വസ്ത്രം ആധുനികമായാലും പരമ്പരാഗതമായാലും കച്ച് ,കാത്തി , ആപ്ലിക് വര്‍ക്കുകള്‍ ഇപ്പോള്‍ വടക്കേ ഇന്ത്യയില്‍ മാത്രമല്ല ഇങ്ങ് തെക്കുള്ളവര്‍ക്കും പ്രിയതരം
സൗരാഷ്ട്രയിലെ പെണ്ണുങ്ങള് വസ്ത്രങ്ങളില്‍ തീര്ത്തെടുക്കുന്നതെന്തും കണ്ണിന് മായക്കാഴ്ചകളാണ്. വസ്ത്രം ആധുനികമായാലും പരമ്പരാഗതമായാലും കച്ച് ,കാത്തി , ആപ്ലിക് വര്‍ക്കുകള്‍ ഇപ്പോള്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല ഇങ്ങ് തെക്കുള്ളവര്‍ക്കും പ്രിയതരം.
ഗുജറാത്തിലെ ഗ്രാമീണ സ്ത്രീകള്‍ക്ക് തയ്യല്‍ വെറുമൊരു നേരംപോക്കല്ല. അതൊരു കൂട്ടായ്മയായി മാറുമ്പോള്‍ അവരുടെ ജീവിതത്തിലേക്കും പടരുകയാണ് നിറങ്ങളും കണ്ണാടിത്തിളക്കങ്ങളും.
അത്തരമൊരു കൂട്ടായ്മയില്‍ പിറവിയെടുത്തതാണ് ഇന്ന് ഭാരതത്തിനകത്തും പുറത്തും ഒരു പോലെ പ്രസിദ്ധമായ ഒഖായ് ബ്രാന്‍ഡ് കുര്‍ത്തികള്‍.
ഗുജറാത്തിലെ ഒഖാമണ്ഡല് കൊടും വരള്‍ച്ചയുടെ പേരിലാണ് ഇതേവരെ വാര്‍ത്തകളില്‍ ഇടംനേടിയതെങ്കില്‍ ഇന്നത് ഒഖായ് കുര്‍ത്തികളുടെ പേരിലാണ് അറിയപ്പെടുന്നത്. ഒരുപാട് സ്ത്രീകള്‍ക്കത് ഉപജീവനമാണ്. ഒപ്പം ആത്മാഭിമാനത്തിന്റെ അടയാളവും.
വസത്രങ്ങളിലെ ‘ജുഗല്‍ബന്ദി’ യെന്ന് ഒഖായ് ബ്രാന്‍ഡിനെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. ആധുനിക ഡിസൈനുകളില്‍ പരമ്പരാഗത തനിമ പകര്ത്തിയൊരുക്കുന്ന വസ്ത്രങ്ങളും ഗൃഹാലങ്കാരങ്ങളുമാണ് ഒഖായ് ബ്രാന്‍ഡിന്റെ സവിശേഷത.
കീര്‍ത്തി പൂനിയ
ഗുജറാത്തിലെ ഗ്രാമീണ സ്ത്രീകളുടെ കരവിരുത് ഒഖയെ കമനീയമാക്കുന്നു. മിത്താപ്പൂരിലെ റാബ്റി വനവാസി സമൂഹത്തിലെ സ്ത്രീകള്‍ക്കായി കരകൗശല വസ്തുക്കളും വസ്ത്രങ്ങളും നിര്‍മ്മിക്കുന്നതിന് ടാറ്റകെമിക്കല് സൊസൈറ്റി ഫോര്‍ റൂറല്‍ ഡെവലപ്മെന്റിന്റെ സഹായത്തോടെ തുടങ്ങിയ സ്വയം സഹായ സംഘമാണ് ഒഖായ്. ഗുജറാത്തിന്റെ തനതു ചിത്രത്തയ്യലുകളായ ആപ്ലിക്, ഹീര്ഭാരത്, കാത്തി ഡിസൈനുകള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഒഖായ്യുടെ വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. 500 വനിതകള്‍ക്ക് ഒഖായ് ഇന്ന് തൊഴില്‍ നല്കുന്നു. ഇരുപത് ഗ്രൂപ്പുകളായാണിത്. ഓരോ ഗ്രൂപ്പിനും ഒരു ലീഡര്‍. ഒഖായ്യുടെ മേധാവിയും ഒരു സ്ത്രീയാണ്. കീര്‍ത്തി പൂനിയ. നല്ലൊരു ടീം വര്‍ക്കാണ് കീര്‍ത്തി രൂപപ്പെടുത്തിയിരിക്കുന്നത്. ‘സ്ത്രീകള്‍ക്ക് അവരവരുടെ വീടുകളിലിരുന്ന് സ്വതന്ത്രമായി ജോലി ചെയ്യാം. ഇന്ന് തൊഴിലുതേടി നഗരങ്ങളിലേക്ക് ഒഴുകുകയാണ് ഗ്രാമീണര്‍. സ്വന്തം വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാമെന്നു വരുമ്പോള്‍ ആരും ഗ്രാമങ്ങളുപേക്ഷിച്ചു പോകില്ല. ‘ഒഖായ്ലൂടെ ഇങ്ങനെയൊരു നന്മ കൂടി ചെയ്യുന്നു കീര്‍ത്തി.
അഹമ്മദാബാദിലാണ് ഒഖായ്യുടെ ഡിസൈനര്‍ ടീം. പഴമയും പുതുമയും ചേര്‍ത്ത് ഡിസൈനുകളുണ്ടാക്കി അവയ്ക്കൊപ്പം തയ്ക്കാനാവശ്യമായ സാമഗ്രികളടങ്ങിയ കിറ്റും ചേര്‍ത്ത് ഗ്രാമങ്ങളിലേക്കയയ്ക്കും. ഓട്ടോറിക്ഷകളിലാണ് ഗ്രാമങ്ങളിലേക്ക് അയയ്ക്കുന്നത്. പൂര്‍ത്തിയായ വസ്ത്രങ്ങളും അലങ്കാര വസ്തുക്കളും ശേഖരിച്ച് തിരികെ കൊണ്ടുപോകുന്നതും ഇതുപോലെ. ഓണ്ലൈന്വിപണികളിലൂടെയാണ് ഒഖായ് ബ്രാന്‍ഡുകള്‍ അധികവും വിറ്റഴിക്കുന്നത്. ഇടയ്ക്ക് ഉത്പന്നങ്ങളുടെ നിലവാര പരിശോധനയുമുണ്ട്.
ഒഖായ്യുടെ പെരുമയേറിയതോടെ മറ്റിടങ്ങളിലേക്കും അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന തിരക്കിലാണ് കീര്‍ത്തി ഇപ്പോള്‍. ലക്നൗവിലെ പ്രസിദ്ധമായ ചിക്കന്‍ വര്‍ക്കിലാണ് പുതിയ പരീക്ഷണങ്ങള്‍.
നാടോടിച്ചിത്രങ്ങളും വരകളും തയ്യലുമെല്ലാം ഭാരതത്തില്‍ മാത്രമൊതുങ്ങുന്നില്ലല്ലോ. അതാവാം കീര്‍ത്തി പുതിയവ തേടി നെയ്റോബിയിലേക്കൊരു യാത്ര പോയത്. അവിടെ മാസായ് വംശജരുടെ മുത്തുകൊണ്ടുള്ള വര്‍ക്കുകളാണ് കീര്‍ത്തിയെ ആകര്‍ഷിച്ചത്. അവിടെ നാടോടി വിഭാഗത്തില്‍പ്പെട്ട 40 സ്ത്രീകള്‍ക്കായി ഒരു ശില്പശാല സംഘടിപ്പിച്ചു.
ഒരുമാസം കൊണ്ട് അഴകുറ്റ 2000 കമ്മലുകളാണ് 40 പേര് ചേര്‍ന്ന് പണിതൊരുക്കിയത്. ‘അവിശ്വസനീയം’ എന്നതിനെ വിശേഷിപ്പിക്കുന്ന കീര്‍ത്തി നെയ്റോബിയിലെ നാടോടിപ്പെണ്ണുങ്ങള്ക്കും തണല്‍ പകര്‍ന്നു കഴിഞ്ഞു. തൊഴിലില്‍ അവര്‍ക്കുമുണ്ടൊരു മേല്വിലാസമിപ്പോള്. വൈകാതെ ആ ഉത്പന്നങ്ങളും ഭാരതത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കീര്‍ത്തിയിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: