തൃശൂര്‍:മുനിസിപ്പല്‍-പഞ്ചായത്തു വകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് കോമണ്‍ സര്‍വ്വീസ് രൂപീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.മുളങ്കുന്നത്ത്കാവ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) യില്‍ നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോടെയുളള പരിശീലന ബ്ലോക്കിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ ഭരണത്തില്‍ പരിശീലനം നല്കുന്നതില് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കിലയെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തും. ഗ്രാമങ്ങളാണ് വികസിച്ച് പട്ടണവും നഗരവുമാകുന്നത്. നഗര-ഗ്രാമ-പട്ടണ വ്യത്യാസമില്ലാതെ അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തി വികേന്ദ്രീകരണ ഭരണം ഫലപ്രാപ്തിയിലെത്തിക്കും. ജനപ്രതിനിധികള്‍ക്ക് മാത്രമല്ല തദ്ദേശ സ്വയം ഭരണത്തില്‍ പങ്കാളികളാകുന്ന ഉദേ്യാഗസ്ഥര്‍ക്കും ആധുനിക കാലഘട്ടത്തിനനുസൃതമായ പരിശീലനം നല്കാന് സര്‍ക്കാറിന് ഉദ്ദേശമുണ്ട്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കേരളത്തിലുളള ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് സൂക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തിന്റെ തനത് ഉല്‍പ്പന്നങ്ങളും സംസ്കാരവും പ്രചരിപ്പിച്ചും വിപണനം ചെയ്തും വിനോദ സഞ്ചാര വ്യവസായത്തെ തൊഴിലധിഷ്ഠിത മേഖലയായി വികസിപ്പിക്കുമെന്ന് ചടങ്ങില്‍ കില പുറത്തിറക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്ത സഹകരണ-വിനോദ സഞ്ചാര മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു.ജൈവ പച്ചക്കറി വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശ സ്വയം വകുപ്പ് മുന്നോട്ട് വന്നാല്‍ വിപണനം നടത്തുന്നതിന് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ സഹായം നല്‍കും. ഔഷധ സസ്യകൃഷിയില്‍ പഞ്ചായത്തുകള്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് ടൂറിസം വകുപ്പും സഹായം നല്‍കും. അന്യമാകുന്ന നാട്ടറിവുകളെക്കുറിച്ച് കിലയില്‍ പരിശീലനം നല്‍കുന്നത് സസ്യവൈവിധ്യങ്ങളുടെ സംരക്ഷണത്തിനും നമ്മുടെ സാംസ്കാരിക പ്രതിച്ഛായ കാത്തു സൂക്ഷിക്കുന്നതിനും സഹായകമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ലൈജു സി. എടക്കളത്തൂര്‍, മുളങ്കുന്നത്ത്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബെന്നി, തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ആര്. സുരേഷ്കുമാര്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജു വാസുദേവന്‍, മുളങ്കുന്നത്ത്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എച്ച്. സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: