വായന ഒരു സംസ്കാരമാണ്, തിരിച്ചറിവിന്റെ തുടക്കമാണ്. തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറിക്കിട്ടുന്ന ഒരു അമൂല്യസമ്പത്താണ്. വായനയിലൂടെ ലഭിച്ച അറിവ് മരണം വരെ വിട്ടുപോകില്ല. ആര്‍ക്കും എപ്പോഴും കൊണ്ടുനടക്കാവുന്ന ഒന്നാണ് വായന. വായനയില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ല, കഴിയുന്നില്ല.
വായനയെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങള്‍ ഉണ്ടാവാം, ചിന്താഗതികളുണ്ടാവാം ചിട്ടയോടെയും അല്ലാതെയും വായിക്കുന്നവര്‍ ഉണ്ടാവാം. സമയംകിട്ടുമ്പോള്‍ വായിക്കുന്നവരും സമയം ഉണ്ടാക്കിവായിക്കുന്നവരും നമ്മുടെ ഇടയില്‍ ധാരാളം. സമയത്തെ പഴിപറഞ്ഞ് രക്ഷപ്പെടുന്നവരും വിരളമല്ല. ഒന്നും വായിക്കാത്തവരും ഇല്ലെന്നല്ല പറയുന്നത്. എന്നാല്‍ കേരളീയരെക്കുറിച്ച് പറഞ്ഞുവരുമ്പോള്‍ വായന അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്തെങ്കിലും എപ്പോഴെങ്കിലും വായിക്കാതെ അവര്‍ക്ക് ഒരു ദിവസംപോലും തള്ളിനീക്കാന്‍ കഴിയില്ല.
ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിച്ചതോടുകൂടി മനുഷ്യന് ദൈനംദിന തിരക്കും ഏറിയതോടെ വായിക്കാന്‍ സമയംകിട്ടുന്നില്ലെന്ന് പരാതിപറയുന്നവരും ഏറെയാണ്. പ്രത്യേകിച്ചും മൊബൈല്‍ സംസ്കാരം വ്യാപിച്ചതോടെ. ഇത് ഏറെക്കുറെ ശരിയാണെന്ന് നമുക്കും തോന്നാം.
ഉദാഹരണമായി നിത്യേന ട്രെയിനില്‍ യാത്രചെയ്യുന്ന നിരവധിയാളുകള്‍ കേരളത്തിലുണ്ട്.
മുന്‍കാലങ്ങളില്‍ അവര്‍ ട്രെയിനില്‍ കയറിയാല്‍ ആദ്യം ചെയ്യുക ബാഗുതുറന്ന് പുസ്തകമോ വാരികയോ പേപ്പറോ വായിക്കലായിരിക്കും. ചുറ്റുപാടും നടക്കുന്നതൊന്നും തന്നെ വായനയുടെ ലഹരിയില്‍ അറിയുകയില്ല. അതായത്, വായനയുടെ ലഹരിയില്‍ മുഴുകിപ്പോകുമെന്നര്ത്ഥം. വായനക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം ട്രെയിന്‍പോലെ ഒരിടമില്ല. ശല്യവും കുറവ്. സമയവും ലാഭം. ഗഹനമായ വായനയ്ക്ക് ഇത് ഉചിതമായതല്ലെന്ന അഭിപ്രായമുള്ളവരും ഉണ്ട്. എന്നാല്‍ ഇന്ന് ട്രെയിനില്‍ കയറിയാല്‍ നാം കാണുന്നതെന്താണെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ അതും ഒരു വായനതന്നെയാണ്. ഇ – വായനയാണെന്നുമാത്രം.
വായന മരിക്കുകയാണെന്ന് വിലപിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അത് ഒരിക്കലും കേരളത്തിലുണ്ടാവുകയില്ല. ഇവിടെയിന്ന് നിത്യേന അഞ്ച് പുസ്തകമെങ്കിലും പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പുസ്തക പ്രസിദ്ധീകരണ ശാലകള്‍- അത് ചെറുതാകട്ടെ വലുതാകട്ടെ- ഇല്ലാത്ത ജില്ല ഒന്നുപോലുമില്ല. ചിലത് അകാലത്തില്‍ മരിച്ചുപോയേക്കാം. അതിനുപലകാരണങ്ങളുമുണ്ടാകാം. ആളുകള്‍ വായിക്കാതെ ഇത്രയധികം പുസ്തകപ്രസിദ്ധീകരണ ശാലകള്‍ ഉണ്ടാകില്ലെന്ന് ഓര്‍ക്കണം. ഇത് കൂടാതെയാണ് സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളും. എന്തിനധികം എഴുത്തുകാര്‍ ഒന്നിച്ചുച്ചേര്ന്ന് അവര്‍ക്കുവേണ്ടി ഒരു സൊസൈറ്റി രൂപീകരിച്ച് പ്രസിദ്ധീകരണശാല ആരംഭിച്ചതും കേരളത്തിലാണ്.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം. അതിലൂടെ പുറത്തുവന്നത് ആയിരക്കണക്കിന് പുസ്തകങ്ങളാണ്. നൂറുകണക്കിന് എഴുത്തുകാരുടെ സൃഷ്ടികള്‍. അതിന്റെ ചുവടുപിടിച്ചാണ് നൂറുകണക്കിന് പ്രസിദ്ധീകരണശാലകള്‍ ഇവിടെയുണ്ടായത്. മലയാളക്ഷരം തുടങ്ങിയ കാലം മുതല്‍ തന്നെ ഇവിടെ പ്രസിദ്ധീകരണശാലകള്‍ക്കും തുടക്കംകുറിച്ചുവെന്ന് ചരിത്രം പറയുന്നു.
വായന മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. പത്രങ്ങളൊന്ന് മറിച്ചുനോക്കുകപോലും ചെയ്യാതെ അവനുറക്കം വരികയില്ല.
ടെലിവിഷനില്‍ എത്ര വാര്‍ത്ത എത്ര തവണകണ്ടാലും അത് പിറ്റേന്ന് അച്ചടിച്ച് പുറത്ത് വന്ന് വായിക്കുന്നത് ഒരു പ്രത്യേക സുഖം തന്നെയാണ്. അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. പത്രങ്ങള്‍ അവധിയാകുന്നതിന്റെ പിറ്റേന്ന് വായിക്കാന്‍ പഴയപത്രമെങ്കിലും ഒന്ന് എടുത്ത് മറിച്ചുനോക്കുന്നവര്‍ ധാരാളമാണ്. അതങ്ങനെ ശീലമായി. അതുമാറ്റാന്‍ മലയാളിക്ക് കഴിയില്ല.
വായന ഒരു ദിവസംകൊണ്ടുണ്ടാവുന്നതല്ല അത് വളര്‍ത്തിയെടുക്കുന്ന ഒരു ശീലമാണ്, സംസ്കാരമാണ്. അതിലൂടെ മാത്രമേ പുതിയ അറിവ് നമുക്ക് നേടാന്‍ കഴിയൂ. നല്ല ആരോഗ്യത്തിനും ബുദ്ധിവളര്‍ച്ചക്കും വായന അനിവാര്യഘടകമാണ്. കിട്ടുന്നതെന്തും വായിക്കുന്നത് ഒരു ശീലമാക്കണം. ചിലര്‍ അളന്ന് തിട്ടപ്പെടുത്തി, ചില പ്രത്യേക വിഭാഗത്തില്പ്പെട്ടതുമാത്രമേ വായിക്കുകയുള്ളൂ എന്നു ശീലമാക്കിയവരും ഉണ്ട്. അതിനെ കുറ്റപ്പെടുത്തുകയല്ല, എങ്കിലും കഴിയുന്നതും എല്ലാ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയണം.
നല്ല പുസ്തകങ്ങള്‍ വായിച്ചാല്‍ മനസ്സില്‍ നല്ല ചിന്തകള്‍ വളരും, ധര്‍മ്മബോധം ഉണ്ടാകും, സംസ്കാരം ഉണ്ടാകും, സത്യവും നീതിയും വേര്‍തിരിച്ചറിയാന്‍ കഴിയും. ഭാഷാപരമായ കഴിവും അക്ഷരങ്ങള്‍കൊണ്ട് അമ്മാനമാടാനും വായനകൊണ്ട് സാധിക്കും. വാക്കുകളാല്‍ മുത്തുകള്‍ വിളയിച്ച എഴുത്തുകാരും പ്രഭാഷകരും ഏറെയാണ്. ഏറ്റവും നല്ല പ്രസംഗകന് അത്യാവശ്യം വേണ്ടത് പരന്ന വായനയാണ്. അതിലൂടെ കിട്ടുന്ന അറിവിന്റെ വ്യാപ്തി ഏറെയാണ്. അങ്ങനെയുള്ളവര്‍ക്ക് എത്രമണിക്കൂര്‍ വേണമെങ്കിലും സദസ്സിനെ പിടിച്ചിരുത്താന്‍ കഴിയും. ഇതുവഴി ചരിത്രത്തില്‍ ഇടം നേടിയവര്‍ ഏറെയാണ്. വാക്കുകളിലൂടെയുള്ള അനര്‍ഗളമായ ഒഴുക്കിന് വായന അനിവാര്യം. നേര്‍വഴിക്ക് ആളുകളെ നയിക്കാന്‍ പ്രചോദനം നല്‍കുന്നതും ഇത്തരത്തിലുള്ള പ്രസംഗങ്ങളാണ്.
പാഠപുസ്തകത്തിനപ്പുറം വായിക്കാന്‍ ഒരു മണിക്കൂറെങ്കിലും സമയം നീക്കിവെക്കണം. കാര്യങ്ങള്‍ വേര്‍തിരിച്ചറിഞ്ഞ് തെറ്റേത,് ശരിയേത് എന്ന് വായനയിലൂടെ മനസ്സിലാക്കാം. വായനയിലൂടെ കിട്ടാത്ത അറിവ് ഒന്നും തന്നെയില്ലായെന്ന് പറയാം.
ചരിത്രം, വിജ്ഞാനം, ശാസ്ത്രം, പുരാണങ്ങള്‍, മതഗ്രന്ഥങ്ങള്‍, നോവല്‍, കഥ, ചെറുകഥ, കവിതകള്‍, ആത്മകഥ, ജീവചരിത്രം, കുറ്റാന്വേഷണകഥകള്‍, അനുഭവങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി വായനയുടെ തലങ്ങള്‍ ഏറെയാണ്. പുതിയ അറിവുകള്‍ നമ്മെ പുതിയദിശയിലേക്ക് നയിക്കുന്നു എന്നതാണ് വാസ്തവം. വായനക്കാരെ കുറിച്ച് പറയുകയാണെങ്കില്‍ അവര്‍ക്ക് പുസ്തകത്തോടുള്ളത് ഒരു ആര്‍ത്തിതന്നെയാണ്. പുസ്തകങ്ങള്‍ വായിക്കുകയും അവയില്‍ കുറിപ്പുകളെഴുതുകയും വായിച്ചതിനെക്കുറിച്ച് അറിവ് രേഖപ്പെടുത്തുകയും ചിട്ടയോടെ ഒതുക്കിവക്കുകയും ചെയ്യുന്ന എത്രയോപേരുണ്ട്. പുസ്തകവായനതന്നെ ഒരു കലയാണ്. ഒപ്പം സൂക്ഷിക്കലും.
മുന്‍കാലങ്ങളില്‍ വായിക്കാനുള്ള സൗകര്യങ്ങള്‍ ഏറെക്കുറവായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ വായിച്ചിരുന്നവരുടെ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ നമുക്കത് മനസ്സിലാകും. പണ്ടുള്ളവര്‍ വിവിധ വിഷയങ്ങളില്‍ അഗാധപാണ്ഡിത്യം നേടിയത് ഈ വിധത്തിലായിരുന്നു. ഇന്നും വൈദ്യുതിവന്നതോടുകൂടി അത്തരം വായനക്ക് പ്രസക്തിയില്ലാതായി. വായിക്കാന്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്തവര്‍ കഴിഞ്ഞ തലമുറയിലുണ്ടായിരുന്നു. ചില്ലറത്തുട്ടുകള്‍ സ്വരൂപിച്ചാണ് അവര്‍ പുസ്തകങ്ങള്‍ വാങ്ങിയത്. അക്കാലം ഇന്നും ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിക്കുന്നവരുണ്ട്. എന്നാലിന്ന് കാലംമാറി. പുസ്തകങ്ങള്‍ ധാരാളം വാങ്ങാന്‍ കഴിവുള്ളവര്‍ ഏറെ.
പ്രോത്സാഹിപ്പിക്കുവാന്‍ ആളുകളും, സമൂഹവും, സ്ഥാപനങ്ങളും. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇതൊന്നും ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം. കാലം മാറി, അച്ചടിയോടൊപ്പംതന്നെ ആധുനികവായനാമാര്ഗ്ഗമായ ഇ-വായനയും വളര്‍ന്നു. ഇ-വായന ഒരു വിപ്ലവംതന്നെ സൃഷ്ടിച്ച് മുന്നേറുന്നു. വായനയുടെ രീതിയില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും മലയാളിക്ക് വായനയെ വിട്ടൊഴിയാന്‍ കഴിയില്ല.
പ്രിന്റിങിനും പത്രമാധ്യമങ്ങള്‍ക്കും ഇനി ഏറെ ആയുസില്ലെന്ന് മുറവിളികൂട്ടിയവര്‍ ഓര്‍ക്കണം പ്രതിദിനം കേരളത്തില്‍മാത്രം പത്രങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിക്കുന്നത്. ഒരു പത്രത്തിന്റെയും ഒരുപതിപ്പും പൂട്ടിയിട്ടില്ല. വിവരസാങ്കേതിക വിദ്യ കടന്നുവന്നതോടെ അതിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്ന് യാഥാര്‍ഥ്യം. വായന ഒരു ശീലമാക്കാന്‍ കഴിയേണ്ടതാണ്. അതിലൂടെ കിട്ടുന്ന അറിവ് വിപുലമാക്കാനും കഴിയണം. വളര്‍ച്ച വായനയിലൂടെയാണ്. വായന ഒരു ശീലമാക്കിയാല്‍ ഏതു പ്രതിബന്ധത്തേയും തരണംചെയ്യാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: