32കാരനായ മഷരാനോ ബൂട്ടുകെട്ടിയിട്ടുണ്ട്. മൂന്ന് ഗോളുകളും നേടി. 2008 മുതല്‍ 2011 വരെ അര്‍ജന്റീന ടീമിന്റെ നായകനും മഷരാനോയായിരുന്നു. ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ മരുമകനും 28കാരനുമായ
സെര്‍ജിയോ അഗ്യൂറോ 77 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടിയ മികച്ച സ്ട്രൈക്കറാണ്. ഈ ത്രിമൂര്‍ത്തികളുടെ വിരമിക്കല്‍ അര്‍ജന്റീനന്‍ ഫുട്ബോളിന് തീരാ നഷ്ടം തന്നെയാണ്. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ ജോലിയും.
അതേസമയംഅര്ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കൂട്ടവിരമിക്കലിലേക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇവര്‍ക്ക് പുറമെ ഗൊണ്‍സാലോ ഹിഗ്വയിന്, എസിക്വേല്‍ ലാവസി, ഏയ്ഞ്ചല്‍ ഡി മരിയ, എവര്‍ ബെനഗ, ലൂക്കാസ് ബിഗ്ലിയ തുടങ്ങിയ താരങ്ങളും ദേശീയ ജേഴ്സി അഴിച്ചുവെക്കാന്‍ ഒരുങ്ങുകയാണണെന്ന് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ ഫുട്ബോള്‍ ലോകം കാണാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും സംഭവിക്കുക. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: