കൊച്ചി: സാഹിത്യത്തിനും മറ്റ് കലാരൂപങ്ങള്‍ക്കും തുല്യമായ സ്ഥാനം പരസ്യചിത്ര നിര്മാണത്തിനുമുണ്ടെന്ന് നടന് മമ്മൂട്ടി. പരസ്യചിത്ര രംഗത്ത് ജോലി ചെയ്യുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച പരസ്യചിത്ര സംവിധായകരുടെ സംഘടന ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയുടെ വിശിഷ്ടാംഗത്വം പ്രമുഖ പരസ്യചിത്ര സംവിധായകരായ രാജീവ് മേനോനും വി.കെ. പ്രകാശിനും മമ്മൂട്ടി കൈമാറി. പരസ്യചിത്ര സംവിധായകനായിരുന്ന അന്തരിച്ച മാത്യു പോളിന്റെ ഭാര്യ ഷീല മാത്യു പോള്‍ സംഘടനയുടെ ഉപഹാരം മമ്മൂട്ടിക്ക് നല്കി. പരസ്യചിത്ര മേഖലയില്‍ ഇന്ത്യയിലെ ആദ്യ സംഘടനയാണ് അയാം.
പരസ്യചിത്ര നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ‘മുട്ടന്‍ ആഡുകള്‍’ക്കുള്ള ബ്ബേ… അവാര്‍ഡുകളും മാസ് മീഡിയ വിദ്യാര്‍ഥികള്‍ക്കായി അന്തരിച്ച മാത്യു പോളിന്റെ സ്മരണയ്ക്കായി ചെണ്ട അവാര്‍ഡുകളും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
സംവിധായകന് ലാല്‍ ജോസ്, ‘അയാം’ പ്രസിഡന്റ് ജബ്ബാര്‍ കല്ലറയ്ക്കല്‍, ജനറല്‍ സെക്രട്ടറി സിജോയ് വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ ഭാനുപ്രകാശ്, ഷിബു അന്തിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. മസാല കോഫി എന്ന മ്യൂസിക് ബാന്‍ഡിന്റെയും ഡിജെ സാവ്യോയുടെയും സംഗീതപരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: