കല്‍പ്പറ്റ : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. വയനാട്ടിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ അനുവദിക്കപ്പെട്ട കേന്ദ്രഫണ്ടുകളടക്കം ദുരുപയോഗം ചെയ്യുന്നതായിട്ടും തന്നിഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കുമായി നിയമങ്ങളില്‍ ഇളവ് നല്‍കുന്നതായും പരാതിയുണ്ട്.
വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ അഴിമതി നടക്കുന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ നടന്ന അഴിമതി പുറത്തുവരാതിരിക്കാനാണ് പ്രസിഡന്റും പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് ലംഘിച്ച് നൂറ് കണക്കിന് വന്‍ കെട്ടിടങ്ങള്‍ക്ക് 2011 മുതല്‍ പഞ്ചായത്ത് സെക്രട്ടറി പെര്‍മിറ്റ് നല്‍കിയിട്ടുള്ളതായിട്ടാണ് അറിയാന്‍കഴിയുന്നത്. വിവിധ ഭവന പദ്ധതികളിലും റോഡ് പ്രവൃത്തിയിലും അഴിമതിയുണ്ട്. രണ്ട് കോടി രൂപയോളം ഭവന പദ്ധതിയില്‍ ലാപ്സാക്കിയിരിക്കുകയാണ്. തെരുവ്വിളക്ക് സ്ഥാപിക്കുന്നതിന് സ്വകാര്യവ്യക്തിക്ക് കരാര്‍ നല്കിയതും അന്വേഷണവിധേയമാക്കണം. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്താനും നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ പണിയാനും കണിയാമ്പറ്റ പഞ്ചായത്തില്‍ സ്വാധീനക്കാര്ക്കും പണക്കാര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല.
തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിന് വെങ്ങപ്പള്ളി പഞ്ചായത്തിന് അനുവദിച്ച ലോകബാങ്ക് സഹായം ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് അറിയുന്നത്. ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനവും ആദിവാസി ക്ഷേമവും ലക്ഷ്യമിട്ട് ലോക്കല്‍ ഗവണ്മെന്റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ട് വഴി അനുവദിക്കപ്പെട്ട ലോകബാങ്ക് സഹായമാണ് വെങ്ങപ്പള്ളി പഞ്ചായത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. നാല് കോടി രൂപയാണ് വെങ്ങപ്പള്ളി പഞ്ചായത്തിന് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ലോകബാങ്ക് നിബന്ധനകള്‍ക്ക് വിരുദ്ധമായി ഈ ഫണ്ട് ഉപയോഗിച്ച് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. രൂക്ഷമായ കുടിവെള്ളക്ഷാമം, ആദിവാസി ക്ഷേമ പദ്ധതികള്‍, ഭവനനിര്‍മ്മാണം, പശ്ചാത്തല വികസനം തുടങ്ങിയവയൊന്നും വെങ്ങപ്പള്ളി പഞ്ചായത്ത് പരിഗണിക്കുന്നില്ല.
കോട്ടത്തറ ഉള്‍പ്പെടെ നിരവധി പഞ്ചായത്തുകളില്‍ കഴിഞ്ഞതവണ വര്‍ദ്ധിപ്പിച്ച നികുതികളെകുറിച്ച് വ്യാപക പരാതികളാണുള്ളത്. സ്വാധീനക്കാരുടെ വിവിധ നികുതികളില്‍ ഇളവും നല്‍കിയും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ വീടുകള്‍ക്കുപോലും വന്‍ നികുതി ചുമത്തിയും പാവങ്ങളെ കഷ്ടത്തിലാക്കുകയാണ് പല പഞ്ചായത്തുകളും ചെയ്തിട്ടുള്ളത്. ഉപകാരപ്രദമല്ലാത്ത പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതികളില്‍പെടുത്തി ലക്ഷങ്ങള്‍ പാഴാക്കുന്നതും വെട്ടിപ്പ് നടത്തുന്നതും പഞ്ചായത്തുകളില്‍ പതിവായിട്ടുണ്ട്.
ഇത്തരത്തില്‍ ജില്ലയിലെ നിരവധി ഗ്രാമപഞ്ചായത്തുകളെകുറിച്ച് പരാതികള്‍ ഉയരുമ്പോഴും അധികൃതര്‍ നോക്കുകുത്തിയാവുന്നത് സാധാരണക്കാര്‍ക്കെതിരെയുള്ള വെല്ലുവിളിയാണ്. തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. പ്രശ്നത്തിന് പരിഹാരമാകാത്തപക്ഷം ബിജെപി സമരപരിപാടികള്‍ ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: