മലപ്പുറം: പെരുമ്പാവൂര്‍ ജിഷാ വധക്കേസിലെ ഭരണകൂട അനാസ്ഥക്കെതിരെ മഹിളാമോര്‍ച്ച നടത്തിയ കളക്‌ട്രേറ്റ് ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. അന്യസംസ്ഥാന തൊഴിലാളിയുടെ തലയില്‍ ജിഷാ കേസ് കെട്ടിവെച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്‌ട്രീയ തന്ത്രമാണ് എല്‍ഡിഎഫിന്റേത്. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പല ഉന്നതരുടെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്തുകൊണ്ട് അവരെല്ലാം പട്ടികയില്‍ നിന്ന് പുറത്ത് പോയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനും പോലീസിനുമുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി വ്യക്തമായതാണ്. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് എന്നും പൂര്‍ണ്ണ പരാജയമായിരുന്നു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് ഭരണത്തില്‍ കയറിയ പിണറായി വിജയനും സംഘവും ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ സിപിഎം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുകയാണ്. ലോകത്തുള്ള ഏത് സംഘടന അക്രമത്തില്‍ നിന്ന് പിന്മാറിയാലും സിപിഎമ്മിന് മാത്രം അതിന് കഴിയില്ല. കാരണം അക്രമം എന്നത് ആ പാര്‍ട്ടിയുടെ മുഖമുദ്രയാണ്. കേരളത്തില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും പുതിയ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് മുഖ്യപ്രഭാഷണം നടത്തി. ജിഷാവധത്തിന്റെ അന്വേഷണം ഇരുമുന്നണികളും ഒത്തുകളിച്ച് അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും കബളിപ്പിക്കുന്ന രീതിയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ സര്‍ക്കാര്‍ ഒന്നും ചെയ്യാതെ ജനങ്ങള്‍ക്ക് നേരെ കൊഞ്ഞനംകുത്തുകയാണ്. ഖജനാവ് കാലിയാണെന്നാണ് ധനമന്ത്രി പറയുന്നത്. യുപിഎ സര്‍ക്കാര്‍ ഭരിച്ച് കുളമാക്കിയ ഭാരതത്തെ നരേന്ദ്രമോദി രണ്ടുവര്‍ഷം കൊണ്ട് സ്വന്തം കാലില്‍ നില്‍ക്കാനാക്കി. എന്നിട്ടും മോദിക്കെതിരെ നിരന്തരമായി ആരോപണം അഴിച്ചുവിട്ടവരായിരുന്നു സിപിഎമ്മുകാര്‍. കേന്ദ്രസര്‍ക്കാര്‍ സഹായിക്കാതെ കേരളത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന അവസ്ഥയാണെന്ന് എല്‍ഡിഎഫ് സമ്മതിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നല്‍കുന്ന പണം അഴിമതി നടത്തിയാല്‍ ബിജെപി കയ്യുംകെട്ടി നോക്കി നില്‍ക്കില്ല. കേന്ദ്രവിഹിതം നശിപ്പിക്കാന്‍ ബിജെപി സമ്മതിക്കില്ലെന്നും നിഷ്‌ക്രിയമായ കോണ്‍ഗ്രസിന് പകരം പ്രതിപക്ഷത്തിന്റെ ജോലി ബിജെപി നിര്‍വഹിക്കും. അതിന് ഒരു എംഎല്‍എ തന്നെ ധാരാളമാണെന്നും രവി തേലത്ത് കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഓമന കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി.ആലിഹാജി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഗീതാ മാധവന്‍, ഡോ.കുമാരി സുകുമാരന്‍, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷീബ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക