ഇരിങ്ങാലക്കുട:വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന കടലായി പ്രദേശത്ത് എടപ്പിള്ളി ഇസ്മയില്‍ എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ സംസ്കരണകേന്ദ്രത്തില്‍ നിന്നുള്ള ചെമ്മീന്‍ മാലിന്യങ്ങള്‍ കടലായി പുഴയിലേക്ക് തള്ളുന്നതായി നാട്ടുകാരുടെ പരാതി. പുഴമീന്‍ വില്‍പ്പന കേന്ദ്രത്തിന്റെ മറവിലാണ് മുനമ്പത്തുനിന്നും മൂന്നാംതരം ഗുണനിലവാരമുള്ള ടണ്‍കണക്കിന് ചെമ്മീന്‍ കൊണ്ടുവന്ന് സംസ്കരണം നടത്തുന്നത്.
30 ഓളം സ്ത്രീകള്‍ ഈ അനധികൃത ചെമ്മീന്‍ സംസ്കരണകേന്ദ്രത്തില്‍ ജോലിചെയ്യുന്നു. പഞ്ചായത്ത് അനുശാസിക്കുന്ന ഒരു നിയമങ്ങളും പാലിക്കാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇസ്മയിലിന്റെ വീടിന്റെ പുറകിലാണ് മീന്‍വില്‍പ്പനയുടെ മറവില്‍ സംസ്കരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ചെമ്മീന്‍ സംസ്കരണകേന്ദ്രത്തിന് പഞ്ചായത്തിന്റെ അനുമതിയില്ല. ഇവിടെനിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ നേരെ കടലായി പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. ഇതുകൂടാതെ വന്‍തോതിലുള്ള ചെമ്മീന്‍ തോട് രാത്രിയുടെ മറവില്‍ പുഴയുടെ മധ്യത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. കെമിക്കല്ലായിനി ഉപയോഗിച്ചാണ് ചെമ്മീന്‍ കഴുകുന്നത്.
ഈ മാലിന്യങ്ങളാണ് പൈപ്പുവഴി പുഴയിലേക്ക് ഒഴുക്കിവിടുന്നത്. കടലായി പുഴയില്‍ മത്സ്യബന്ധനവും കക്കവാരലുമായി ഉപജീവനം കഴിക്കുന്ന തൊഴിലാളികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. തൊഴിലാളികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി പറയുന്നു. കഴിഞ്ഞകാലങ്ങളില്‍ കക്ക വാരല്‍ സമൃദ്ധിയായി നടക്കുന്ന പ്രധാന കേന്ദ്രമായിരുന്നു കടലായി പുഴ. എന്നാല്‍ ഇപ്പോള്‍ കക്കയും മത്സ്യസമ്പത്തും വളരെയേറെ കുറഞ്ഞിരിക്കുന്നതായി തൊഴിലാളികള്‍ പറയുന്നു.
ഈ മേഖലയില്‍ തൊഴിലാളികളുടെ ഉപജീവനം ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്. അത്രയേറെ പുഴ മലിനമായിരിക്കുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. അത്രയും മാലിന്യങ്ങളാണ് ഈ കേന്ദ്രത്തില്‍ നിന്നും പുഴയിലേക്ക് നിക്ഷേപിക്കുന്നത്. കടലായി പുഴക്ക് ഇത്രയും ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കിയിട്ടും പഞ്ചായത്ത് അധികാരികളും ആരോഗ്യവകുപ്പും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉടമസ്ഥനായ സ്വകാര്യവ്യക്തി നല്കുന്ന സാമ്പത്തികസഹായമാണ് ഇരുമുന്നണികളും ഈ അതിക്രമത്തിന് കൂട്ടുനില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: