കൊളാറഡോ: സിംഹത്തിന്റെ വായിലകപ്പെട്ട അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തിയ അമ്മ ലോക ശ്രദ്ധയാകർഷിക്കുന്നു. അമേരിക്കയിലെ കൊളാറഡോ സ്വദേശിനിയാണ് മലയിടുക്കുകളിൽ വസിക്കുന്ന സിംഹത്തെ പരാജയപ്പെടുത്തി തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ല.
ആസ്പൻ നഗരത്തിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശത്തുള്ള വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. വൈകീട്ട് വീടിനു മുൻവശത്ത് കളിച്ച് കൊണ്ടിരുന്ന അഞ്ച് വയസുകാരനെ പ്രദേശത്തെ മഞ്ഞു മലകളിൽ വസിക്കുന്ന സിംഹം ആക്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അമ്മ ഓടിയെത്തി.
കുട്ടിയുടെ തലഭാഗത്തെ വായ്‌ക്കുള്ളിലാക്കിയ നിലയിലായിരുന്നു സിംഹത്തിന്റെ നിൽപ്പ്. ഒരു നിമിഷം ഭയചകിതയായെങ്കിലും സർവ്വ ധൈര്യം വീണ്ടെടുത്ത് സിംഹത്തോട് പോരടിക്കുകയായിരുന്നു. യുവതി സിംഹത്തിന്റെ നഖമുള്ള പാദങ്ങളെ കീഴ്പ്പെടുത്തി വായ്‌ക്കുള്ളിൽ അകപ്പെട്ട കുട്ടിയുടെ തല പുറത്തെടുക്കുകയായിരുന്നു.
ഇതേ സമയം കുട്ടിയുടെ പിതാവ് സംഭവ സ്ഥലത്ത് എത്തുകയും യുവതിക്കൊപ്പം സിംഹത്തിനെ ആട്ടിയോടിക്കുകയായിരുന്നു. തുടർന്ന് കുട്ടിയേയും യുവതിയേയും പിതാവ് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ തലയിലും കഴുത്തിലുമാണ് സിംഹത്തിന്റെ കടിയേറ്റത്. യുവതിയുടെ കൈക്കും കടിയേറ്റിരുന്നു. ഇരുവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രണ്ട് വയസ് പ്രായമുള്ള സിംഹമാണ് കുട്ടിയെ ആക്രമിച്ചതെന്ന് പിറ്റ്കിൻ കൗണ്ടി ഷെരീഫ് ഡെപ്യൂട്ടി മൈക്കൽ ബഗ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: