ചാവക്കാട്: നഗരത്തില്‍ വന്‍ തോതില്‍ ലഹരി വില്പനയും വ്യാപകമെന്ന് പരാതി. ചായക്കടകളിലും മറ്റും പലഹാര വിതരണം നടത്തുന്നതിന്റെ മറവിലാണ് നിരോധിക്കപ്പെട്ട ഹാന്‍സ് വില്പന നടത്തുന്നത്. അതിരാവിലെ തന്നെ ആവശ്യക്കാര്‍ ചായക്കടകളിലും മറ്റു സ്ഥലങ്ങളില്‍ വെച്ചും വാങ്ങുകയാണ് പതിവ്. സ്ഥിരമായി വാങ്ങുന്നവര്‍ക്കു മാത്രമാണ് ഇവര്‍ വില്പന നടത്തുക. എന്നാല്‍ പരിചയമില്ലാത്ത പുതിയ ആളുകള്‍ക്ക് ഇവര്‍ കൊടുക്കുകയില്ല. മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് താന്‍ പലഹാര വിതരണം നടത്തുന്ന റൂട്ടില്‍ ആവശ്യക്കാരോട് മുന്‍കൂട്ടി പറഞ്ഞ സ്ഥലത്തു വെച്ചും വില്പന നടക്കുന്നുണ്ട്. ഇതു കൂടാതെ നഗരഹൃദയത്തിലെ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫ്രൂട്ട്സ്കട കേന്ദ്രീകരിച്ചും ഹാന്‍സ് വില്പന തകൃതിയായി നടക്കുന്നുണ്ടെന്ന് പറയുന്നു. നിരവധി തവണ ഈ കടയില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടിച്ചിട്ടുണ്ടെങ്കിലും പ്രതികള്‍ പിഴയടച്ച് രക്ഷപ്പെടുകയാണ് പതിവ്. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും ഇവര്‍ ലഹരിവില്പന യഥേഷ്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.ഒരു പാക്കറ്റിന് കേവലം അഞ്ചു രൂപയ്ക്ക് തമിഴ്നാട്ടില്‍ നിന്നും കടത്തികൊണ്ടു വരുന്ന ഹാന്‍സ് നാല്പതു രൂപ മുതല്‍ വലിയ തുകയ്ക്കാണ് ഇവര്‍ വില്‍ക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ലഹരി വസ്തുക്കളുടെ വില്പന നടക്കുന്നത്. അനധികൃതമായി നിരോധിത ലഹരി,പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുക്കാര് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: