ചിറ്റൂര്‍: വ്യാജലോട്ടറി ടിക്കറ്റ് നല്കി സമ്മാനത്തുക തട്ടിയെടുത്തതിന്റെ പേരില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. എരുത്തേമ്പതി നേതാജി നഗര്‍ രങ്കസ്വാമി കൗണ്ടറുടെ മകന് ആറുമുഖനാണ് (37) പൊലീസ് പിടിയിലായത്. വ്യാജലോട്ടറി ടിക്കറ്റ് നല്കി പലതവണകളിലായി പണം തട്ടിയെടുത്തെന്ന ലോട്ടറി ഏജന്‍സിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കൊഴിഞ്ഞാമ്പാറ അക്ഷയ ലോട്ടറി ഏജന്‍സി കൃഷ്ണദാസാണ് പരാതി നല്‍കിയത്. കോയമ്പത്തൂരില്‍ നിന്നാണ് ആറുമുഖന്‍ വ്യാജലോട്ടറികള്‍ ലഭ്യമാകുന്നത്. ടിക്കറ്റില്‍ തിരുവനന്തപുരം ജില്ലാ ട്രഷറിയുടെ സീലും ഉണ്ട്. ആറുമുഖന്‍ ടിക്കറ്റ് നല്കുന്ന ആളെകുറിച്ചും ഇടപാടുകളെകുറിച്ചും വിശദമായ അന്വേഷണം നടത്തിവരുന്നതായി കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.
ജില്ലയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് വ്യാജലോട്ടറി ടിക്കറ്റ് വില്പന വ്യാപകമാകുന്നു. സമ്മാന തുകയുള്ള ടുക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ചതാണ് വ്യാജനെ കുറിച്ചുള്ള പരാതി വ്യാപകമാക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് വ്യാജ ടിക്കറ്റുകള്‍ പ്രധാനമായും കേരളത്തിലെത്തുന്നത്. ഇതിന് പിന്നില്‍ മലയാളികള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്.
കള്ളനോട്ടിന്റെ മാതൃകയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് വ്യാജലോട്ടറി ടിക്കറ്റുകള്‍ അച്ചടിച്ച് പുറത്തിറക്കുന്നത്. കോയമ്പത്തൂരില്‍ ഇതിനായി നിരവധി രഹസ്യ കേന്ദ്രങ്ങള്‍ പ്രവൃത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരേ നമ്പറുള്ള നിരവധി ടിക്കറ്റുകള്‍ അടുത്ത കാലത്ത് നല്കി പണം തട്ടിയെടുത്തതായുള്ള ലോട്ടറി ഏജന്‍സിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. തട്ടിപ്പുകള്‍ വ്യാപകമായിട്ടും ഇതിന്റെ ഉറവിടത്തെകുറിച്ച് അന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും വകുപ്പ് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: