ഒരുനാള്‍, തൃക്കോവിലിന്
നടയില്‍ പകിടൊത്ത,
പുതുതാം ചെണ്ട, തന്റെ
ചുമലില്‍ തൂക്കി മാരാര്‍
മൃദുവാം മൃഗത്തോലാല്‍
‘തലകള്‍’ മെനഞ്ഞിട്ടും;
വരിക്കപ്ലാവാലതി-
ന്നുടലങ്ങൊരുക്കീട്ടും;
വശങ്ങള് മുഴുപ്പൊത്ത
ചരടാല്‍ മുറുക്കിയും;
വയസ്സന്, ‘പെരുംകൊല്ല’-
നവനെ, കാശാക്കിനാന്!
കോവിലിന് നടയിലും,
പൂരത്തിന് നിറവിലും
‘പേരെഴും മാരാര്‍’ തന്റെ
ചെണ്ടയെ നിവേദിച്ചു!
മേളമുണ്ടെങ്കില്‍; ‘മാരാര്‍’
വേണമെന്നായി, പിന്നെ,
മേളങ്ങള്ക്കൊപ്പിച്ചതാ
ചെണ്ടയും നിറഞ്ഞാടി!
ദേശങ്ങള്‍! വിദേശങ്ങള്‍!
പൂരങ്ങള്‍!ആഘോഷങ്ങള്‍!
മാരാര്ക്കൊന്നിരിക്കുവാന്
നേരമങ്ങില്ലാതായി!..
വര്‍ഷങ്ങള്‍ നീങ്ങീടവേ;
‘വട്ടങ്ങള്‍’ പഴകിപ്പോയ്!
ചെണ്ടതന്‍ സ്വരം നേര്‍ത്തു,
ശുദ്ധിയും കുറഞ്ഞേപോയ്!
മൂലയ്ക്കങ്ങിരിക്കുമ്പോള്
ചെണ്ടയോര്മ്മിച്ചു;തന്റെ
ഭൂതകാലങ്ങള്‍-പൂരം!
അമ്പലം!ആഘോഷങ്ങള്‍!
”കെട്ടുപോയല്ലോ, കഷ്ടം!
ശിഷ്യന്മാര്ക്കുതകീടും;
മേളങ്ങള്‍ക്കൊപ്പം കൂട്ടാന്‍
പുത്തനൊന്നതു വാങ്ങാം”
മാരാര്‍ തന് സ്വരം കേട്ടു
ചെണ്ട ഗദ്ഗദം കൊണ്ടു;
പ്രാണനോവോടന്നതു
ദേവനോടുര ചെയ്തു;
”തല്ലുകൊള്ളുവാന്‍ മാത്രം,
എന്തിനീ ജന്മം!ദേവാ!
ചെണ്ടയര്ത്ഥിച്ചു, ”ഭവാന്
തിരിച്ചങ്ങെടുത്താലും!”
ജയ, തിരുവഞ്ചൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: