വീട്ടില്‍ വീല്‍ചെയറിലിരുന്ന് മലമൂത്രവിസര്‍ജ്ജനം ചെയ്യുന്ന കൊച്ചിയിലെ പുരുഷോത്തമന്. ലോകസംഘര്‍ഷ സമിതിയുടെ ആഹ്വാനപ്രകാരം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തീരുമാനത്തില്‍ രണ്ട് പ്രാവശ്യം അടിയന്തരാവസ്ഥയ്ക്കെതിരേ സത്യഗ്രഹമനുഷ്ഠിച്ച് കഠിനമായി പോലീസ് മര്‍ദ്ദനമേറ്റുവാങ്ങിയ ‘ചരിത്ര’പുരുഷനുമാണ് പുരുഷോത്തമന്. ശ്രവണശക്തിയും, കാഴ്ചശക്തിയും, ശരീരത്തിന്റെ ചലനശക്തിയും നഷ്ടപ്പെട്ട് ഒരു മാംസപിണ്ഡമായി കൊച്ചിയില്‍ ജീവിക്കുന്നു. അദ്ദേഹം അടിയന്തരാവസ്ഥയിലെ ദുരന്തഫലങ്ങളുടെ പല പ്രതീകങ്ങളില്‍ ഒന്നു മാത്രമാണ്.
പ്രസിദ്ധ ചിത്രകാരനും ശൃംഗേരി ശങ്കരാചാര്യ സ്വാമികളുടെ ആദരവ് നേടുകയും ചെയ്ത പെരുമ്പാവൂര്‍ കൊമ്പനാട്ടുകാരനാണ് ആര്‍ട്ടിസ്റ്റ് സുകുമാരന്‍. പൊലീസ് മര്‍ദ്ദനഫലമായി അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന് വീല്‍ചെയറില്‍ ജീവിക്കുന്നു. വേദന സഹിച്ചുകൊണ്ട് സുകുമാരന്‍ പറയുന്നത് ആരേയും ത്രസിപ്പിക്കുന്നകാര്യങ്ങളാണ്. ഗണഗീതങ്ങള്‍ പാടിയും, അടിയന്തരാവസ്ഥയ്ക്കുമുമ്പ് കോഴിക്കോട്ട് തളി സ്കൂളില്‍ നടന്ന ഒ ടി സി ശിബിരം ഓര്‍മ്മിച്ചും, ആ ശിക്ഷാ ശിബിരത്തിനായി വരച്ച അഖണ്ഡ ഭാരതത്തിന്റെ ചിത്രം മനസ്സില്‍ കുളിര്‍മ്മയോടെ ഓര്‍മ്മിച്ചും അദ്ദേഹം ഉറക്കം വരാത്ത രാത്രികളെ സ്വര്ഗ്ഗീയാനുഭൂതികളാക്കി മാറ്റും.
ഇത് വാര്‍ഷിക കലണ്ടര്‍ അടയാളങ്ങള്‍ നോക്കി പേരച്ചടിച്ചു കാണാനുള്ള കൊതിയില്‍ എഴുതിക്കൂട്ടുന്ന സങ്കല്പ്പ കഥകളല്ല. ജീവിയ്ക്കുന്ന ഉദാഹരണങ്ങള്‍. ഇവരിലൂടെയാണ് അടിയന്തരാവസ്ഥയെന്ന ഭരണഭീകരതയുടെ യഥാര്‍ത്ഥ മുഖം ഇന്ന് അറിയേണ്ടത്. ഇത്തരക്കാര്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ട്. അവരില്‍ പലരുടെയും ജീവിതാവസ്ഥ ദയനീയമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലെന്ന തിരിച്ചറിയലിനെ തുടര്‍ന്ന് സ്വജീവിതം ഹോമിച്ചും രാഷ്ട്ര രക്ഷ അനിവാര്യമെന്നു കരുതിയവര്‍.
അവര്‍ക്ക് ചരിത്രത്തിലിന്ന് ഇടമില്ല. അവരുടെ ത്യാഗം അനുസ്മരിയ്ക്കാന്‍ ആളില്ല. അവരില്‍ തലചായ്ക്കാന്‍ ഇടമില്ലാത്തവരുമുണ്ട്. 1975 ജൂണ്‍ 25-ന് അര്‍ദ്ധ രാത്രിയില്‍ അന്നത്തെ കോണ്‍ഗ്രസ് സ്വേച്ഛ ഭരണാധികാരിയായിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഇരകള്‍!!
അടിയന്തരാവസ്ഥത്തടവുകാരും അതിന്റെ ദുരന്തഫലങ്ങള്‍ നാല്പതുവര്ഷമായി അനുഭവിക്കുന്നവരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം, 2015 ഒക്ടോബര്‍ രണ്ടാം തീയതി, അസ്സോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് എന്ന സംഘടനയ്ക്ക് രൂപം നല്കി. ആലുവയില്‍ കൂടിയ മഹാസമ്മേളനത്തില്‍ ആയിരത്തില്‍പ്പരം തടവുകാരും അവരുടെ ബന്ധുക്കളും സമ്മേളിച്ചിരുന്നു.
സംഘടനയുടെ പ്രവര്‍ത്തനം കേരളമൊട്ടുക്ക് വ്യാപിപ്പിക്കുകയും നാല്പതുവര്ഷമായി ജീവിച്ചിരിക്കുന്ന തടവുകാരുടെ അനുഭവങ്ങള്‍ രേഖയിലാക്കാന്‍ തീരുമാനിച്ചു. അതൊരു ഡോക്യുമെന്ററിയായി പകര്‍ത്തി എടുക്കുകയും ചെയ്തു. കേരളത്തിലെ ഗ്രാമഗ്രാമങ്ങളിലും നഗരങ്ങളിലും സഞ്ചരിച്ച് എടുത്ത ഈ ചിത്രപരമ്പര പോലൊരു ചരിത്ര ശേഖരം ഭാരതത്തില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലെന്നതില്‍ കേരളത്തിന് അഭിമാനിയ്ക്കാവുന്നതുമാണ്. ആയിരത്തി അഞ്ഞൂറില്പരം തടവുകാര്‍ സംഘടനയില്‍ അംഗത്വമെടുക്കുകയും ചെയ്തിട്ടുണ്ട്.
മറഞ്ഞുകിടന്നതും, തമസ്ക്കരിക്കപ്പെട്ടതുമായ നാല്പതുവര്ഷത്തെ ദുരന്തഫലങ്ങള്‍ അറിയുവാനും അറിയിക്കുവാനും ഡോക്യുമെന്ററിയിലൂടെ സാധിച്ചു തുടങ്ങി എന്നത് ചരിത്രപരമായ ഒരു നേട്ടം തന്നെയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനം മുതല്‍ ഇന്നേവരെ അനേകം പേര് ദയനീയമായി മരിച്ചുകഴിഞ്ഞു. ഇല കൊഴിയുന്ന വൃക്ഷം പോലെ നിത്യേന ദാരുണമരണങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. പല മരണങ്ങളും അറിയപ്പെടാതെ മണ്മറഞ്ഞുപോയി. പലരും മരണത്തെ മനസാ സ്വാഗതം ചെയ്ത് രോഗശയ്യയിലുമാണ്. അവരില്‍ ചിലരുടെ അവസ്ഥയാണ് മേല്‍ വിവരിച്ചത്.
ഇതാ ചില ചിത്രങ്ങള്‍കൂടി: പാലായില്‍ സത്യഗ്രഹമനുഷ്ഠിച്ച പതിമൂന്നുപേരില്‍ ഏഴുപേരേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ. അടിയന്തരാവസ്ഥക്കാലത്ത് പാലായില്‍ പോലീസ് പ്രയോഗിച്ച ”പട്ടിപ്പൂട്ട്” എന്ന പൈശാചിക മര്‍ദ്ദനമുറയുടെ ചിത്രം ഫെയ്സ് ബുക്കിലൂടെ കണ്ട് രാജ്യത്തിന്റെ എല്ലാ ഭാഗത്തേയും ചെറുപ്പക്കാര്‍ ഞെട്ടി. ”ഇന്ത്യാ മഹാരാജ്യത്താണോ ഈ രീതിയിലുള്ള മര്‍ദ്ദനം നടന്നത്” അവര്‍ ചോദിയ്ക്കുന്നു? ഹിറ്റ്ലര്‍ക്കും, മുസ്സോളിനിയ്ക്കും, സ്റ്റാലിനും ഈ രീതി പിടികിട്ടാഞ്ഞത് ലോകത്തിന്റെ മഹാഭാഗ്യമാണെന്ന് അവര്‍ പ്രതികരിക്കുന്നു.
കോട്ടയം വടവാതൂര്‍ക്കാരന്‍ സുകുമാരന്‍ പറയുന്നതുകേട്ടാല്‍ മനസ്സാക്ഷിയുള്ളവരുടെ ഹൃദയം ഒരു നിമിഷത്തേക്കെങ്കിലും സ്തംഭിച്ചുപോകും. ”പട്ടിപ്പൂട്ടും കഴിഞ്ഞ് അവശരായി കിടക്കുന്ന ഞങ്ങള്‍ക്ക് രാത്രിയില്‍ പോലീസുകാര്‍ ഭക്ഷണം മേടിച്ചുകൊണ്ടുവന്നു. അതും ഞങ്ങളുടെ ഷര്‍ട്ടുകളില്‍ സൂക്ഷിച്ചുവച്ചിരുന്ന രൂപ എടുത്തുകൊണ്ടുപോയിട്ടാണ് ആഹാരം മേടിച്ചത്. ഭിത്തിയോട് ചേര്‍ന്നിരുന്ന് ഭക്ഷണം കഴിയ്ക്കുവാന്‍ തുടങ്ങിയ സുകുമാരന്റെ തല പിടിച്ച് ഭിത്തിയിലിട്ട് ഇടിച്ചു.
മൂന്നാമത്തെ ഇടിക്ക് മൂക്കില്‍ നിന്നും കട്ടിയിലുള്ള ചോര ചോറില്‍ കുടുകുടാ വീഴാന്‍ തുടങ്ങി. ചോര വീണ് ചുവന്ന ചോറ് മര്‍ദ്ദിപ്പിച്ച് കഴിപ്പിച്ചു. സുകുമാരന്‍ ഭക്ഷിക്കുന്നതുകണ്ട പോലീസുകാര്‍ ആര്‍ത്ത് അട്ടഹസിച്ച് പ്രേതത്തെപ്പോലെ തുള്ളുവാന്‍ തുടങ്ങി…” വിറയല്‍ മാറാതെ ഇന്നും സുകുമാരന്‍ ചികിത്സയിലാണ്.
പത്താംക്ലാസ്സില്‍ പരീക്ഷ എഴുതാന്‍ തയ്യാറായി നില്ക്കുന്ന സഹോദരന് സത്യഗ്രഹത്തിന് പോകുവാന്‍ തയ്യാറായി. ഈ വിവരം അറിഞ്ഞ സുലോചന ആ കുട്ടിയെ തടഞ്ഞിട്ട് സത്യഗ്രഹത്തിന് പോയി അറസ്റ്റ് വരിച്ചു. ഇരുപത്തിയൊന്ന് ദിവസം ഡി ഐ ആര് നിയമ പ്രകാരം കോട്ടയം സബ് ജയിലില്‍ കിടന്നു. ഡോക്യുമെന്ററിയെടുക്കുന്ന വേളയില്‍ അവര്‍ പറഞ്ഞത് ഇപ്രകാരമാണ്. ”ജയിലില്‍ കിടന്നു എന്ന ഒറ്റക്കാരണം കൊണ്ട് വന്ന കല്യാണാലോചനകളെല്ലാം വിട്ടുപോയി” ഇരുപത്തിയൊന്നു വയസ്സുമുതല്‍ വര്‍ഷങ്ങള്‍ വിവാഹത്തിനായി കാത്തിരിക്കേണ്ടി വന്നു. നല്ലൊരു വിവാഹവും നടന്നില്ല… അവരും വടവാതൂര്കാരിയാണ്.
എറണാകുളത്തെ രാധാകൃഷ്ണഭട്ജിയുടെ പ്രതിഷേധപ്രസംഗത്തോടുള്ള പോലീസിന്റെ വൈരാഗ്യം തീര്‍ത്തത് അടിയന്തരാവസ്ഥയില്‍ അശോകപുരത്തുള്ള വേലായുധനോടാണ്. സത്യഗ്രഹികളുടെ കൂട്ടത്തില്‍നിന്നും വേലായുധനെ ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. തയ്യാറെടുത്തുനിന്ന പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. എടുത്തുനിര്‍ത്തി രണ്ട് പോലീസുകാര്‍ വേലായുധന്റെ വലതുകാല്വിരലിന്റെ നഖത്തില്‍ ലാത്തി കുത്തിനിര്‍ത്തി അമര്‍ത്തി. വേദനകൊണ്ട് വേലായുധന് അലറിവിളിച്ചു. പോലീസുകാര്‍ വാ പൊത്തിപ്പിടിച്ചു.
തള്ളവിരല്‍ ബഡ്ജ് ചെയ്ത് പൊട്ടിത്തെറിച്ചു. രക്തം ഭിത്തിവരെ ചീറ്റിത്തെറിച്ചുവീണു. ഇന്നും ശാസ്ത്രീയമായി പരിശോധിച്ചു നോക്കിയാല്‍ ആലുവ പോലീസ് സ്റ്റേഷന്റെ ഭിത്തിയില്‍ വേലായുധന്റെ രക്തത്തിന്റെ അംശം കണ്ടുകിട്ടാം. ആസ്ത്മ രോഗിയായിത്തീര്‍ന്ന വേലായുധന് ലിസ്സി ഹോസ്പിറ്റലില്‍ ഇന്നും ചികിത്സയിലാണ്.
വളരെക്കൂടുതല്‍ മര്‍ദ്ദനം നടന്നത് മലബാര്‍ ഭാഗത്താണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സത്യഗ്രഹികളെ പൊതുനിരത്തില്‍ വച്ചും, ലോക്കപ്പിലും കോണ്‍ഗ്രസ്, ലീഗ്, സിപിഐ നേതാക്കളുടെ മുന്‍പില്‍വച്ചും മര്‍ദ്ദിച്ചിട്ടുള്ളത്. അവരുടെ വീടുകളും പോലീസിനെക്കൊണ്ടും പാര്‍ട്ടിക്കാരെക്കൊണ്ടും ആക്രമിപ്പിച്ച് നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, പുകയിലക്കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, വനത്തില്‍ തേനെടുത്തു ജീവിയ്ക്കുന്ന വനവാസികള്‍-ഇവരില്‍ ഭൂരിപക്ഷം ജനതയും വര്‍ഷങ്ങളായി അടിമപ്പണിചെയ്യുന്നവരുമാണ്.
പണവും പോലീസും രാഷ്ട്രീയവും കൂടിച്ചേര്‍ന്നുള്ള ഭീകരനായാട്ടായിരുന്നു കാസര്‍കോട് ജില്ലയില്‍. അന്നത്തെ പോലീസ് സൂപ്രണ്ട് രാമന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ജില്ലയില്‍ സത്യഗ്രഹികളുടെ വീടുകള്‍ പൊളിച്ചുനീക്കുകയും ഉണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത് അന്നത്തേതിന്റെ ചെറിയ പതിപ്പുമാത്രമാണ്. അടിയന്തരാവസ്ഥക്കാലത്ത് സത്യഗ്രഹികളുടെ വീടുകളിലെ കിണറുകളില്‍ മണ്ണെണ്ണ, ടാര്‍ എന്നിവ ഒഴിച്ച് വെള്ളം കുടി നിര്‍ത്തിച്ചു.
കാരണം കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വീടുകളില്‍ വെള്ളത്തിനും പണത്തിനുമായി അഭയം പ്രാപിക്കുവാന്‍ വേണ്ടിയായിരുന്നു അത്. അതിനെയും ധീരന്മാരായ സത്യഗ്രഹികളും കുടുംബങ്ങളും അതിജീവിച്ചു. പുതിയ കിണര്‍ കുത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ചെയ്യിച്ച പോലീസ് ഉദ്യോഗസ്ഥന് രാമന് ആഭ്യന്തരമന്ത്രി കരുണാകരന്റെ വളര്‍ത്തുനായയെ പോലെയായിരുന്നു അന്ന് പെരുമാറിയിരുന്നത്.
കാസര്‍കോട്ടെ ഗണപതി ഇന്ന് വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകനാണ്. ശ്വാസതടസ്സത്തോടെ വിമ്മിഷ്ടപ്പെട്ടാണ് അദ്ദേഹം ഡോക്യുമെന്ററിക്ക് തയ്യാറായത്. ഗണപതി പറയുന്നു. ഭാര്യയും മക്കളും നിത്യേന എന്നോട് ചോദിയ്ക്കും ”കിട്ടിയതൊന്നും പോരേ, ഇനിയും നിര്‍ത്താറായില്ലേ”? കരഞ്ഞുകൊണ്ടാണ് ഗണപതി അനുഭവങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചത്.
കേരളത്തില്‍ പൊതുവേ കണ്ട ചില കാര്യങ്ങള്‍ ഞെട്ടിക്കുന്നതും, ഇന്നും പ്രസക്തമായതുമാണ്. ഈ പ്രശ്നത്തിനാണ് സര്‍ക്കാരുകളും, സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പരിഹാരം കാണേണ്ടതും. പെണ്മക്കളുടെ വിവാഹം മുടങ്ങിപ്പോയവര്‍, വിദ്യാഭ്യാസം മുടങ്ങി കൂലിപ്പണിക്ക് പോകേണ്ടി വന്നവര്‍, പണിയെടുത്തു ജീവിയ്ക്കാനുള്ള ആരോഗ്യം നഷ്ടപ്പെട്ടവര്‍, വീട് നശിച്ചവര്‍, മാറാരോഗങ്ങളാല്‍ കുടുംബത്തിന് ഭാരമായിത്തീര്‍ന്നവര്‍, ചികിത്സയ്ക്ക് പണമില്ലാത്തവര്‍, മനോരോഗങ്ങള്‍ പിടിപെട്ട് ഭ്രാന്തരായി അലയുന്നവര്‍, കിഡ്നി തകര്ന്നുകൊണ്ടിരിക്കുന്നവര്, ഡയാലിസിസ് ചെയ്ത് ജീവിതം വലിച്ചുനീട്ടുന്നവര്, വികലാംഗര്‍, ശ്രവണശക്തിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവര്‍, ചിലര്‍ ആരും അറിയാതെ മരിച്ച് ജഡം വീട്ടുമുറിയില്‍ ചീഞ്ഞുനാറി പുഴുവരിച്ച് കിടന്ന സംഭവങ്ങള്‍… ഇങ്ങനെ പോകുന്നു ഇപ്പോഴും കാര്യങ്ങള്‍.
ഇതിന്റെ നേരെയാണ് ചിത്രഗുപ്തന് വിരല്‍ ചൂണ്ടുന്നതും.
ബ്രിട്ടീഷ് ഭരണകാലത്ത് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവരെ പാര്‍പ്പിയ്ക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിര്‍മ്മിച്ചിരുന്ന കോരണ്ടയില് (തടവുകാരുടെ ഭാഷയില്‍ കൊരണ്ടി) മുറികള്‍ സ്വാതന്ത്ര്യത്തോടുകൂടി അടഞ്ഞ അധ്യായമായിത്തീര്‍ന്നു. പിന്നീട് അത് തുറക്കപ്പെട്ടത് അടിയന്തരാവസ്ഥക്കാലത്താണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 21 സത്യഗ്രഹികളെ കൊരണ്ടിയില്‍ അടച്ചു ശിക്ഷിച്ചു. അവരില്‍ പലരും ഇന്ന് മരിച്ചുകഴിഞ്ഞു. കൊരണ്ടിയില്‍ ഇടുന്നവരെ നഗ്നരാക്കി വരിവരിയായി നിര്‍ത്തിയിട്ടാണ് രാവിലെയും വൈകുന്നേരവും മര്‍ദ്ദിച്ചിരുന്നത്.
അതും ഭക്ഷണം കൊടുക്കുന്നതിന് മുമ്പ്. ഭക്ഷണം കൊടുക്കുന്നതോ മണ്‍ചട്ടിയിലും. ഈ ചട്ടിവേണം വെള്ളം കുടിക്കുവാനും ശൗചം ചെയ്യുവാന്‍ വെള്ളം മേടിക്കുവാനും ഉപയോഗിയ്ക്കേണ്ടത്. രാവിലെ മലമൂത്രവിസര്‍ജ്ജനത്തിന് കൊണ്ടുപോയിരുന്നത് വരിവരിയായിട്ടാണ്. വട്ടത്തില്‍ ഒരുമിച്ച് തുറസ്സായസ്ഥലത്ത് ഇരുത്തും. അവിടെവേണം വെളിയ്ക്കെറങ്ങുവാന്. വെള്ളത്തിനായി മുമ്പ് പറഞ്ഞ ചട്ടി കൈയില്‍ പിടിച്ചിരിയ്ക്കണം.
ബ്രിട്ടീഷുകാരുടെ കാലത്തുമാത്രം വൃത്തിയാക്കിക്കാണും ആ കൊരണ്ടികള്‍. പതിനൊന്നും, പത്തും വീതം തടവുകാരെ ഈ മുറികളില്‍ അടച്ചു. നാലടിപ്പൊക്കം മാത്രമുള്ള മുറികളില്‍ നിവര്ന്നുനില്ക്കുവാന് സാധ്യമല്ലെന്നു വിവരിയ്ക്കേണ്ടല്ലോ!. ചിതലും ചിലന്തിയും എലിപ്പൊത്തും പാമ്പും പഴുതാരയും പാറ്റയും തേളും മാത്രം ജീവിച്ചിരുന്ന മുറികള്‍. രാത്രി ഈ മുറികളില്‍ വെള്ളം കോരി ഒഴിയ്ക്കുകയും ചെയ്യും.
പി.വേലായുധന്
സംസ്കാരസമ്പന്നമെന്ന് അന്നും, ദൈവത്തിന്റെ നാടെന്ന് ഇന്നും പറയുന്ന കേരളത്തിലാണ് ഇവിടെ വിവരിച്ച പലതും നടന്നിട്ടുള്ളത്. അതിന്റെ തെളിവുകളില്‍ ചിലത് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കെ. എന്‍. രവീന്ദ്രനാഥ് കലാദര്‍പ്പണം, കുബേരന് തൃശ്ശൂര്‍, സുബ്രഹ്മണ്യന് മലപ്പുറം, കെ. പി. പത്മനാഭനും, കെ. പി. ശിവരാമനും പൂക്കോട്ടൂര്‍, മലപ്പുറം ഇവരൊക്കെ അവരില്‍ ചിലര്‍ മാത്രമാണ്.
പട്ടിപൂട്ട്
പത്മനാഭന്റെ കൊരണ്ടി അനുഭവവും, മര്‍ദ്ദനങ്ങളും അദ്ദേഹത്തിന്റെ മാനസികനില തെറ്റിച്ചു. ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുവന്നാണ് ഡോക്യുമെന്ററിക്ക് ക്യാമറയുടെ മുന്നില്‍ ഇരുത്തിയത്. സംസാരത്തിനിടയിലും അദ്ദേഹത്തിന്റെ സംഘബോധം തെളിഞ്ഞുവന്നു. ഞാനിതെല്ലാം ക്ഷമിച്ചത് ദേവറസ്ജി പറഞ്ഞതുകൊണ്ടാണ്. ”എല്ലാം മറക്കുകയും, പൊറുക്കുകയും ചെയ്യുക എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് മാത്രം”.
കൊളുത്ത്
അതെ, അതായിരുന്നല്ലോ, അടിയന്തരാവസ്ഥയെന്ന കിരാതകാലത്തെ മനസുകൊണ്ടും ശരീരംകൊണ്ടും ചെറുത്തു തോല്‍പ്പിച്ച മഹദ് പ്രസ്ഥാനമായ രാഷ്ട്രീയ സ്വയസേവക സംഘത്തെ അന്ന് നയിച്ച സര് സംഘചാലക് ബാല സാഹബ് ദേവറസ്ജിയുടെ ഇടിയുടെ മുഴക്കവും മിന്നലിന്റെ പ്രകാശവും പരത്തിയ വാക്കുകള്‍; മറക്കുക, പൊറുക്കുക.
ഉരുട്ടല്‍
നാല്പതുവര്ഷമായി കേരളത്തില്‍ ആസൂത്രിതമായി ചിലര്‍ തമസ്ക്കരിച്ച, തമസ്ക്കരിയ്ക്കുന്ന സംഭവങ്ങളാണ് ഡോക്യുമെന്ററിയിലൂടെ തെളിഞ്ഞത്. ആയിരങ്ങളുടെ ദുരവസ്ഥയാണ് ഇനിയും പകര്‍ത്തേണ്ടത്. സാമ്പത്തിക ഭാരത്താല്‍ അത് തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. വീണ്ടും തുടങ്ങണമെങ്കില്‍ മാനസം കല്ലുകൊണ്ടല്ലാത്തവര് സഹകരിയ്ക്കുകയും സഹായിക്കുകയും ചെയ്യണം.
പുറത്തുവരേണ്ട അനേകം സംഭവങ്ങളുണ്ട്. അവ ചരിത്രമാണ്. നാളെയുടെ മൂല്യവത്തായ സമ്പത്താണ്. ആ ചരിത്രം ഭാവി തലമുറയ്ക്ക് പാഠമായി ഉപകരിയ്ക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: