Categories: Malappuram

ഡിഫ്തീരിയ; ഭീതിയൊഴിയാതെ ജനങ്ങള്‍

Published by

മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ സ്ഥിതീകരിക്കുകയും രണ്ടുപേര്‍ മരിക്കയും ചെയ്തതോടെ ജനങ്ങള്‍ ഭീതിയിലാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ആശങ്ക മാറുന്നില്ല. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്.

ഇന്നലെ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുളിക്കല്‍ എ.എം.എം.എച്ച്. സ്‌കൂളിലെ 57 വിദ്യാര്‍ത്ഥികള്‍ക്കും 25 അധ്യാപകര്‍ക്കും ടിഡി വാക്‌സിന്‍ നല്‍കി. പുളിക്കല്‍ അന്തിയൂര്‍കുന്നില്‍ പനി ക്ലിനിക്കും ബോധവത്ക്കരണ ക്ലാസും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. പനി ക്ലിനിക്കില്‍ പങ്കെടുത്തവര്‍ക്ക് പ്രത്യേക ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ല. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. സുരേഷ് ബാബു, ഡോ. അനിതമ്മ ചെറിയാന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന അധ്യാപക-രക്ഷാകര്‍തൃ സമിതി ജനറല്‍ ബോഡി യോഗത്തില്‍ വിപുലമായ ബോധവത്കരണ പരിപാടി ആവിഷ്‌ക്കരിക്കും. മുഴുവന്‍ രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

ഒരു ഇടവേളക്ക് ശേഷമാണ് ജില്ലയില്‍ ഡിഫ്തീരിയ പടര്‍ന്ന് പിടിക്കുന്നത്. ഡിഫ്തീരിയ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന പുളിക്കല്‍ സ്വദേശി മുഹമ്മദ് അഫ്‌സാഖ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നേരത്തെ താനൂര്‍ സ്വദേശിയായ മുഹമ്മദ് അമീന്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച് രണ്ട് പേര്‍ മരിച്ചു. അന്ന് ഇരുപതോളം പേരിലാണ് ഡിഫ്തീരിയ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഒരു അനുഭവം ഉണ്ടായിട്ടും ആരോഗ്യവകുപ്പ് വേണ്ട വിധത്തില്‍ ഇടപെടാത്തതാണ് വീണ്ടും രോഗം പടരാന്‍ കാരണമെന്ന് ആരോപണമുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാത്രമാണ് ജില്ലയില്‍ നടക്കുന്നതെന്നും ഇതൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

എന്നാല്‍ പ്രതിരോധ കുത്തിവെപ്പുകളോട് ഒരു വിഭാഗം ജനങ്ങള്‍ സഹകരിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പരാതി. മതവിശ്വാസത്തിന് കുത്തിവെപ്പുകള്‍ എതിരാണെന്ന് ചില സംഘടനകള്‍ നടത്തുന്ന പ്രചരണങ്ങളില്‍പ്പെട്ട് ഒരുവിഭാഗം മാറി നില്‍ക്കുന്നു. പ്രതിരോധ വാക്‌സിനുകള്‍ ആരോഗ്യത്തിന് ദോഷമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ജനങ്ങളെ ഭീതിപ്പെടുത്തി മനപൂര്‍വ്വം പ്രതിരോധ കുത്തിവെപ്പുകളില്‍ നിന്നും അകറ്റുകയാണ്.

രോഗം പടരുന്ന സാഹചര്യത്തില്‍ എതിര്‍പ്പുകളെ വകവെക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കുത്തിവെപ്പെടുക്കാത്ത മുഴുവന്‍ കുട്ടിള്‍ക്കും പ്രതിരോധവാക്‌സിന്‍ നല്‍കുന്നതിനായി ശ്രമം നടത്തുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts