ലിയോണ്‍: ഈ യൂറോ കപ്പില്‍ കളിക്കുന്ന ഏറ്റവും മികച്ച താരമാരെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അത് പോര്‍ച്ചുഗലിന്റെ മുന്നേറ്റനിരക്കാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ തന്നെ. എന്നാല്‍, ഇന്ന് ഗ്രൂപ്പ് എഫിലെ അവസാന കളിയില്‍ ഹംഗറിയെ നേരിടാനൊരുങ്ങുമ്പോള്‍ പോര്‍ച്ചുഗലിനും ക്രിസ്റ്റ്യാനൊയ്‌ക്കും മരണക്കളി.
രണ്ടു കളികളില്‍ രണ്ടു സമനിലയില്‍ നിന്നു ലഭിച്ച രണ്ടു പോയിന്റുമായി മൂന്നാമതാണ് പോര്‍ച്ചുഗല്‍. രണ്ടു കളികളില്‍ ഓരോ ജയവും സമനിലയുമായി നാലു പോയിന്റുമായി ഒന്നാമതാണ് ഹംഗറി. ഒരു സമനില പോലും ഹംഗറിയെ മുന്നോട്ടു നയിക്കുമ്പോള്‍ ജയിക്കുക തന്നെ വേണം പോര്‍ച്ചുഗലിന്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഐസ്‌ലന്‍ഡും ഓസ്ട്രിയയും നേര്‍ക്കുനേര്‍. രണ്ടു പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഐസ്‌ലന്‍ഡിന് ജയിച്ചാല്‍ മുന്നോട്ടുള്ള പാത സുഗമമം.
ഏറെക്കുറെ പുറത്താകലിന്റെ വക്കില്‍ ഒരു പോയിന്റുള്ള ഓസ്ട്രിയ.
കഴിഞ്ഞ കളിയില്‍ ഓസ്ട്രിയയ്‌ക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയതിന്റെ ക്ഷീണത്തില്‍ പറങ്കികള്‍. മത്സരഫലം നിര്‍ണയിക്കുമായിരുന്ന ഒരു പെനല്‍റ്റി ക്രിസ്റ്റ്യാനോ പോസ്റ്റിലടിച്ച് നഷ്ടപ്പെടുത്തി. പെനല്‍റ്റി പാഴാക്കുന്നതില്‍ എന്നും പഴികേള്‍ക്കുന്നയാളാണ് പോര്‍ച്ചുഗല്‍ നായകന്‍. ഇതിനു പുറമെ നിരവധി ഗോളവസരങ്ങളും തുലച്ചു താരം.
ഇതെല്ലാം പോര്‍ച്ചുഗല്‍ നായകന്റെ സമ്മര്‍ദമേറ്റുന്നു. പക്ഷേ, പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിന് പ്രതീക്ഷയേറെ. ഇതുപോലെ തുടര്‍ച്ചയായി നിരവധി മത്സരങ്ങളില്‍ ഗോളടിക്കാതിരുന്നിട്ടുണ്ട് ക്രിസ്റ്റ്യാനോയെന്നും എന്നാല്‍, ഗോള്‍മഴ തീര്‍ത്താണ് ഫോമില്‍ മടങ്ങിയെത്താറുള്ളതെന്നുമാണ് സാന്റോസിന്റെ വാദം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ മാത്രമല്ല പോര്‍ച്ചുഗല്‍. യൂറോപ്യന്‍ ലീഗുകളിലെ ഒത്തിരി മികച്ച സാന്നിധ്യങ്ങള്‍ പറങ്കികളെ സമ്പന്നമാക്കുന്നു. എന്നാല്‍, അത് കളത്തില്‍ കാണുന്നില്ലെന്നു മാത്രം. മുന്നേറ്റത്തില്‍ നായകന്‍ ക്രിസ്റ്റ്യാനൊയ്‌ക്കൊപ്പം ഉപനായകന്‍ നാനി, യുവതാരം എദര്‍ എന്നിവരുണ്ട്.
അഡ്രിയാന്‍ സില്‍വ, ആന്ദ്രെ ഗോമസ്, ഡാനിലോ, വില്യം കര്‍വാലോ, ജോവൊ മൗടീഞ്ഞൊ, ജോവൊ മറിയൊ എന്നിവര്‍ മധ്യനിരയുടെ കരുത്ത്. പെപ്പെ, ബ്രൂണോ ആല്‍വ്‌സ്, റിക്കാര്‍ഡോ കര്‍വാലോ തുടങ്ങിയവര്‍ നയിക്കുന്ന പ്രതിരോധവും ശക്തം. വല കാക്കാന്‍ റൂയി പട്രീഷ്യോയുണ്ട്. കഴിഞ്ഞ ആറു യൂറോയിലും നോക്കൗട്ടിലെത്താനായിട്ടുണ്ടെന്നത് പറങ്കികളുടെ ആത്മവിശ്വാസം.
ഓസ്ട്രിയയെ കീഴടക്കി ഐസ്‌ലന്‍ഡിനെ തളച്ച് ഹംഗറിയുടെ വരവ്. സമനില പോലും അവരെ മുന്നോട്ടു നയിക്കും. ഇരു ടീമുകളും തമ്മിലുള്ള പതിനൊന്ന് മുഖാമുഖങ്ങളില്‍ തോല്‍വിയറിഞ്ഞിട്ടില്ലെന്നത് പോര്‍ച്ചുഗലിന്റെ ആശ്വാസം.
എന്നാല്‍, മൂന്നു കളികള്‍ സമനിലയില്‍. മധ്യനിരക്കാരന്‍ ബലാസ് സ്യുദ്‌സാക്ക് നയിക്കുന്ന ടീമില്‍ ടമസ് പ്രിസ്‌കിന്‍, ആദം സലായി, സൊള്‍ട്ടാന്‍ ഗെര, സൊള്‍ട്ടാന്‍ സ്റ്റെയ്‌ബെര്‍, ആദം നഗി തുടങ്ങിയവരുണ്ട്.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയെ നേരിടുമ്പോള്‍ ഐസ്‌ലന്‍ഡിന് നഷ്ടപ്പെടാനൊന്നുമില്ല. പോര്‍ച്ചുഗലിനെയും ഹംഗറിയെയും തളച്ച അവര്‍ക്ക് ഇന്ന് മികച്ചൊരു പോരാട്ടം നടത്താനായാല്‍ മുന്നേറാം. ആദ്യമായി യൂറോയ്‌ക്ക് യോഗ്യത നേടി നോക്കൗട്ടിലെത്തുകയെന്ന അസുലഭ അവസരം. ജയിച്ചാല്‍ ഓസ്ട്രിയയ്‌ക്കും പ്രതീക്ഷ. പോര്‍ച്ചുഗല്‍ തോല്‍ക്കണമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: