ഭാരതീയ കിസാന്‍ സംഘത്തിന്റെ സംഘടനാ കാര്യദര്‍ശി സി.എച്ച്.രമേശ് ഏറെക്കാലങ്ങള്‍ക്കുശേഷം വീട്ടില്‍വന്നു. കുറേസമയം ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഒട്ടേറെ പഴയ ഓര്‍മകള്‍ അയവിറക്കാനുള്ള അവസരങ്ങള്‍ നല്‍കാറുണ്ട്. കിസാന്‍ സംഘത്തിന്റെ ഒരു വന്‍ പരിപാടി, ഏലം കര്‍ഷകരുടെ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനായി കട്ടപ്പനയില്‍ നടക്കാനിരിക്കുന്നതിന്റെ തയ്യാറെടുപ്പിലാണദ്ദേഹം. അതിന്റെ വിവരങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ പുനലൂരില്‍ നടന്ന പ്രാഥമിക ശിക്ഷാവര്‍ഗില്‍ പ്രാന്തീയ അധികാരിയെന്ന നിലയില്‍ സംബന്ധിച്ച കാര്യവും പറഞ്ഞു. അതിനിടയിലാണ് പഴയ പ്രചാരകന് ജി.അപ്പുക്കുട്ടന്റെ കാര്യം വന്നത്.
അപ്പുക്കുട്ടനെക്കുറിച്ച് ഒരു വിവരവും വര്‍ഷങ്ങളായി കിട്ടാതിരിക്കുകയായിരുന്നു. ഇക്കുറിയത്തെ ഭാസ്കര്‍റാവുജി അനുസ്മരണ പരിപാടിയോടനുബന്ധിച്ച് എളമക്കര ഭാസ്കരീയത്തില്‍ സംഘടിപ്പിക്കപ്പെട്ട പൂര്‍വപ്രചാരക സംഗമത്തില്‍ അപ്പുക്കുട്ടനെത്തുമെന്ന് ഞാന്‍ ആശിച്ചിരുന്നു. എന്നാല്‍ അവിടെയെത്തിയ ആര്‍ക്കും തന്നെ അദ്ദേഹത്തിന്റെ സമ്പര്‍ക്കമില്ലായിരുന്നു. വയനാട്ടില്‍ ഒരവധൂതനെപ്പോലെ ചികിത്സയും മറ്റുമായി ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നിരുന്ന കാര്യം ചിലര്‍ സൂചിപ്പിച്ചു. അവര്‍ക്കും കൂടുതലെന്തെങ്കിലും പറയാന്‍ ആകുമായിരുന്നില്ല.
പുനലൂര്‍ വര്‍ഗില്‍ കീറിപ്പിഞ്ഞിയ വസ്ത്രങ്ങള്‍ ധരിച്ച്, മുടിയും താടിയും നീണ്ട ഒരാള്‍ ഒറ്റനോട്ടത്തില്‍ മാനസിക തകരാര്‍ ഉണ്ടെന്നു സംശയിക്കാവുന്ന വിധത്തില്‍ എത്തി. അദ്ദേഹത്തിനു മോഹന്‍ജിയെയാണ് കാണേണ്ടിയിരുന്നത്. ശിബിരത്തില്‍ ഉണ്ടായിരുന്ന ശാരീരിക ശിക്ഷണ്‍ ക്ഷേത്രീയ പ്രമുഖ് ഒ.കെ.മോഹനനെയാവുമെന്നുദ്ദേശിച്ച് ഉറപ്പുവരുത്താനായി ഏതു മോഹന്‍ജി എന്നന്വേഷിച്ചപ്പോള്‍ പ്രാന്തകാര്യാലയ വ്യവസ്ഥാ പ്രമുഖ് മോഹന്‍ജിയെന്നു മറുപടി കിട്ടി. അപ്പുക്കുട്ടന് എന്ന പേര് കേട്ടപ്പോള്‍ രമേശിന് മുന്‍ പ്രചാരകനാവാമതെന്നു സംശയം തോന്നുകയും ”ഭാരത് കേ കോനേ കോനോസേ സബ് ഹിന്ദു മില്കര് ആയേ, ഹം ഐസാ സംഘ് ബനായേ”എന്ന ഗണഗീതം പാടിയിരുന്ന അപ്പുക്കുട്ടനാണോ എന്നന്വേഷിച്ചപ്പോള്‍, അദ്ദേഹം അത്യധികം സന്തുഷ്ടനായി തന്റെ കഥകള്‍ പറഞ്ഞു.
പുനലൂരിനും അഞ്ചലിനുമിടയ്ക്ക് ഒരു ക്ഷേത്രപരിസരത്തുള്ള വീടിന്റെ ചായ്ചുകെട്ടില്‍ കുടുംബസഹിതം കഴിയുകയാണെന്നും ക്ഷേത്രവും പരിസരങ്ങളും വൃത്തിയാക്കി സൂക്ഷിക്കുന്നതിനാല്‍ ആരെങ്കിലും സഹായിക്കുന്നതുകൊണ്ടു കഴിഞ്ഞുകൂടുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞതത്രെ. കൂടുതലായി മോഹങ്ങളൊന്നുമില്ലെന്ന ഭാവമായിരുന്നുവെന്നും തോന്നി. അദ്ദേഹവുമായി ബന്ധപ്പെടാനും മറ്റും അവിടത്തെ സംഘപ്രവര്‍ത്തകര്‍ക്ക് രമേശ്ജി നിര്‍ദ്ദേശം നല്കി.
ജി.അപ്പുക്കുട്ടന് 1964 മുതല്‍ ഏതാനും വര്‍ഷക്കാലം കോട്ടയം താലൂക്കിന്റെ കിഴക്കന്‍ ഭാഗത്തും വാഴൂര്‍, ആനിക്കാട് മണ്ഡലങ്ങളിലും പ്രചാരകനായിരുന്നു. അക്കാലത്ത് മൂന്നുവര്‍ഷക്കാലം ഞങ്ങള്‍ ഒരുമിച്ചു നടത്തിയ പദയാത്രകള്‍ അവിസ്മരണീയങ്ങളാണ്. ആലപ്പുഴക്കാരനായിരുന്ന അദ്ദേഹം വിദ്യാര്‍ത്ഥിയായിരിക്കെ 1952 ല്‍ പൂജനീയ ഗുരുജി പങ്കെടുത്ത സംഘപരിപാടിക്കെതിരെ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ അതിക്രമത്തില്‍ പങ്കുചേര്‍ന്നയാളായിരുന്നു. പക്ഷേ പിന്നീട് അവിടെ പ്രചാരകനായി വന്ന സാക്ഷാല്‍ എംഎ സാറിന്റെ സമ്പര്‍ക്കത്തില്‍ വരികയും സംഘത്തെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു.
അമ്മൂമ്മയല്ലാതെ ഉറ്റവര്‍ ആരുമില്ലായിരുന്ന അപ്പുക്കുട്ടന് പഠിപ്പു കഴിഞ്ഞ് പ്രചാരകനായി. ആവേശകരമായി, പരിപൂര്‍ണ ലയത്തോടെ ഗാനങ്ങള്‍ ആലപിക്കാനും, വികാരനിര്‍ഭരമായ വിധത്തില്‍ കഥകള്‍ പറയുവാനും അപ്പുക്കുട്ടന് നല്ല വൈഭവവമാണ്. നേരത്തെ സൂചിപ്പിച്ച ഭാരത് കേ കോനേ കോനേസേ എന്ന ഗാനമായിരുന്നു ശ്രോതാക്കളും അനുഗായകരും ഏറ്റവും ഇഷ്ടപ്പെട്ട ഗീതം. ശിബിരങ്ങളിലും സഹലുകളിലും ഈ പാട്ട് അപ്പുക്കുട്ടന് പാടുമ്പോള്‍ ഓരോ ചരണവും കഴിയുന്നിടത്ത് എല്ലാവരും ചേര്‍ന്ന് ‘ഹം ഐസാ സംഘ ബനായേ’ എന്നുറക്കെ പല്ലവി പാടുന്നത് അത്യന്തം ആവേശകരമായിരുന്നു.
പരേതനായ പ്രചാരകന് കെ.പെരച്ചന് നയിച്ച ‘പോവുക പോവുക പോവുക നമ്മള് വാളൂരിക്കൊണ്ടധര്‍മമൊക്കെയടക്കീടാന്‍” എന്ന ഗണഗീതം മാത്രമേ അതിനെ അതിശയിക്കുന്നതായി അനുഭവപ്പെട്ടിരുന്നുള്ളൂ. കഥ പറയുന്നതിലും അപ്പുക്കുട്ടന് സവിശേഷമായ സാമര്‍ത്ഥ്യവും നൈപുണ്യവും കാട്ടിയിരുന്നു. ശിവജി, റാണാപ്രതാപ്, വേലുത്തമ്പി മുതലായവരുടെ കഥകള്‍ക്കു പുറമേ ഭാരതത്തിലെ ഉപമന്യുവിന്റെ കഥയായിരുന്നു അപ്പുക്കുട്ടന് ഏറ്റവും വികാരനിര്‍ഭരമായി വിവരിച്ചത്.
അക്കാലത്ത് കോട്ടയം ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ ബസ് സൗകര്യങ്ങള്‍ കുറവായിരുന്നു. അതിനാല്‍ ഒരു തോള് സഞ്ചി തൂക്കി നടന്നായിരുന്നു യാത്രകള്‍ എല്ലാം തന്നെ. ആനിക്കാട്, വാഴൂര്‍, കൂരോപ്പട, പള്ളിക്കത്തോട്, ചാമംപതാല്‍ തുടങ്ങി ഉള്‍പ്രദേശങ്ങളില്‍ അപ്പുക്കുട്ടന് കാല്‍ചവിട്ടാത്ത ഇടവഴികളും മൂന്നടിപ്പാതകളും റോഡുകളുമുണ്ടാവില്ല. അവിടങ്ങളിലെ സംഘകുടുംബങ്ങളില്‍ അദ്ദേഹം ഉറ്റബന്ധുവിനെപ്പോലെ പെരുമാറി. മുതിര്‍ന്നവര്‍പോലും ‘അപ്പുക്കുട്ടന് നായര്‍ വരുന്നുണ്ട്’ എന്ന് അകത്തേക്ക് നോക്കി പറഞ്ഞാല്‍ അമ്മമാര്‍ ഇഷ്ടഭക്ഷണം ഒരുക്കിവെക്കുമായിരുന്നു. സൈക്കിള്‍ ഉപയോഗിക്കാന്‍ അദ്ദേഹം അഭ്യസിച്ചില്ലത്രെ.
സന്തോഷവും ആത്മവിശ്വാസവും അല്ലാതെ, നിരാശയോ ഇച്ഛാഭംഗമോ മുഖത്ത് പ്രതിഫലിച്ചില്ല. ഒരു വാച്ച് വേണമെന്ന് വലിയ മോഹമുണ്ടായിരുന്നു. ദീര്‍ഘചതുരാകൃതിയിലുള്ള എന്റെ വെസ്റ്റ് എന്‍ഡ് വാച്ച് അദ്ദേഹത്തിനു കൊടുത്തെങ്കിലും അത് വൃത്തത്തിലാക്കാനായി ഒരു വാച്ച് മേക്കറെ ഏല്‍പ്പിച്ചപ്പോള്‍ അയാള്‍ കബളിപ്പിക്കുകയാണ് ചെയ്തത്. പുരാവസ്തുവിന്റെ കൗതുകമുള്ള ആ വാച്ച് അയാള്‍ നല്ലവില കരസ്ഥമാക്കി വിറ്റിരിക്കാം.
1967 ല്‍ ജനസംഘ ചുമതല ഏല്‍പ്പിക്കപ്പെട്ട് കോഴിക്കോട്ടേക്ക് പോയപ്പോള്‍ അപ്പുക്കുട്ടനുമായി നേരിട്ടുള്ള സമ്പര്‍ക്കം കുറഞ്ഞുവന്നു. പിന്നീട് ശിബിരങ്ങളിലും ബൈഠക്കുകളിലും കാണാറുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം സമ്പര്‍ക്കമുണ്ടായേ ഇല്ല. അപ്പുക്കുട്ടന്റെ വിവരങ്ങള്‍ അപൂര്‍വമായേ കിട്ടിയിരുന്നുള്ളൂ. ജന്മഭൂമിയില് കഴിയവേ ഒരു ദിവസം തലയില്കെട്ടും പൂരാടപ്പുതയുമായി അപ്പുക്കുട്ടന് അവിടെ കയറിവന്നു. നോര്‍ത്തിലെ പഴയ ആഫീസായിരുന്നു അന്ന്. എന്തൊക്കെയോ സിദ്ധൗഷധങ്ങള്‍ ഗുരുപദേശത്തില് ലഭിച്ചുവെന്നും ചികിത്സയുണ്ടെന്നും പറഞ്ഞു. ചില ചൂര്‍ണങ്ങളും ലേപങ്ങളും തരികയും ചെയ്തു. അതിനുശേഷം അദ്ദേഹവുമായി ബന്ധമുണ്ടായില്ല. വയനാട്ടിലുണ്ടെന്നു ചിലര്‍ പറഞ്ഞറിഞ്ഞു.
സംഘപ്രവര്‍ത്തനം ഏറ്റവും ദുര്‍ഘടം പിടിച്ചതായിരുന്ന ഒരു കാലഘട്ടത്തില്‍ പ്രചാരകനായി പ്രവര്‍ത്തിച്ച ആളായിരുന്നു ജി.അപ്പുക്കുട്ടന്. സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി മോഹിക്കുകയോ, വിഷമങ്ങള്‍ പുറത്തറിയിക്കുകയോ ചെയ്യാത്ത, മധുര സ്വഭാവിയായ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഇന്നും മാഞ്ഞുപോകാത്ത അനേകം മുതിര്‍ന്ന സ്വയംസേവകരുണ്ട്. ആ സ്നേഹവും മമതയും മധുരസ്വഭാവവും പെരുമാറ്റവും കൊണ്ട് പ്രത്യയശാസ്ത്രപരമായി എതിര് ചേരിയിലായിരുന്ന പല പ്രമുഖ വ്യക്തികളെയും സംഘത്തിലേക്കാകര്‍ഷിച്ച അനുഭവമുണ്ട്.
സി.എച്ച്.രമേശ് യദൃച്ഛയാ അപ്പുക്കുട്ടനെ കണ്ട വിവരം പറഞ്ഞപ്പോള്‍ അരനൂറ്റൂണ്ടുമുമ്പ് ഒരുമിച്ചു പ്രവര്‍ത്തിച്ച കാലം തെളിഞ്ഞുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: