നാദാപുരം: പഞ്ചായത്തിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനധികൃതമായ പണി തീര്‍ത്ത കിണര്‍’ ഇടിഞ്ഞുതാഴ്ന്നു. സിറാജുല്‍ഹുദാ സ്ഥാപനങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ നാദാപുരം കരയത്തുപറമ്പിന് സമീപം വയലില്‍ കുഴിച്ച പന്ത്രണ്ടടി വീതിയുള്ള വന്‍ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണര്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടിനോട് ചേര്‍ന്നു നിര്‍മ്മിച്ച കരിങ്കല്‍ ഭിത്തിയും തകര്‍ന്നു. ഇതേതുടര്‍ന്ന് വീടിന്റെ പോര്‍ച്ചിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് പില്ലറുകള്‍ ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലായി. കഴിഞ്ഞ വേനലിലാണ് നാദാപുരം കസ്തൂരിക്കുളത്തുള്ള സിറാജുല്‍ഹുദയുടെ ഷോപ്പിംഗ് കോംപ്ലക്‌സി നോട് ചേര്‍ന്ന സ്ഥാപനത്തിലേക്ക് വെള്ളമെത്തിക്കാന്‍ കിണര്‍ നിര്‍മ്മിച്ചത്.
ഇവിടെ നിന്നും പൈപ്പ് മാര്‍ഗം വെള്ളം കോംപ്ലക്‌സില്‍ എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പഞ്ചായത്ത് പണിതറോഡും ഓവുചാലും തകര്‍ത്ത് കൊണ്ടുള്ള പൈപ്പ് ലൈന്‍ വലിക്കെതിരെ പരിസരവാസികള്‍ പരാതിയുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന് അനധികൃതമായ പൈപ്പിടല്‍ നീക്കം പഞ്ചായത്ത് തടയുകയായിരുന്നു. ഇതിനിടയിലാണ് കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാണത്. നാദാപുരം ടൗണിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നൂറുക്കണക്കിനു വിദ്യാര്‍ത്ഥികള്‍ കടന്നു പോകുന്ന വഴിയരികിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . പരിധിയില്‍ കവിഞ്ഞ വലുപ്പത്തിലുള്ള കിണര്‍ ഇവിടെ പണികഴിച്ചതിനെ തുടര്‍ന്ന് പരിസരത്തെ മുപ്പത്തഞ്ചു വീടുകളില്‍ കഴിഞ്ഞ വേനലില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
കിണര്‍ ഇവിടെ അനുവദിക്കില്ലെന്നും ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ കര്‍മ്മ സമിതി രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍ സുഹ്‌റ പുതിയാറക്കല്‍ ചെയര്‍പേഴ്‌സണും പുത്തംപീടികയില്‍ മൊയ്തു, റമീസ് നാദാപുരം വൈസ് ചെയര്‍മാന്‍മാരും സന്തോഷ് ചെടയമ്പത്ത് കണ്‍വീനറും നൗഫല്‍ മൂവാഞ്ചേരി, സജിന്‍ ദാസ് കൊമ്പന്റവിട ജോയിന്റ് കണ്‍വീനര്‍മാരും കാവുങ്കല്‍ കുഞ്ഞാലി ട്രഷററുമായാണ് കര്‍മ്മ സമിതി രൂപീകരിച്ചത്. പഞ്ചായത്ത്, വില്ലേജ്, താലൂക്ക്, കലക്ടര്‍, ആര്‍ഡിഒ എന്നിവര്‍ക്ക് പരിസരത്തെ വീട്ടുടമയും കര്‍മ്മസമിതിയും’ പരാതി നല്‍കിയിട്ടുണ്ട്.
















