കാലിഫോര്‍ണിയ: ഒടുവില്‍ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി മിന്നുന്ന ഫോമിലേക്കുയര്‍ന്നപ്പോള്‍ തകര്‍ന്നടിഞ്ഞത് മെക്സിക്കോ. ഇന്നലെ കോപ്പ അമേരിക്ക ശതബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് മെക്സിക്കോയെ തകര്‍ത്തെറിഞ്ഞ് ചിലി സെമിയിലേക്ക് കുതിച്ചു. സെമിയില്‍ കരുത്തരായ കൊളംബിയയാണ് ചിലിയുടെ എതിരാളികള്‍. എന്നാല്‍ ഈ മത്സരത്തില്‍ സൂപ്പര്‍ താരം അര്‍ടൂറോ വിദാലിന്റെ സേവനം ചിലിക്ക് ലഭിക്കില്ല. ടൂര്‍ണമെന്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടതോടെ വിദാലിന് അടുത്ത കളിയില്‍ പുറത്തിരിക്കേണ്ടിവരും.
ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ചിലി രണ്ടാം പകുതിയിലാണ് മെക്സിക്കോയുടെ ഹൃദയം പിളര്‍ന്ന് അഞ്ചെണ്ണം നേടിയത്. തുല്യശക്തികളുടെ പോരാട്ടമാകുമെന്ന് കരുതപ്പെട്ടെങ്കിലും ചിലിയുടെ മികവിന് മുന്നില്‍ മെക്സിക്കോ തീര്‍ത്തും നിഷ്പ്രഭരായി. നാലു ഗോളുകളുമായി കളം നിറഞ്ഞ എഡ്വാര്‍ഡോ വാര്‍ഗാസാണ് കളിയിലെ മിന്നുംതാരം. ഇതോടെ ആറ് ഗോളുകളുമായി ടോപ്സ്കോറര്‍ പട്ടികയില്‍ ഒന്നാമതെത്തി വര്‍ഗാസ്. ഇരട്ടഗോള്‍ നേടിയ എഡ്സണ് പുച്ച് കോര്‍ട്ടസ് രണ്ട് തവണയും ലക്ഷ്യം കണ്ടു. സൂപ്പര്‍താരം അലക്സിസ് സാഞ്ചാണ് മറ്റൊരു ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലെത്തിയ മെക്സിക്കോ ചിലിക്കെതിരെ കളി മറന്ന രീതിയിലായിരുന്നു മൈതാനത്ത്.
പന്ത് കൈവശം വയ്ക്കുന്നതിലും ഗോളിലേക്ക് ഷോട്ട് തൊടുക്കുന്നതിലും പാസുകള്‍ കൈമാറുന്നതിലുമെല്ലാം ചിലി എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു. അവര്‍ 21 തുറന്നെടുത്തത് 21 അവസരങ്ങള്‍. ഇതില്‍ 11 എണ്ണം ലക്ഷ്യത്തിലേക്ക്. അതില്‍ ഏഴെണ്ണം വലയില്‍ കയറുകയും ചെയ്തു. അതേസമയം ഒരിക്കല്‍ മാത്രമാണ് മെക്സിക്കോക്ക് എതിര്‍ഗോളി ക്ലോഡിയോ ബ്രാവോയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. മികച്ച ആക്രമണത്തിനൊപ്പം കരുത്തുറ്റ പ്രതിരോധവും കെട്ടിപൊക്കിയതോടെ മെക്സിക്കന്‍ മുന്നേറ്റങ്ങളെല്ലാം അവയില്‍ തട്ടി അവസാനിക്കുകയും ചെയ്തു.
കളി തുടങ്ങി 16-ാം മിനിറ്റില്‍ എഡ്സണ് പുച്ചിലൂടെ തുടങ്ങിയ ഗോള്‍ മഴക്ക് 87-ാം മിനിറ്റില്‍ താരം തന്നെ അവസാനം കുറിച്ചു. പത്താം മിനിറ്റിലാണ് ചിലിക്ക് ആദ്യ അവസരം ലഭിച്ചത്. വിദാല്‍ മെക്സിക്കന്‍ പ്രതിരോധത്തിന് മുകളിലൂടെ നല്കിയ പാസ് ലക്ഷ്യത്തിലെത്തിക്കാന്‍ പുച്ചക്ക് കഴിഞ്ഞില്ല. ആറ് മിനിറ്റിനുശേഷം ആദ്യ ഗോള്‍.
വര്‍ഗാസ് നല്കിയ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ഡയസ് പായിച്ച ബുള്ളറ്റ് ഷോട്ട് മെക്സിക്കന്‍ ഗോളി ഒച്ചാവോ തട്ടിയകറ്റി. എന്നാല്‍ പന്ത് എത്തിയത് പുച്ചയുടെ കാലുകളില്‍ പുച്ച അനായാസം പന്ത് വലയിലെത്തിക്കുകയും ചെയ്തു. ലീഡ് നേടിയതോടെ ചിലിയന്‍ മുന്നേറ്റത്തിന് കൂടുതല്‍ മൂര്‍ച്ച കൈവന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 37-ാം മിനിറ്റില്‍ വര്‍ഗാസ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് നാല് മിനിറ്റ് കഴിഞ്ഞപ്പോള്‍ വര്‍ഗാസ് തന്റെ ഗോളടിക്ക് തുടക്കമിട്ടു.
ബോക്സിനുള്ളില്‍ നിന്ന് സാഞ്ചസ് വര്‍ഗാസിന് പന്ത് കൈമാറുമ്പോള്‍ മുന്നില്‍ ഗോളിമാത്രം. പന്ത് കിട്ടിയ വര്‍ഗാസ് വച്ചുതാമസിപ്പിക്കാതെ അനായാസ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ ആദ്യപകുതിയില്‍ ചിലി 2-0ന് മുന്നില്‍.
രണ്ടാം പകുതിയിലും ചിലി മുന്നേറ്റത്തിന് കുറവുവരുത്തിയില്ല. കൂടുതല്‍ ഗോളുകള്‍ നേടണമെന്ന വാശിയില്‍ അവര്‍ ഇരച്ചുകയറിയതോടെ എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴാമെന്ന സ്ഥിതിയിലായി.
49-ാം മിനിറ്റില്‍ അനായാസ ഷോട്ടിലൂടെ സാഞ്ചസ് ലക്ഷ്യം കണ്ടപ്പോള്‍ ചിലി 3-0ന് മുന്നില്‍. ഇതോടെ ദേശീയ ടീമിനായി കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതി ഇവാന് സമൊറാനോയ്ക്കൊപ്പം പങ്കിട്ടു. 34 ഗോളുകളാണ് ഇരുവരും നേടിയത്. 37 ഗോളുകള്‍ നേടിയ മാഴ്സലോ സാലസാണ് ചിലിയുടെ ടോപ് സ്കോറര്‍.
52-ാം മിനിറ്റില്‍ സാഞ്ചസിന്റെ പാസില്‍ നിന്ന് വര്‍ഗാസ് തന്റെ രണ്ടാം ഗോളും 57-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തി ഹാട്രിക്ക് തികച്ചു. പിന്നീട് 74-ാം മിനിറ്റില്‍ നാലാം ഗോളും വര്‍ഗാസ് കണ്ടെത്തിയതോടെ ചിലി 6-0ന് മുന്നില്‍. 87-ാം മിനിറ്റില്‍ വിദാലിന്റെ പാസില്‍ നിന്ന് പുച്ച വീണ്ടും ലക്ഷ്യം കണ്ടതോടെ ചിലിയുടെ ഗോള്‍ പട്ടിക പൂര്‍ണ്ണം. ദുര്‍ബലമായ പ്രതിരോധം തീര്‍ത്തതും മെക്സിക്കോക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: