ലിയോണ്‍: ചരിത്രത്തിലാദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റ് കളിക്കാനിറങ്ങിയ അല്‍ബേനിക്ക് ചരിത്ര വിജയം. യൂറോ 2016ന്റെ ഗ്രൂപ്പ് എയില്‍ നടന്ന അവസാന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് റുമാനിയയെ കീഴടക്കിയാണ് അല്‍ബേനിയ ഒരു മേജര്‍ ടൂര്‍ണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ അവര്‍ അവസാന 16-ല്‍ ഇടംപിടിക്കാനുള്ള നേരിയ സാധ്യത നിലനിര്‍ത്തുകയും ചെയ്തു.
എല്ലാ ഗ്രൂപ്പുകളില്‍ നിന്നും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും നോക്കൗട്ടിലേക്കു കടക്കാമെന്നിരിക്കെ മറ്റ് ടീമുകളുടെ മത്സര ഫലത്തിലായിരിക്കും ഇനി അല്‍ബേനിയയുടെ കണ്ണ്.
ഒരു വിജയം പോലും നേടാന്‍ കഴിയാതെ യൂറോകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യടീമായി റുമാനിയ. മൂന്ന് കളികളില്‍ നിന്ന് രണ്ട് പരാജയവും ഒരു വിജയവുമടക്കം മൂന്ന് പോയിന്റുമായി അല്‍ബേനിയ മൂന്നാമതും ഒരു പോയിന്റ് മാത്രമുള്ള റുമാനിയ നാലാമതുമാണ്.
ആദ്യ കളിയില്‍ ഫ്രാന്‍സിനോട് 2-1ന് പരാജയപ്പെട്ട റുമാനിയ രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ 1-1ന് സമനിലയില്‍ തളച്ചു. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ക്കാണ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാന്‍ കഴിയുക. ഫ്രാന്‍സും, സ്വിറ്റ്സര്‍ലന്‍ഡും ഗ്രൂപ്പ് എയില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് റുമാനിയയായിരുന്നെങ്കിലും സ്ട്രൈക്കര്‍മാര്‍ പരാജയപ്പെട്ടതാണ് അവര്‍ക്ക് തിരിച്ചടിയായത്. അല്ബേനിയയന് പകുതിയിലാണ് കൂടുതല്‍ സമയം കളി നടന്നതും. കളിയുടെ ഗതിക്കെതിരെ 43-ാം മിനിറ്റില്‍ സാദികുവാണ് അല്‍ബേനിയക്ക് ചരിത്രവിജയം നേടിക്കൊടുത്ത ഗോള്‍ സ്വന്തമാക്കിയത്. ലെഡിയന്‍ മെമുഷാജിന്റെ ക്രോസില്‍ നിന്നായിരുന്നു സാദികുവിന്റെ ഗോള്‍.
രണ്ടാം പകുതിയില്‍ സമനിലക്കായി റുമാനിയന്‍ താരങ്ങള്‍ എതിര് ബോക്സില്‍ നിരവധി തവണ പന്തെത്തിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. എഴുപത്തിനാലാം മിനിറ്റില്‍ ഗോള്‍ നേടാനുള്ള റോമേനിയയുടെ ശ്രമം അല്‍ബേനിയന്‍ പ്രതിരോധ നിര താരം അയേറ്റി നിഷ്പ്രഭമാക്കി. മിനിറ്റുകള്‍ക്കുള്ളില്‍ ലഭിച്ച സുവര്‍ണാവസരം അന്‍ഡോണ്‍ കളഞ്ഞുകുളിച്ചു. അവസാന മിനിറ്റുകളില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞെങ്കിലും സമനില നേടാന്‍ റുമാനിയക്കോ ലീഡ് ഉയര്‍ത്താന്‍ അല്ബേനിയക്കോ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: