കല്‍പ്പറ്റ : വനവാസി വനാവകാശ നിയമത്തിന്റെ മറവില്‍ വനം കൈയേറ്റം നടത്തുന്ന സബ് കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസികള്‍ക്ക് വനാവകാശം നല്‍കാനെന്ന പേരില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചും, വ്യവസ്ഥകള്‍ പാലിക്കാതെയും പരിശോധനകള്നടത്താതെയും ചെതലയം ഫോറസ്റ്റ്റെയിഞ്ചിലെ നെയ്ക്കുപ്പയിലും ചങ്ങലമൂലക്കൊല്ലിയിലും കാട് വെട്ടിതെളിയിച്ച സര്വ്വേസംഘത്തിനും ട്രൈബല്‍ ഉദേ്യാഗസ്ഥര്‍ക്കും, നേതൃത്വം നല്കിയ സബ്ബ്കളക്ടര്‍ക്കെതിരെ 1961-ലെ കേരള ഫോറസ്റ്റ്ആക്ടിലെ സെക്ഷന്‍ 27പ്രകാരം കേസ്സെടുത്ത് അറസ്റ്റ് ചെയ്യണം. വയനാട്ടിലെ അവശേഷിക്കുന്ന കാടുകളുടെ സര്‍വ്വനാശത്തിനിടയാക്കുന്ന സര്‍വ്വേ സംഘങ്ങളെ പിന്‍വലിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണസമിതി. നഗ്നമായ വനം കൈയ്യേറ്റത്തിനെതിരെ സത്വര നടപടികള്‍ ഉണ്ടാകാത്ത പക്ഷം കോടതിയെ സമീപിക്കുമെന്ന് വനം- വന്യജീവി – പ്രിന്സ്സിപ്പിള് സെക്രട്ടറി, പ്രിന്‍സിപ്പള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ എന്നിവര്‍ക്ക് അയച്ച കത്തില്‍ സമിതി വ്യക്തമാക്കിയിട്ടുണ്ട്.
2005 ഡിസംബര്‍ മാസം 13-ാം തിയ്യതി വനത്തിനകത്ത് താമസക്കാരും മറ്റവകാശങ്ങള്‍ ഉള്ളവരുമായ ആദിവാസികള്‍ക്കും 75 വര്‍ഷം ദീര്‍ഘമുള്ള മൂന്നുതലമുറകള്‍ കൈവശം വച്ചുവരുന്ന പരമ്പരാഗത സമൂഹങ്ങള്‍ക്കും മാത്രമേ വനാവകാശ നിയമം ബാധമാകൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. അതല്ലാതെ കാടിനു പുറത്തു താമസിക്കുന്ന ഭൂരഹിതരായ ആദിവാസികള്‍ക്കും മറ്റ് ഭൂമി ലഭ്യമാക്കാനുള്ള നിയമമല്ല ഇത്. വയനാട്ടിലെ വിവിധ വനം ഡിവിഷനുകളില്‍ അര്‍ഹതപ്പെട്ട ആയിരക്കണക്കിന് പേര്‍ക്ക് ഇത്തരത്തില്‍ വനാവകാശം നല്‍കിയിട്ടുണ്ട്. വനത്തിന് പുറത്ത് താമസിക്കുന്നവരും ഒരു വിധത്തിലും വനത്തെ ആശ്രയിക്കാത്തവരുമായ വയനാട്ടില്‍ ഉടനീളമുള്ള ആദിവാസികളില്‍ നിന്നും ട്രൈബല്‍ വളണ്ടിയര്‍ മുഖേന അപേക്ഷകള്‍ എഴുതിവാങ്ങി കാടുകള്‍ക്കുള്ളില്‍ കുടിയിരുത്താനുള്ള മാനന്തവാടി സബ്ബ് കലക്ടറുടെ നീക്കം കടുത്ത നിയമലംഘനമാണ്. ഇതവസാനിപ്പിക്കണം.
നെയ്ക്കുപ്പ പണിയസെറ്റില്മെന്റിലെ 26 അപേക്ഷകര്‍ക്കായി 35 ഏക്കര്‍ വനഭൂമിയാണ് സര്‍വ്വേ നടത്തിയത്. അപേക്ഷകര്‍ ഒരു കാലത്തും ഈ വനഭൂമിയില്‍ താമസിക്കുകയോ കൈവശം വെക്കുകയോ കൃഷി ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇട തൂര്‍ന്നതും നിബിഡവും, ജൈവവൈവിധ്യമുള്ളവയുമായ ഈ കാട് ആനയടക്കമുള്ള വന്യജീവികളുടെ സുരക്ഷിത ആവാസ വ്യവസ്ഥയാണ്. ഈ കാടിനുണ്ടാകുന്ന നാശം ഇപ്പോള്‍ രൂക്ഷമായിട്ടുള്ള സമീപ ഗ്രാമങ്ങളിലെ മനുഷ്യ-വന്യജീവിസംഘര്‍ഷം വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കും.
നെയ്ക്കുപ്പയിലെ 26 അപേക്ഷകരില്‍ 16 പേര്‍ക്ക് ആറളത്ത് സര്‍ക്കാര്‍ ഭൂമിയും വീടും നല്‍കിയിട്ടുണ്ട്. ഇവര്‍ വനാതിര്‍ത്തിയില്‍ നിന്നും 300 മീറ്ററെങ്കിലും അകലത്താണ് താമസിക്കുന്നത് ഭൂ ഉടമയായിരുന്ന കുപ്പന്ചെട്ടിയുടെയും ആയാളുടെ മരണശേഷം അനന്തിരവന് പെരുമാള്‍ ചെട്ടിയുടെയും മക്കളുടെയും അടിമത്തൊഴിലാളികളും പിന്നീട് കര്‍ഷക തൊഴിലാളികളും ആയിരുന്നു ഇവര്‍. മുന്‍പു രണ്ടു തവണ താമസം മാറ്റിയ ആദിവാസികളെ 1971-ലെ ഭൂപരിഷ്ക്കരണ നിയമത്തെ തുടര്‍ന്ന് വനാതിര്‍ത്തിയിലുളള നരസിപ്പുഴയുടെ പുറമ്പോക്കില്‍ തള്ളുകയായിരുന്നു. നരകതുല്യ ജീവിതം നയിക്കുന്ന ഇവര്‍ ആറളത്ത് താമസിക്കുവാന്‍ വിമുഖരാണ്. ഇവരെ സര്‍ക്കാര്‍ ഭൂമി വിലക്കുവാങ്ങി പുനരധിവസിപ്പിക്കുകയാണ് വേണ്ടത്.
ചങ്ങലമൂലക്കൊല്ലിയിലെ 20 കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്ക് 2009-ല്‍ വനാവകാശം നല്‍കിയതാണ്. മുന്‍പ് വനാവകാശം ലഭിച്ചവരും പിന്നീട് പ്രായപൂര്‍ത്തിയായ മക്കളും പെണ്മക്കളുടെ ഭര്ത്താക്കന്മാരും മറ്റിടങ്ങളില്‍ നിന്ന് വന്ന് താമസിക്കുന്നവരുമാണ് ഇവിടുത്തെ അപേക്ഷകര്‍. ഇവിടെയും നിബിഡവും ഇടതൂര്‍ന്നതുമായ വനഭൂമിയിലാണ് മരത്തൈകളും അടിക്കാടും വെട്ടിമാറ്റി സര്‍വ്വേ നടത്തിയത്.
വനാവകാശത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടത് ഫോറസ്റ്റ് റൈറ്റ്കമ്മറ്റികളാണ്. പരിശോധനനടത്തി അംഗീകരിച്ച അപേക്ഷകള്‍ സബ്ബ്കലക്ടര്‍ ചെയര്‍മാനും, ഫോറസ്റ്റ് റേയിഞ്ച് ഓഫീസര്‍ അംഗവുമായ സബ്ബ് ഡിവിഷന് കമ്മറ്റി അംഗീകരിക്കേണ്ടതുണ്ട്. അപേക്ഷകര്‍ തങ്ങളുടെ വ്യക്തിഗത അവകാശങ്ങള്‍ തെളിയിക്കണം. സബ്ബ് ഡിവിഷന് കമ്മറ്റിയുടെ അംഗീകാരത്തിനു ശേഷം മാത്രമേ ഭൂമി അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കാനാണ് വ്യവസ്ഥ.
സബ്ബ് ഡിവിഷന് കമ്മറ്റിയുടെ തീരുമാനത്തില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ഡിസ്ട്രിക്റ്റ് ലെവല്‍ കമ്മറ്റിയിലും അതിനുമേല്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ കമ്മറ്റിയിലും അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. സബ്ബ് ഡിവിഷന് കമ്മറ്റിയെ നോക്കുകുത്തിയാക്കി മാനന്തവാടി സബ്ബ് കലക്ടര്‍ ഏകപക്ഷീയമായി തീരുമാനമെടുത്ത് വനം വകുപ്പിന്റെ രേഖാമൂലമുള്ള അനുവാദമില്ലാതെ റിസര്‍വ്വ്വനത്തില്‍ കടന്നു കയറി മരത്തൈകളും, അടിക്കാടും വെട്ടിമാറ്റിയത് നിയമലംഘനമാണ്.
ഭൂരഹിതരായ ആദിവാസികള്‍ക്ക് അവരിപ്പോള്‍ താമസിച്ചു വരുന്ന ഗ്രാമങ്ങളില്‍ യുക്തമായ ഭൂമി വിലക്കുവാങ്ങി നല്‍കുകയോ, സ്വകാര്യ തോട്ടമുടമകള്‍ നിയമവിരുദ്ധമായി കൈവശം വച്ചുവരുന്ന പതിനായിരക്കണക്കിനേക്കര്‍ ഭൂമി വീണ്ടെടുത്ത് പതിച്ചു നല്‍കുകയോ ചെയ്യണമെന്നും പ്രകൃതിസംരക്ഷണ സമിതി പറഞ്ഞു. ആദിവാസികള്‍ക്ക് നാളിതുവരെ നല്കിയ ഭൂമി ഇപ്പോള്‍ എത്രപേരുടെ കൈവശത്തില്‍ ഉണ്ട് എന്ന് അന്വേഷിക്കണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി പസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: