പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഉണ്ണിയപ്പം നിര്‍മ്മാണത്തിനായി സ്ഥാപിച്ച പുതിയ യൂണിറ്റിന്റെ പരീക്ഷണ പ്രവര്‍ത്തനം 18ന് ആരംഭിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള എസ്എസ് ഓട്ടോമേഷന്‍ എന്ന സ്ഥാപനം സ്പോണ്സര് ചെയ്തതാണ് ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റ്.
പൂര്‍ണ്ണമായും യന്ത്രവല്‍കൃത യൂണിറ്റിലൂടെ മണിക്കൂറില്‍ 4200 ഉണ്ണിയപ്പം നിര്‍മ്മിക്കാം. തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം. ഒരുമണിക്കൂര്‍ നിര്‍ത്തിയിട്ട ശേഷം വീണ്ടും എട്ടുമണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം. മനുഷ്യസഹായമില്ലാതെ നിര്‍മ്മിക്കുന്ന ഉണ്ണിയപ്പങ്ങള്ക്കെല്ലാം ഒരേ രൂപവും തൂക്കവുമായിരിക്കും.
പുതിയ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഒരു കംപ്രസര്‍ കൂടി സ്ഥാപിക്കേണ്ടതുണ്ട്. ഉടന്‍തന്നെ ഇതും സ്ഥാപിക്കാനാകും. പുതിയ യൂണിറ്റ് ആരംഭിക്കുന്നതോടെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ഉണ്ണിയപ്പത്തിന് ദൗര്‍ലഭ്യം ഉണ്ടാകില്ല. നിലവില്‍ നീരാവികൊണ്ടും വൈദ്യുതികൊണ്ടും പ്രവര്‍ത്തിക്കുന്ന അപ്പക്കാരകളിലാണ് ഉണ്ണിയപ്പം നിര്‍മ്മിക്കുന്നത്. പ്രതിദിനം എണ്‍പതിനായിരം അപ്പമാണ് ഇപ്പോള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നത്.
മാളികപ്പുറത്തിന് സമീപം അഞ്ച്കോടി രൂപാ മുടക്കി സ്ഥാപിക്കുന്ന പുതിയ അന്നദാനമണ്ഡപത്തിന്റെ നിര്‍മ്മാണവും ഈ മാസം തുടങ്ങും. ഒരേസമയം രണ്ടായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ മണ്ഡപത്തില്‍ സൗകര്യമുണ്ടാകും. ഈ മണ്ഡലമകരവിളക്ക് ഉത്സവക്കാലത്തിന് മുമ്പ് പണിപൂര്‍ത്തീകരിക്കാനാണ് ദേവസ്വംബോര്‍ഡ് ലക്ഷ്യമിടുന്നത്. പത്തുകോടി രൂപാ ചിലവില്‍ സന്നിധാനത്ത് ദര്ശന് കോംപ്ലക്സിന്റേയും പണി ഉടന്‍ ആരംഭിക്കും. നിലയ്ക്കലില്‍ മൂന്നുകോടി രൂപാ ചിലവില്‍ പുതിയ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: