രാമന്‍ ശൈവചാപം മുറിച്ച് വിവാഹപരീക്ഷണത്തില്‍ വിജയിച്ചതിനുശേഷം യഥാസമയം അയോധ്യയില്‍ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് ശ്രീരാമചന്ദ്രന്റെയും സീതാദേവിയുടേയും വിവാഹ മുഹൂര്‍ത്തം നല്ല സമയം നോക്കി നിശ്ചയിച്ചു. വിവാഹദിനമടുത്തു. ഇക്കാര്യമറിഞ്ഞ ദേവകള്‍ അസ്വസ്ഥരായി. വിവാഹം ശുഭമുഹൂര്‍ത്തത്തില്‍ നടന്നാല്‍ വനവാസയോഗമോ, രാമസീതാ വേര്‍പാടോ, രാവണവധമോ നടക്കില്ല.
ഇതിനു എന്താണൊരു പോംവഴിയെന്നു ദേവകള്‍ കൂട്ടംകൂടി ആലോചിച്ചു. ഒടുവില്‍ അവര്‍ക്കൊരു ഉപായം തോന്നി. വിവാഹമുഹൂര്‍ത്തം തെറ്റിക്കുക. അതിന്റെ ചുമതലക്കാരനായി ചന്ദ്രദേവനെ തീരുമാനിക്കുകയും ചെയ്തു.
വിവാഹദിനം ചന്ദ്രദേവന്‍ അതിമനോഹരിയായൊരു യുവതിയുടെ വേഷം ധരിച്ച് മിഥിലാപുരിയിലെത്തി.
വിവാഹമുഹൂര്‍ത്തത്തിനു തൊട്ടുമുമ്പ് യുവതീ വേഷധാരിയായ ചന്ദ്രദേവന്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. സകലരേയും മോഹിപ്പിക്കുന്ന രീതിയിലായിരുന്നു ചന്ദ്രന്റെ നൃത്തപാടവം. നൃത്തം തീരുന്നതുവരെ ആരും സമയത്തെക്കുറിച്ചു ബോധവാന്മാരായില്ല.
മുഹൂര്‍ത്തസമയം കഴിഞ്ഞു എന്നു മനസ്സിലാക്കിയ ചന്ദ്രദേവന്‍ തന്റെ നൃത്തം നിര്‍ത്തി.
ഒടുവില്‍ ശുഭമുഹൂര്‍ത്തം കഴിഞ്ഞതിനുശേഷമാണ് വിവാഹം നടന്നത്. അതുകൊണ്ടാണത്രെ ശ്രീരാമനു തന്റെ അവതാരകൃത്യം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞത്.
(തുടരും)
















