വിഷയം റൊട്ടിയുടെ രുചിയാണ്: നാവില്‍ ബണ്ണിന്റെ മധുരമാണ്. പക്ഷെ ഇവ വാരിവലിച്ച് കഴിക്കുന്നതിന് മുമ്പ് രണ്ട് കൂട്ടുകാരെക്കൂടി നമുക്ക് പരിചയപ്പെടാനുണ്ട്. ആദ്യത്തെയാള്‍ പൊട്ടാസ്യം ബ്രോമേറ്റ്. രണ്ടാമന് പൊട്ടാസ്യം അയഡേറ്റ്. രണ്ടുപേരും അസാരം വിഷവീര്യമുള്ളവര്. കാന്‍സര്‍ ഉണ്ടാക്കാന്‍ മിടുക്കനെന്ന് ലോകാരോഗ്യസംഘടന സര്‍ട്ടിഫിക്കറ്റ് നല്‍കിയയാളാണ് ആദ്യത്തേത്. രണ്ടാമന് തൈറോയിഡിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്നവന്. ഇവര്‍ രണ്ടുപേരും ആഹാരത്തില്‍ കടന്നാല്‍ അപകടമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
റൊട്ടിയിലും ബണ്ണിലും പിസയിലും ബര്ഗറിലുമൊക്കെ ഈ രണ്ട് രാസവിഷങ്ങളും കണ്ടെത്തിയതായി ദല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് നടത്തിയ വെളിപ്പെടുത്തല്‍ ആഹാരപ്രിയരെ ഞെട്ടിക്കുകതന്നെ ചെയ്തു. വെള്ളറൊട്ടി, ആട്ടാ റൊട്ടി, മസാല റൊട്ടി, സാന്‍ഡ് വിച്ച് റൊട്ടി, ബണ്‍, പാവ് ബര്‍ഗര്‍ റൊട്ടി, പിസാബ്രെഡ് തുടങ്ങി 38 തരം സാമ്പിളുകള്‍ സംഭരിച്ചുനടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തല്‍.
വന്‍ കമ്പനികളുടെ ബ്രാന്‍ഡുകളും ഇതില്‍ നിന്ന് മുക്തരല്ലത്രെ.
ശാപ്പാടുരാമന്മാര്ക്ക് ഏറെ പ്രിയങ്കരമായ ദല്‍ഹിയിലെ ഏഴ് ഫാസ്റ്റ് ഫുഡ് ജോയിന്റുകളില്‍ വിതരണം ചെയ്ത പിസയിലും ബര്‍ഗറിലും വരെ കണ്ടെത്തി പൊട്ടാസ്യത്തിന്റെ ബ്രോമേറ്റിന്റേയും അയഡേറ്റിന്റേയും സാന്നിധ്യം. അത്യാധുനിക സ്പെക്ട്രോമീറ്ററുകളും അയോണ്‍ ക്രോമാറ്റോഗ്രാഫും കണ്ടക്ടിവിറ്റി ഡിറ്റക്ടറുമൊക്കെ ഉപയോഗിച്ച് പലകുറി ആവര്‍ത്തിച്ച പരീക്ഷണത്തിന്റെ ഫലം നിത്യേന റൊട്ടി ഭക്ഷിക്കുന്ന ന്യൂജെന്‍ യുവാക്കളെയും ഞെട്ടിച്ചു. പരിശോധിച്ചതില്‍ 84 ശതമാനത്തിലുമുണ്ടായിരുന്നു ഈ രാസവസ്തുക്കള്‍.
നാട്ടിലെ നിയമപ്രകാരം ബ്രോമേറ്റും അയഡേറ്റും ഭക്ഷണത്തില്‍ കലരുന്നത് വലിയ കുറ്റമല്ല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡി(ബിസ്)ന്റെ നയമനുസരിച്ച് രണ്ട് രാസവസ്തുക്കളും 50 പിപിഎം(ദശലക്ഷത്തിലൊരംശം)വരെ അനുവദനീയമാണ്. 1992 ല്‍ ഭക്ഷ്യസംഘടനയും ലോകാരോഗ്യ സംഘടനും ഇവയ്ക്ക വിലക്ക് കല്‍പ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തതാണ്. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്, ബ്രിട്ടണ്, കാനഡ, ആസ്ട്രേലിയ, ന്യൂസിലന്റ് തുടങ്ങി ചൈനയും ശ്രീലങ്കയും വരെ ഭക്ഷ്യവസ്തുക്കളില്‍ ഇവയ്ക്ക് നിരോധനമേര്‍പ്പെടുത്തി. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്വയോണ്മെന്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടി ആരംഭിച്ചുകഴിഞ്ഞുവെന്നും വാര്‍ത്ത.
സര്‍വേയില്‍ ബ്രോമേറ്റിന്റേയും അയഡേറ്റിന്റേയും സാന്നിധ്യം ഏറ്റവുമധികം കണ്ടെത്തിയത് സാന്ഡ്വിച്ച് ബ്രെഡിലാണത്രെ. പാവ്, ബണ്‍, വെള്ള റൊട്ടി എന്നിവ തൊട്ടുപിന്നില്‍. ബഹുരാഷ്ട്ര കമ്പനികളുടെ ബ്രാന്‍ഡുകള്‍ പോലും സുരക്ഷിത പരിധിയിലായിരുന്നില്ല. ഒരു ബ്രാന്‍ഡ് മാത്രം തങ്ങളുടെ ലേബലില്‍ ഈ രാസവസ്തുക്കളുടെ സാന്നിധ്യം സദയം രേഖപ്പെടുത്തി.
റൊട്ടിയ്ക്ക് മാവ് തയ്യാറാക്കുമ്പോഴാണ് ഇവ ചേര്‍ക്കപ്പെടുന്നത്.
പൊട്ടാസ്യം ബ്രോമേറ്റ് കിഡ്നിയിലും തൈറോയിഡിലും കുടല് പ്രതലത്തിലും ട്യൂമറുണ്ടാക്കാന് കരുത്തുറ്റ രാസവസ്തുവാണെന്ന ഒരു നിരീക്ഷണം കൂടി നമുക്കിവിടെ കൂട്ടിച്ചേര്‍ക്കാം. അത് പരിഗണിച്ചാണ് 1999 ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍(ഐഎആര്‍സി) പൊട്ടാസ്യം ബ്രോമേറ്റിനെ കാന്സര്കാരികളുടെ പട്ടികയില്‍ പെടുത്തിയത്.
പക്ഷെ, ഭയക്കാന്‍ വരട്ടെ. പഠനവും ഗവേഷണവുമൊക്കെ നടത്തിയത് അങ്ങ് ദല്‍ഹിയിലാണ്. ഇവിടെ എല്ലാം ഭദ്രമെന്ന് സമാധാനിച്ചിരിക്കാം-തത്കാലത്തേക്കെങ്കിലും!
വൈകിക്കിട്ടിയ വാര്‍ത്ത; റൊട്ടിയിലെ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗം ഭാരത സര്‍ക്കാര്‍ നിരോധിച്ചു(210616). പൊട്ടാസ്യം അയഡേറ്റിന്റെ ഭാവിയെ സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: