റ്റില്ചിറ്റൂര്: തമിഴ്നാട്ടില്‍ നിന്ന് കടത്തുന്ന റേഷനരി ബ്രാന്റഡ് അരിയായി മാര്‍ക്കറ്റില്‍. തമിഴ്നാട്ടിലെ സൗജന്യ റേഷനരി അതിര്‍ത്തി കടത്തി പോളിഷ് ചെയ്ത് ബ്രാന്റ് ചെയത് വില്‍ക്കുന്ന സംഘം സജീവമാണ്. അധികൃതരെ വെട്ടിച്ചു കേരളത്തിലെത്തിച്ചാല്‍ ഒരു ചാക്ക് അരിക്ക് 225 രൂപയാണ് ലഭിക്കുക. ഇതു ബ്രാന്‍ഡ് ചെയ്ത ചാക്കുകളിലാക്കി മാറ്റി വില്പന നടത്തുന്നത് 2250 മുതല്‍ 2600 രൂപക്കാണ്.
കേരളത്തിലേക്കു ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ റേഷനരി കഴിഞ്ഞദിവസം പോലീസ് പിടികൂടി. ആനമല സ്വദേശിയായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ മില്ലിലേക്കാണ് അരി കൊണ്ടുപോകുന്നതെന്നും ആനമലയിലെ റേഷന്‍ കടയില്‍ നിന്നാണു കടത്തിയതെന്നും ഡ്രൈവര്‍ മൊഴി നല്കി.
തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു ശേഖരിക്കുന്ന അരി മീനാക്ഷിപുരത്തു ശേഖരിച്ചു കൊടുവായൂരിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് ബ്രാന്‍ഡ് ചാക്കുകളിലാക്കി മറിച്ച് വില്പന നടത്തുന്നത്.എന്നാല്‍ അരികടത്ത് വ്യാപകമാകുമ്പോഴും പിടികൂടാന്‍ വാഹനമില്ലാതെ സിവില്‍ സപ്ലൈസ് അധികൃതര്‍. തമിഴ്നാട്ടില്‍ റേഷന്‍ കടകളിലൂടെ വിതരണത്തിനെത്തുന്ന റേഷനരി തമിഴ്നാട്ടിലെ ജനങ്ങള്‍ ഉപയോഗിക്കാതെ ഇടനിലക്കാര്‍ക്കു മറിച്ചു വില്‍ക്കുകയാണ്. കനം കൂടിയതും അധിക വേവും ഉള്ളതുമായതിനാല്‍ ഗുണ്ട് റൈസ് എന്ന വിളിപേരുള്ള റേഷനരി പലരും ഉപയോഗിക്കുന്നില്ല. പകരം പൊന്നി, കോയമ്പത്തൂര്‍ 51, എഡിജിആര് 45, ജീരക ചമ്പ തുടങ്ങിയ ഇനം അരിയാണ് ഉപയോഗിക്കുന്നത്. ഇത്തരം അരിക്കു കിലോക്ക് 45 മുതല്‍ 55 രൂപവരെ വിലയുണ്ട്. റേഷനരി കുറഞ്ഞ വിലയ്ക്ക് ശേഖരിച്ചാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.
റേഷനരി കിലോയ്ക്ക് മൂന്നു മുതല്‍ അഞ്ചു വരെ രൂപയ്ക്കാണ് കാര്‍ഡുടമകള്‍ ഇടനിലക്കാര്‍ക്കു നല്‍കുന്നത്. ആനമല, കോട്ടൂര്‍, വേട്ടക്കാരന് പുതൂര്‍, പൊള്ളാച്ചി, നടുപ്പതി എന്നീ ഭാഗങ്ങളില്‍ നിന്നു ശേഖരിക്കുന്ന റേഷന്‍ അരി മീനാക്ഷിപുരം അതിര്‍ത്തിയില്‍ ചെറുവാഹനങ്ങളിലെത്തിച്ചു ശേഖരിച്ചു വയ്ക്കുകയാണ്. തമിഴ്നാട്ടില്‍ അരികടത്ത് തടയാന്‍ കര്‍ശന നിയമവും, സിവില്‍ സപ്ലൈസ് സ്ക്വാഡും ഭക്ഷ്യവകുപ്പിന്റ പ്രത്യേക സെല്ലും ഉണ്ടെങ്കിലും ഇവരെ വെട്ടിച്ചും മാമൂല് നല്‍കിയുമാണ് അരികടത്ത്.പിടികൂടിയാല്‍ ഗുണ്ടാ ആക്ട് പ്രകാരമാണ് തമിഴ്നാട്ടില്‍ കേസെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: