കല്‍പ്പറ്റ : ജില്ലാ പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ പ്രഖ്യാപിച്ച ‘ഇല്ലം’ ഭവന പദ്ധതിയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടേയോ, ത്രിതല പഞ്ചായത്തുകളുടെയോ ഭവന പദ്ധതിയില്‍ നിന്നും ആനുകൂല്യങ്ങള്‍ ഒന്നും തന്നെ തോട്ടം തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. മാനേജ്മെന്റുകള്‍ കനിഞ്ഞു നല്കുന്ന പാടികളിലാണ് ഇവര്‍ താമസിക്കുന്നത്. ഒറ്റമുറി സമ്പ്രദായത്തിലുളള പാടികളിലെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമാണ്. ഭൂരിപക്ഷം വരുന്ന തോട്ടം തൊഴിലാളികളും ഭൂരഹിതരാണ്. ഈ ദുരിതത്തിന് ശാശ്വത പരിഹാരമായിട്ടാണ് ജില്ലാ പഞ്ചായത്ത് ഇല്ലം ഭവന പദ്ധതി പ്രഖ്യാപിച്ചിട്ടുളളത്. നടത്തിപ്പിനുവേണ്ടി ഒരു കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
പദ്ധതികളുടെ നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അച്ചൂര്, കുറിച്യാര്‍മല, ചേലോട്, തളിമല, ചുണ്ടേല്‍, എ.വി.ടി, ചെമ്പ്ര, കോട്ടനാട് തുടങ്ങിയ എസ്റ്റേറ്റുകളിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടുളള യോഗങ്ങള്‍ ചേര്‍ന്നു. ശേഷിക്കുന്ന എസ്റ്റേറ്റുകളില്‍ 26നകം യോഗം നടക്കും. തൊഴിലാളികളുടെ വിശദവിവരങ്ങള്‍ അറിയുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സര്‍വ്വേ ഫോം വിതരണം യോഗത്തില്‍ വെച്ച് മാനേജ്മെന്റ് പ്രതിനിധികളെ ഏല്‍പ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ അനില്‍കുമാര്‍, അനിലാ തോമസ്, പി.ഇസ്മായില്‍, പി.എന്‍.വിമല, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് .കെ. കെ.സഹദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ഹംസ, ബാബു പൊഴുതന, പി.ടി വര്‍ഗ്ഗീസ്, യൂനുസ്, മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: