ചാലക്കുടി: കൊരട്ടി ചുനക്കരയില്‍ അനധികൃത കുളങ്ങള്‍ നിര്‍മ്മിക്കുന്നതായി പരാതി. അപൂര്‍വമായി കാണപ്പെടുന്ന നീരുറവയുടെ അടുത്താണ് അനുമതിയില്ലാതെ മത്സ്യ കൃഷിയുടെ പേരില്‍ മൂന്നോളം വലിയ കുളങ്ങള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ നീരുറവയുടെ വെള്ളത്തിന്റെ ഗുണനിലവാരം ഉപയോഗിച്ച് കുപ്പിവെള്ള നിര്‍മ്മാണത്തിന്റെ യൂണിറ്റാരംഭിക്കുവാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുളത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്തും, കൃഷിഭവനും കുളത്തിന്റെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. അനധികൃതമായി കുത്തിയ കുളങ്ങള്‍ നികത്തി പാടശേഖരം പൂര്‍വ സ്ഥിതിയിലാക്കുന്നതിനാവശ്യമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ നെല്‍വയല്‍ സംരക്ഷണ നിയമം പ്രാവര്‍ത്തികമാക്കണം. എപ്പോഴും ഒഴുകുന്ന അപൂര്‍വ്വ നീരുറവയായ ചുനക്കര തോട് കിലോമീറ്ററുകള്‍ ഒഴുകി കൊരട്ടിച്ചാല്‍ വഴി ചാലക്കുടി പുഴയിലാണ് എത്തുന്നത്. ഇതിലെ ശുദ്ധമായ ജലം പ്രയോജനപ്പെടുത്തി നേരത്തെ കുപ്പി വെള്ള നിര്‍മ്മാണത്തിന് ശ്രമം നടത്തിയിരുന്നെങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. തോട് നവീകരിക്കാതായതോടെ തടസ്സപ്പെട്ട നിരൊഴുക്ക് പാടത്തേക്ക് വ്യാപിച്ചതിനാല്‍ ഒരു വര്‍ഷമായി ഇവിടെ കൃഷി മുടങ്ങിയിരുന്നു.ഇത് മുതലെടുത്താണ് ചില സ്വകാര്യ വ്യക്തികള്‍ സ്വാധീനം ഉപയോഗിച്ച് കുളം നിര്‍മ്മാണവുമായി രംഗത്ത് വന്നിരിക്കുന്നത്. തോട് വൃത്തിയാക്കി പടാശേഖരത്തിലെ വെള്ളകെട്ട് ഒഴിവാക്കി ചുനക്കര പാടത്തെ കൃഷിയിലേക്ക് തിരിച്ച് കൊണ്ട് വരണമെന്നാണ് നാട്ടൂകാര്‍ ആവശ്യപ്പെടുന്നത്. ഇതിനായി കൃഷി, റവന്യു വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതികള്‍ നല്കുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: