തിരുവില്വാമല: തുരുമ്പെടുത്ത് നോക്കുകുത്തിയായി നില്ക്കുന്ന സ്വകാര്യബസ്സ് വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. തിരുവില്വാമല കുത്താമ്പുളളി റോഡരികിലാണ് കഴിഞ്ഞ പത്തുവര്‍ഷമായി ബസ്സ് തുരുമ്പെടുത്ത് നില്‍ക്കുന്നത്. ഒരു കേസ്സില്‍ പെട്ടതിനാലാണ് ബസ്സ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നിര്‍ത്തിയിട്ടത്. ഇതിന്റെ ഉടമയാകട്ടെ വീട് വിറ്റ് പോയി വര്‍ഷങ്ങളായി. ബസ്സ് സ്ഥലത്തുനിന്ന് മാറ്റുന്നതിനുള്ള യാതൊരു സംവിധാനങ്ങളും ഇതുവരെയും ഉണ്ടായിട്ടില്ല. അടുത്തകാലത്തായാണ് ഇത് അപകടകാരിയായി മാറിയത്. തുരുമ്പെടുത്ത ബസ്സിന് പിന്നിലൂടെയാണ് പഴശ്ശിരാജ സ്കൂളിലേക്കുള്ള നൂറുകണക്കിന് കുട്ടികള്‍ പോകുന്നത്. സ്കൂളില്‍ നിന്നും പുറത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഈ ബസ്സ് മൂലം തിരുവില്വാമല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ കാണാനാകുന്നില്ലെന്ന പരാതിയുമുണ്ട്. മാത്രമല്ല ബസ്സിന്റെ സമീപത്തായാണ് ട്രാന്‍സ്ഫോര്‍മറും ഉളളത്. ഇരിചക്രവാഹനങ്ങളില് കുട്ടികളെ ഇവിടെ ഇറക്കിവിടുന്നതിനാല് ബസ്സിന്റെ തടസ്സം മൂലം മറ്റുവാഹനങ്ങളെ കാണാനാകുന്നില്ലെന്നും അവര്‍ക്ക് പരാതിയുണ്ട്. അതിനാല്‍ ബസ്സ് ഇവിടെ നിന്നും മാറ്റണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: