പരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ തകര്‍ന്ന കെട്ടിടം ചുരുങ്ങിയ സമയംകൊണ്ട് പുതുക്കി പ്രവര്‍ത്തനസജ്ജമാക്കി പരവൂര്‍ പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ് ചരിത്രം കുറിച്ചു.
വെടിക്കെട്ട് ദുരന്തത്തില്‍ ക്ലബ്ബിന്റെ ആസ്ഥാനവും ഫര്‍ണിച്ചറുകളും പൊതുജനങ്ങള്‍ക്കുവേണ്ടി സ്ഥാപിച്ചിരുന്ന ടെലിവിഷനും തകര്‍ന്ന് തരിപ്പണമായിരുന്നു. ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ വിട്ടുമാറിയിട്ടില്ലെങ്കിലും പിപിഎസിയുടെ പ്രവര്‍ത്തനങ്ങളിലൂടെ അതൊക്കെ മറക്കുവാന്‍ ശ്രമിക്കുകയാണ് നാട്ടുകാര്‍.
പിപിഎസി സുഹൃത്തുക്കളുടെ സഹായത്തോടെ മൂന്ന് ലക്ഷം രൂപയോളം സമാഹരിച്ച് നിര്‍മ്മിച്ച കെട്ടിടത്തിലെ റോഡിയോ, ടെലിവിഷന്‍ കിയോസ്‌കിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ വൈകിട്ട് ആറിന് നഗരസഭാ ചെയര്‍മാന്‍ കെ.പി.കുറുപ്പ് നിര്‍വ്വഹിക്കും.
വെടിക്കെട്ട് ദുരന്ത രക്ഷാപ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായി സഹകരിച്ച പ്രൈവറ്റ് ബസ് ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവരെ ആദരിക്കുന്നതോടൊപ്പം എസ്എസ്എല്‍സി, പരീക്ഷയില്‍ ഉന്നത വിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളും സമ്മാനിക്കും. ചടങ്ങില്‍ മുന്‍ നഗരസഭാ കൗണ്‍സിലര്‍ എസ്.ശ്രീലാല്‍, കൗണ്‍സിലര്‍മാരായ ദീപാസോമന്‍, എസ്.ജയ, പ്രദീപ് ജി.കുറുമണ്ടല്‍ എന്നിവര്‍ സംസാരിക്കും.
















