തൃശൂര്‍: ജില്ലാവിദ്യാഭ്യാസ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നീ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ അധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും അവതാളത്തിലായിരിക്കുകയാണെന്ന് പരാതി. അദ്ധ്യയന വര്‍ഷം ആരംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും ഇവരുടെ നിയമനം നടക്കാത്തതിനാല്‍ സ്ഥലംമാറ്റ ഉത്തരവ്പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ പലവിദ്യാലയങ്ങളിലും അധ്യാപകരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്താന്‍പോലും ആളില്ലാത്ത അവസ്ഥയാണ് ജില്ലയില്‍. ഇതിനാല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാകെ താളംതെറ്റിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നതില്‍ ജില്ലയിലുള്ള വിദ്യാഭ്യാസ മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് കെപിഎസ്ടിഎ ജില്ലാകമ്മിറ്റി ഓര്‍മ്മിപ്പിച്ചു.
എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ പുനര്‍വിന്യാസം വൈകുന്നതിനാല്‍ കഴിഞ്ഞമാസം മുതല്‍ നൂറുകണക്കിന് അധ്യാപകര്‍ക്ക് ശമ്പളവും ലഭിക്കുന്നില്ല. 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് പോലും ശമ്പളം കിട്ടാത്ത അവസ്ഥയാണുള്ളത്. അധ്യാപകരുടെ ശമ്പളം തടയില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി മാറിയിരിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഇ.കെ.സോമന് അദ്ധ്യക്ഷത വഹിച്ചു.ഐ.മുഹമ്മദ്, എ.എം.ജെയ്സണ്‍, സി.എസ്.മധുസൂദനന്, എ.ആനന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: