വാക്കുകള്‍, പ്രയോഗങ്ങള്‍, ഉദാഹരണങ്ങള്‍ എന്നിവയുടെ അടിയിലുള്ള കാഴ്ചകളും കാഴ്ചപ്പാടുകളും എന്തെന്ന് കണ്ടെത്തേണ്ടത് ഭാഷാ ശാസ്ത്രജ്ഞരും അതുമായി ബന്ധപ്പെട്ടവരുമാണ്. മറ്റുള്ളവര്‍ അത് ഏറ്റെടുക്കേണ്ട എന്നല്ല ശരിയായ രൂപവും ധാരണയും കിട്ടണമെങ്കില്‍ അങ്ങനെ വേണം. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വന്ന് സംസ്ഥാനത്തെ സൊമാലിയയോട് ഉപമിച്ചു എന്നതാണിപ്പോള്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയം.
ഇരു മുന്നണികളും ഒറ്റക്കെട്ടായി മോദിയെ തിന്നാന്‍ വരികയാണ്. തങ്ങളുടെ നില്‍പ്പും നിലപാടും വ്യക്തമായി മോദി മനസ്സിലാക്കി ജന മനസ്സില്‍ പടര്‍ന്നു കേറിയത് ഇടത്-വലത് മുന്നണികളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു. അതിന്റെ പൊരിഞ്ഞുപൊട്ടലിന് തീ കൊളുത്താന്‍ കുഞ്ഞൂഞ്ഞും കോടിയേരിയും അഹമഹമികയാ രംഗത്തു വന്നു എന്നതാണ് രസകരം.
ഏതോ പരസ്യകമ്പനിയിലെ കോപ്പിയെഴുത്തുകാരന്റെ ബുദ്ധിയില്‍ വിരിഞ്ഞതാണെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് എന്ന മുദ്രാവാക്യം ഏതാണ്ട് സകലരും അംഗീകരിച്ചുകഴിഞ്ഞു. അതിന്റെ ന്യായാന്യായങ്ങളിലേക്ക് പോകാതെ തന്നെയായിരുന്നു അത്. എന്തു തന്നെയായാലും ഈ കേരളത്തില്‍ ഇരു മുന്നണികളുടെയും കാലയളവില്‍ ദൈവത്തിന് നിരക്കുന്ന പ്രവര്‍ത്തനങ്ങളല്ല നടന്നത്. സൗമ്യയെന്ന ഹതഭാഗ്യ തീവണ്ടിയില്‍ ഒരു വികലാംഗന്റെ പീഡനത്തിന് വിധേയായി. പ്രതികരിക്കാന്‍ തയാറാകാത്ത സമൂഹത്തിനും അതില്‍ പങ്കുണ്ടായിരുന്നു.
പെരുമ്പാവൂരിലേക്ക് വന്നാല്‍ സ്ഥിതി ഇതിലും ഗുരുതരമാണ്. ഭരണക്കാരും പ്രതിപക്ഷവും അവഗണിച്ചതിന്റെ പശ്ചാത്തലമാണ് ജിഷയെന്ന പെണ്‍കുട്ടിക്ക് കാലനായത്. ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നവരുടെ ലജ്ജാകരമായ നിസ്സംഗതയെ എന്തുപേരിട്ട് വിളിക്കും? അതിനെതിരെ പ്രതികരിച്ചാല്‍ അവരെ പോര്ക്കുവിളിക്കുകയാണോ വേണ്ടത്? അട്ടപ്പാടിയില്‍ പോഷകാഹാരം കിട്ടാതെ എത്രയെത്ര കുഞ്ഞുങ്ങള്‍ മരിച്ചു? ദുര്‍ബലവിഭാഗങ്ങള്‍ക്ക് വേണ്ടി നീക്കിവെച്ച കോടികള്‍ പലരുടെയും പോക്കറ്റ് വീര്പ്പിക്കുമ്പോഴാണിതുണ്ടായത്.
ഇവിടെ മരണമടഞ്ഞ കുട്ടികളുടെ ദയനീയസ്ഥിതി സൊമാലിയയിലെ കുട്ടികള്‍ക്ക് സമാനമായിരുന്നു. ഒരു നേരത്തെ വിശപ്പടക്കാന്‍ പേരാവൂരില്‍ വനവാസി വിഭാഗത്തിലെ കുട്ടികള്‍ മാലിന്യ നിക്ഷേപസ്ഥലത്തു നിന്ന് കിട്ടുന്നത് എടുത്ത് കഴിക്കുകയായിരുന്നു. ഇതൊക്കെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ഥിതിയാണ്.
എന്നാല്‍ ഇതിനെക്കുറിച്ചൊന്നും പറഞ്ഞുപോകരുതത്രേ. കേരളം കണക്കില്‍ വലിയ നിലയിലെത്തിയിട്ടുണ്ടത്രെ. ഇതിന്റെ ഉള്ളറകളിലേക്ക് മോദി ചെറുതായൊന്ന് ടോര്ച്ചടിച്ചതോടെ അറയ്ക്കപ്പറമ്പില്‍ അന്തോണിച്ചന്, പുതുപ്പള്ളി കുഞ്ഞൂഞ്ഞ്, കോടിയേരിയിലെ മൂപ്പര്, വേലിക്കകത്തുള്ളോന്, വീരസുധീരവിക്രമന്, ആനത്തലയെങ്കിലും പൂച്ചബുദ്ധിപോലുമില്ലാത്ത വിദ്വാന് തുടങ്ങിയ പടയാളികള്‍ ആയുധങ്ങളോടെ രംഗത്തിറങ്ങുകയായിരുന്നു.
ഇതില്‍ ഒരു കാര്യം ജനങ്ങള്‍ക്ക് പൂര്‍ണബോധ്യമായി. ബംഗാളിലെ പരസ്യ ബാന്ധവം ഇവിടെ രഹസ്യമായി നടക്കുന്നു. സൊമാലിയ എന്ന പ്രതീകത്തിന്റെ ഉള്ളറകളിലെ പച്ചയാഥാര്ത്ഥ്യങ്ങളിലേക്ക് ഇരു മുന്നണി നേതാക്കളും ഒന്ന് ഊളിയിട്ട് പോയാല്‍ വിരല്‍ ചൂണ്ടുന്നത് ആര്‍ക്കെതിരെ എന്ന് വ്യക്തമാവും. മോദിയുടെ ഉദാഹരണത്തില്‍ പിടിച്ചുകേറിയതോടെ മറ്റു ചര്‍ച്ചകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടു എന്നൊരാശ്വാസം അവര്‍ക്കുണ്ടായിട്ടുണ്ട്.
ആ ആശ്വാസം അങ്ങനെ ഇരിക്കട്ടെ. നാളെ വോട്ടമര്‍ത്തല്‍ യന്ത്രത്തിനു മുമ്പില്‍ എത്തുമ്പോള്‍ ഇതിനെക്കുറിച്ചൊക്കെ ചിന്തിച്ച് ഒരു തീരുമാനം എടുത്തിരിക്കണം. പാഴാക്കരുത് ഒറ്റവോട്ടും, പരിഭവത്തിന് ഇടവെക്കുകയും അരുത്. നമ്മുടെ ഭാവി നമ്മുടെ വിരല്‍ത്തുമ്പിലാണെന്ന് വെറുതെയല്ല നരേന്ദ്രമോദി തൃപ്പൂണിത്തുറയില്‍ പറഞ്ഞത്. അതിന്റെ ശക്തി നമുക്കറിവുള്ളതു തന്നെയല്ലോ.
****** *********** ******* ********
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും എന്നല്ലേ പറയാറ്. എന്നാല്‍ ചില വാക്കുകള്‍ കേള്‍ക്കുമ്പോഴും അങ്ങനെതന്നെയാണ്. നരേന്ദ്രമോദി സൊമാലിയയിലെ കുട്ടികളുടെ സ്ഥിതിഗതികളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇവിടത്തെ ഇടതിനും വലതിനും തുള്ളപ്പനിയായത് നാം കണ്ടുവല്ലോ. സ്വയം നഗ്നരാക്കപ്പെടുന്ന അവസ്ഥയാണ് അവര്‍ക്കുണ്ടായത്. കൂടുതല്‍ പ്രതിസന്ധിയുണ്ടാകേണ്ട എന്ന തീര്‍പ്പില്‍ ഇടതും വലതും എത്തി. അവരൊരുമിച്ച് കുന്തമുന മോദിക്കെതിരെ തിരിച്ചത് തികച്ചും സ്വാഭാവികം. കള്ളന്മാര്‍ക്കല്ലേ കള്ളത്തരം ശരിക്കും മനസ്സിലാവൂ.
ഹെലിക്കോപ്റ്റര്‍, വെസ്റ്റ്ലാന്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ പണ്ടത്തെ കോഴിക്കള്ളനെപോലെ ചിലര്‍ തലതപ്പി നോക്കുകയാണ്. മറുപടി പറയാനാവാതെ വന്നപ്പോള്‍ വീരശൂരപരാക്രമികളായ പിതാമഹന്മാരെക്കുറിച്ചും തറവാടിനെക്കുറിച്ചും ഹിമാലയ വര്‍ണന. ഏതാണ്ടത് പോലെയാണ് നമ്മുടെ സോണിയ മെയ്നോയുടെ പെരുമാറ്റവുമുണ്ടായത്. അരിയെത്ര എന്നതിന് പയറഞ്ഞാഴി സ്റ്റൈല്‍. ഹെലിക്കോപ്റ്റര്‍ അഴിമതിക്കെതിരെ മോദി ജനങ്ങളോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചതിനെതുടര്‍ന്ന് വല്ലാത്തൊരു പ്രതിസന്ധിയാണുണ്ടായത്.
അതുകേട്ടവാറെ തിരുവനന്തപുരത്ത് പറന്നെത്തി ഒരാളതാ ദേശസ്നേഹവും ഭാരതീയതയും തറവാട്ടുമഹിമയും പറഞ്ഞ് മാറത്തടിച്ചു നിലവിളിക്കുന്നു. അതിന് പിന്‍പാട്ടുകാരായി കുഞ്ഞൂഞ്ഞ്, അന്തോണി, ധീരസുധീരന് പിന്നെ പലപല ഞാഞ്ഞൂലുകളും. സാധാരണക്കാരായ പലര്‍ക്കും ഒന്നും പിടികിട്ടുന്നില്ല. അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ എന്തേ ഭാരതീയതയും രക്തസാക്ഷിത്വവും പൗരത്വവും മറ്റും ഉതിര്‍ന്നുവീഴുന്നു. ഇത്രകാലമില്ലാത്ത ദേശസ്നേഹം എവിടെനിന്നാണ് പൊട്ടിവീണത്.
ചോദ്യത്തിനുള്ള മറുപടി വൈകാരികതയില്‍ ഒളിപ്പിക്കാനുള്ള മാഡം സോണിയയുടെ ശൈലിക്ക് കോട്ടയം മുത്തശ്ശിയുള്‍പ്പെടെയുള്ളവര്‍ നൂറില്‍ നൂറു മാര്‍ക്കാണ് നല്‍കിയത്. അത് എന്തുകൊണ്ടാണെന്ന് വ്യക്തം. സോണിയാ നാടകത്തെക്കുറിച്ച് മുഖപുസ്തകത്തില്‍ ഒരുപാട് തമാശകള്‍ പ്രചരിക്കുന്നുണ്ട്. കട്ടത് കണ്ടെടുക്കുമ്പോള്‍ നാടോടി സ്ത്രീകള്‍ വലിയവായില്‍ കരയുകയും ചില കോപ്രായങ്ങള്‍ കാട്ടുകയും ചെയ്യുമെന്ന് മുഖപുസ്തകത്തിലെ സജീവസാന്നിധ്യമായ നിവേദ്യം രാമചന്ദ്രന് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏതായാലും ചിലര്‍ വരുമ്പോള്‍ മാത്രമല്ല ചിലത് പറയുമ്പോഴും ചരിത്രം വഴിമാറുമെന്ന് മനസ്സിലായില്ലേ? എന്തായാലും നാളെ വൈകിട്ട് ആറുമണിക്കു മുമ്പ് തീരുമാനം എടുത്തോളൂ. ഓര്‍ത്തോളൂ, ഭാവി നമ്മുടെ വിരല്‍ത്തുമ്പിലാണ്.
******** ************* ***************
നരേന്ദ്രമോദി സൂചിപ്പിച്ച സൊമാലിയയേക്കാള്‍ ദയനീയമാണ് വനവാസി സമൂഹത്തിന്റെ സ്ഥിതിയെന്ന് ആ വിഭാഗത്തിലെ വനിത തന്നെ പറയുന്നു. ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി.കെ. ജാനുവാണ് പൊള്ളുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതു പറഞ്ഞത്.
മോദിയുടെ അഭിപ്രായത്തില്‍ തെറ്റെന്താണുള്ളതെന്നും ഇതുവരെ ഇവിടെ ഭരിച്ചവരെ തുറന്നുകാണിക്കാന്‍ അദ്ദേഹത്തിന്റെ പരാമര്‍ശം വഴിവെച്ചെന്നും ജാനു പറയുന്നു. അവര്‍ അങ്ങനെ പറയുമ്പോള്‍ ഇരു മുന്നണികള്‍ക്കും കൂടുതല്‍ പൊള്ളും, തീര്‍ച്ച.
നേര്‍മുറി
നാദാപുരത്ത് രാഹുലിനായി
കെട്ടിയ സ്റ്റേജില്‍ യച്ചൂരി
പ്രസംഗിക്കും: വാര്‍ത്ത
പിന്നെ രാഹുലിന്റെ ചിഹ്നത്തില്‍ വോട്ടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: