ഢീപ് ഇംപാക്ട്’ എന്ന ഇംഗ്ലീഷ് സിനിമയില്‍, പുരുഷകഥാപാത്രം ”ആര്‍ക്കും എല്ലാ കാര്യവും അറിയില്ലെന്ന്”
(nobody knows everything-)-
സൂചിപ്പിക്കുന്ന സത്യപ്രസ്താവം എത്ര ശരിയാണ്! മിസൈല്‍ വേഗത്തില്‍ ഒഴുകിപ്പോകുന്ന സമയത്തെ പിടിച്ചുകെട്ടാന്‍ മനുഷ്യര്‍ പാടുപെടുന്നു. സ്വാഭാവികമായും, നാം സെലക്റ്റീവ് റൈറ്റിങ്(തിരഞ്ഞെടുക്കുന്ന രചനകള്‍) തേടിപ്പോകുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രം, വാരിക, മാസിക ലഭിച്ചാല്‍ കഥ, കവിത, ലേഖനം, പാചകം,സിനിമയെന്നു വേണ്ട എന്തും പഥ്യം. പക്ഷേ, ഇന്നിന്റെ ,മനഃശാസ്ത്രം വേറെ. എഴുത്ത് അനന്തമായ സ്വാതന്ത്ര്യവും സംതൃപ്തിയും വേദനയും നല്കുന്നു.
അധ്യാപികയായതുകൊണ്ടാകണം എന്തെഴുതിയാലും പകര്ത്തിക്കഴിഞ്ഞാലുടന് സ്വയംമാര്ക്കിടുന്ന പതിവുണ്ട്. പ്രശസ്തരുടെ രചനകളെല്ലാം മികച്ചതാവണമെന്നില്ല. അപ്രശസ്തരുടേത് മോശമാകണമെന്നും.
2010ല്‍ ഓസ്കാര്‍ അവാര്‍ഡ് നേടിയ സാന്ദ്രാബുള്ളക്ക് തലേന്ന് റാസിസ് അവാര്‍ഡില്‍ മോശം നടിയ്ക്കുള്ളപുരസ്കാരം നേടിയിരുന്നു. 2009ലെ മികച്ച നടിക്കുള്ള ഓസ്കാര്‍ പുരസ്കാരം നേടിയ കേറ്റ് വില്സ്ലറ്റ് അഭിനയിച്ച ദ റീഡര്‍, സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ എമ്പയര്‍ ഓഫ് ദ സണ്‍, ലിയനാഡോ ഡിക്കാപ്രിയോ അഭിനയിച്ച ദ ഗ്രേറ്റ് ഗാറ്റ്സ്ബൈ എന്നിവ കണ്ടു. അവയിലെ ഓരോ സീനും മനുഷ്യമനസ്സിന്റെ വൈവിധ്യമാര്‍ന്ന വിചാരധാരകളെ വീര്യത്തോടെ കൂട്ടിയിണക്കുന്നത് കണ്ട് ശ്വാസമടക്കിപ്പിടിച്ച് അദ്ഭുതപ്പെട്ടിട്ടുണ്ട്.
‘TROY’ (Eng), ‘The Safe Heaven (Eng) ‘Nikita’, A short Film about Love’, ‘Amelie, ‘The Priceless'(French), സോഫിയാലോറന്‍ അഭിനയിച്ച ‘A special Day'(Italian), ‘Chaos’ (Egypt) ‘In July’ (German),- ‘When the sea Rises'(Belgium) കൊറിയന്‍ സംവിധയകന് ഗശാ ഗശ ഊസന്റെ ‘Crocodile'(Korean), ‘Your Name is Justine’ (Polish), ‘The Band’s visit’ (Arabic)തുടങ്ങിയ വിദേശഭാഷാ ചിത്രങ്ങള്‍ സമ്മാനിക്കുന്ന സൗഭാഗ്യം പങ്കിടുമ്പോള്‍ അനുഭവപ്പെടുന്ന വിഷമമെന്ത്? എഴുതാം. ഏത് ചലച്ചിത്രം കാണുമ്പോഴും മികച്ച കഥാപാത്രങ്ങളെ പിന്തുടരുമ്പോള് അവരുടെ പേരറിയണമെന്ന് നിര്‍ബന്ധമുണ്ട്.
അങ്ങനെയാണ് ആന്റണി ഹോപ്കിന്‍സ്, മോര്ഗന് ഫ്രീ മാന്‍, നിക്കോളാസ് കേജ്, ബ്രാഡ്പിറ്റ്, പിയേഴ്സ് ബ്രോസെന്, ഡാനിയേല്‍ ക്രെയ്ഗ്, ഹാരിസണ്‍ ഫോഡ്, ടൈറ്റാനിക്കിലെ സുന്ദരന്‍ നായകന് ലിയനാഡോ ഡിക്കാപ്രിയോ തുടങ്ങിയ പ്രതിഭകളെ പരിചയപ്പെടുന്നത്. വില്ലന്മാരുടെ നീണ്ട നിരയും- ബ്രൂസ് വില്ലിസ്, സില്‍വസ്റ്റര്‍ സ്റ്റാലിന്, സ്റ്റീവന്‍ സീഗല്‍, അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍, ജാക്കി ചാന് മുന്പിലുണ്ട്.
പക്ഷേ, ‘Amelie’ ‘The Priceless’se- Irene അസാധാരണ ഭാവാഭിനയത്തിന്റെ മാണിക്യക്കല്ല് തലയിലണിഞ്ഞ, നീണ്ടുമെലിഞ്ഞ ആ സര്‍പ്പസുന്ദരി ആരാണ്? (Audrey Justine Tautou ആ ഫ്രഞ്ച് നടിയുടെ അസുലഭ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് മുമ്പില്‍, ‘വെള്ളിത്തിരയുടെ പ്രണയികള്‍ സ്തബ്ധരാകും.) ദീര്‍ഘ ഹൃസ്വയാത്രകള്‍ ഭ്രാന്തമായ ആവേശവും ലഹരിയും അനുഭവങ്ങളുടെ വര്‍ണ്ണക്കാഴ്ചകളും പകരുന്നു.
ജപ്പാനിലെ ഹോട്ടല്മുറികള്, ഫ്രാന്‍സിലെ ചൂതാട്ട കേന്ദ്രങ്ങള്‍, ഡിസ്കോ തെക്കുകള്‍, ആണ്‍പെണ്‍ ഭേദമില്ലാതെ കൊഴുപ്പിച്ച് ആറാടുന്ന ബാര്ഡാന്സുകാര്, പൊട്ടും പൊളിയുമില്ലാത്ത നിരത്തുകള്‍ക്കിരുവശവും, വെട്ടിവൃത്തിയാക്കിയ ചെടിക്കൂട്ടങ്ങള്‍, പരിപൂര്‍ണ്ണത തികഞ്ഞ കൂറ്റന്‍ വെണ്ണക്കല്‍ പ്രതിമകള്‍, മഞ്ഞുപാളികള്‍ക്ക് മുകളില്‍ വിളറിയ ആകാശം, ആധുനിക നാഗരിക ആര്‍ഭാടജീവിതം, നുരയ്ക്കുന്ന നൈറ്റ്ക്ലബ്ബുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍, മദ്യക്കുപ്പികള്‍ക്കും മുന്തിരിവള്ളികള്‍ക്കും ഇടയില്‍ ഇഴപിരിയുന്ന ജീവിതം! വിദേശചലച്ചിത്ര ദൃശ്യാത്ഭുതങ്ങളിലൂടെ സ്വപ്നസഞ്ചാരിണിയായി, ലോകം ചുറ്റുന്നു. ഇംഗ്ലീഷില്‍ ചെറുകുറിപ്പുകള്‍ തയ്യാറാക്കുന്നു.
(പിന്നീട്, സിംഗപ്പൂര്‍, മലേഷ്യ, ദുബൈ, .ലണ്ടന്‍, പാരീസ്, ജര്‍മ്മനി സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി, റോം, വത്തിക്കാന്‍, വെനീസ്, തായ്, ലണ്ടണ്‍, ചൈന, ഹോങ്കോങ്, മക്കാവ്. നേരില്‍ കാണവേ, ചുറ്റും മിന്നാമിനുങ്ങുകളാല് വലയിതമായ ഇരുട്ടും, കാന്ത സൂചിയില്‍ കറങ്ങും വിവിധ വര്ണ്ണഗോത്ര മനുഷ്യ ജീവിതവും കണ്ടു. അവ നെഞ്ചോട് ചേര്‍ത്തു കൊണ്ട് മന്ത്രിച്ചു. പാവം, നമ്മള് മരണമുള്ള, എങ്കിലും കലഹിക്കുന്ന മര്‍ത്യര്‍!)
സംവിധായകന് രഞ്ജിത്ത് സ്വന്തമായൊരു അഭ്രകാവ്യമൊരുക്കി ഭൂമിയുടെ അറ്റം വരെ കൊണ്ടുപോകാനുള്ള ആഗ്രഹം എവിടെയോ എഴുതിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് പടങ്ങള്‍ കാണുമ്പോള്‍, മനുഷ്യമനസ്സിന്റെ നിലവറയില്‍ പച്ച, കത്തി, താടി, കരിവേഷക്കാരായ കഥകളിക്കാരും, മിനുക്കുപണിയില്ലാത്ത നാട്ടുമക്കളും ഹരിതസങ്കല്പങ്ങളും, ഗ്രാമസൗകുമാര്യവും ഇളകിയാടുന്നത് കണ്ട് മനം കുളിര്‍ത്തിട്ടുണ്ട്. നിക്കോള്‍ കിഡ്മാന്, എയ്ഞ്ചലീന ജോളി, ജെന്നിഫര്‍ ലോപ്പസ് തുടങ്ങിയ അഭിനേത്രികള്‍ ഒരുക്കുന്ന കാഴ്ചവിസ്മയക്കണി കണ്ടാല്‍ ആരാണ് സന്തോഷിക്കാത്തത്?
ഹിന്ദിയില്‍ പണംവാരിപ്പടങ്ങളല്ലാത്ത നല്ല സിനിമകളും ഇറങ്ങുന്നുണ്ട്. മധുര്‍ഭണ്ഡാക്കറിന്റെ പേജ് ത്രീ, വിക്രം ഭട്ടിന്റെ ഫുട്പാത്ത്, കലര്‍പ്പില്ലാത്ത സത്യസന്ധതയില്‍ കൊഴുക്കുന്ന ചലച്ചിത്ര പാരുഷ്യങ്ങള്‍ ”ജീവിതം എല്ലാ ചതുരക്കള്ളികള്ക്കും അപ്പുറത്താണെന്ന്”നമ്മെ ഓര്‍മിപ്പിക്കുന്നു. കഥകളെഴുതാനാണ് ഏറെ ഇഷ്ടം. ലേഖനമെഴുതാന്‍ പരോക്ഷമായി പ്രേരിപ്പിച്ചത് നിരൂപകന് എം.കെ. ഹരികുമാറാണ്. എഴുത്തുകാര്‍, രചനാതന്ത്രം മറ്റ് സാഹിത്യരംഗങ്ങളിലും പ്രയോഗിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
സിനിമ എന്നിലേക്ക് മോഹാവേശമായി പടരാന്‍ കാരണം അച്ഛനും അമ്മയും തന്നെ. മാങ്കാവില്‍ ഓലമേഞ്ഞ അശോക ടാക്കീസ്, നഗരത്തില്‍ ക്രൗണ്‍, രാധ, കോറണേഷന്‍, പുഷ്പ തിയേറ്ററുകള്‍. അമ്മയ്ക്ക് എംജിആര്‍, ജെമിനി ഗണേശന്, ജയശങ്കര്‍, രങ്കറാവു, രാജ്കപൂര്‍, വൈജയന്തിമാല, ദിലീപ് കുമാര്‍, രാജേന്ദ്രകുമാര്‍, ആശാപരേഖ്, ഷീല, ശാരദ, ജയലളിത, സാവിത്രി, പ്രേംനസീര്‍, മധു എന്നിവരുമായി ചങ്ങാത്തം.
അച്ഛന്, ശിവാജിഗണേശന്, സത്യന് കൊട്ടാരക്കര, വഹീദാ റഹ്മാന്, അടൂര്‍ഭാസി, ബഹദൂര്‍, എസ്.പി. പിള്ള, എം.എന്‍. നമ്പ്യാര്‍… അങ്ങനെപോകുന്നു ഇഷ്ടം. ഈ വ്യത്യസ്ത അഭിരുചിക്കാര്‍ക്കിടയില്‍പ്പെട്ട് ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ സന്തോഷത്തോടെ സിനിമകള്‍ കാണാന്‍ പോകാറുണ്ട്. കൗമാരനാളുകളില് ഏറെ ചലച്ചിത്രങ്ങള്‍ കാണാനിടയാക്കിയത് രക്ഷിതാക്കളുടെ ദ്വയവ്യക്തിത്വമാണ്. രാജ്കപൂര്‍, വൈജയന്തിമാല, രാജേന്ദ്രകുമാര്‍ അഭിനയിച്ച ‘സംഗം’ സിനിമ പുഷ്പടാക്കീസില്‍ പോയി കണ്ടത് ഓര്‍ക്കുന്നു.
പകല്‍കിനാവ് (ഒരു എം.ടി.ചിത്രം) ചെമ്മീന്‍, നീലക്കുയില്‍, ശാന്താറാമിന്റെ ‘സ്ത്രീ’ ദേവാനന്ദ്-സീനത്ത് അമന് വക ‘ഹരേരാമ ഹരേകൃഷ്ണ’, കുട്ടിക്കുപ്പായം, കണ്ടംബെച്ച കോട്ട്, മുറപ്പെണ്ണ്, നദി, ശകുന്തള എന്നിവ ഓര്‍മച്ചെപ്പില്‍ സൂക്ഷിക്കുന്ന ചില ചിത്രങ്ങള്‍ മാത്രം. 2014ല്‍, 160 കോടി രൂപ ചെലവഴിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളില്‍ ഭൂരിഭാഗവും ബോക്സോഫീസില്‍ പൊട്ടിത്തകര്‍ന്നത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ‘ഗുണമേന്മ’ യില്ലാത്തത് കൊണ്ടത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: