മാനന്തവാടി : മരുന്ന് തളിക്കുന്നതിനിടെ ശാരീരികാസ്വസ്ഥ്യാം അനുഭവപ്പെട്ട സുപ്പര്‍വൈസര്‍ ഉള്‍പ്പെടെ എട്ട്പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. പാരിസണ്‍ എസ്റ്റേറ്റ് തേറ്റമല ഡിവിഷനിലെ സുപ്പര്‍വൈസറും തൊണ്ടര്‍നാട് ഗ്രാപഞ്ചായത്തംഗവുമായ ആര്.രവീന്ദ്രന്, തൊഴിലാളികളായ പുതുശ്ശേരി വഞ്ഞലോട് വിജയന് (46), തേറ്റമല സ്വദേശികളായ വടക്കേല്‍ മജീദ്(48), കാരാടന്‍ സത്താര്‍ (36), കള്ളിയത്ത് അസീസ് (51), പള്ളിയാല്‍ മുസ്തഫ (40), അയിരകാട്ടി കൃഷ്ണന്‍കുട്ടി (51), ഉസാന്‍ വീട്ടില്‍ തങ്കരാജ് (42) എന്നിവരാണ് ചികിത്സ തേടി എത്തിയത്. ചപ്പ് വളരുന്നതിനായി നാല് ദിവസമായി മരുന്ന് തളിക്കല്‍ നടക്കുന്നുണ്ടായിരുന്നു. ഒന്‍പതോളം ശകത്മായ കീടനാശിനികള്‍ ഉള്‍പ്പെടുന്ന മിശ്രിതമാണ് തളിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. മരുന്ന് തളിക്കല്‍ ആരംഭിച്ച ദിവസങ്ങളില്‍ തന്നെ തൊഴിലാളികള്‍ക്ക് കണ്ണ് എരിച്ചില്‍, കണ്ണ് ചൊറിച്ചില്‍, ശ്വാസ തടസ്സം, മുത്ര കടച്ചില് എന്നിവ അനുഭവപ്പെട്ടിരുന്നുവെങ്കിലും കാര്യമാക്കിയിരുന്നില്ല. എന്നാല്‍ അസ്വസ്ഥകള്‍ കാരണം ജോലി ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ ചികിത്സ തേടി ബുധനാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍ എത്തിയത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തോട്ടത്തില്‍ പരിശോധന നടത്തി. ലേബലില്ലാത്തതും, പര്‍ച്ചേസ് ബില്ല് ഇല്ലാത്തതുമായ കീടനാശിനികള്‍ ഗോഡൗണില്‍ നിന്നും പരിശോധനക്കിടെ കണ്ടെത്തിയതായാണ് സുചന. തോട്ടത്തില്‍ ഏതൊക്കെ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്നും, ഇവയില്‍ നിരോധിത കീടനാശിനികള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ വകുപ്പ് കൃഷി ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: