ബത്തേരി : വന്യമൃഗ സംരക്ഷണ കേന്ദ്രമായ മുത്തങ്ങ ആന പന്തിയിലേക്ക് ഒരു അതിഥി കുടിയെത്തി. ഒന്നര വയസ്സ് പ്രായമുള്ള ഒരു കുട്ടി കൊമ്പന്. തോല്‍പ്പെട്ടി റെയ്ഞ്ചില്‍ നിന്നാണ് അവശനിലയിലായ ഈ കുട്ടി കൊമ്പനെ കഴിഞ്ഞ ദിവസം മുത്തങ്ങയില്‍ എത്തിച്ചത്.
കാട്ടില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട് അവശ നിലയില്‍ കണ്ടെത്തിയ ഈ ആന കുട്ടിക്ക് ഗുരുതരമായ പരിക്കുകള്‍ ഉള്ളതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന ഒരു കുട്ടം ആനകളുടെ അടുത്ത് ഇതിനെ എത്തിച്ചെങ്കിലും അവ കുത്തി ഓടിക്കുകയാണ് ചെയ്തതെന്നും തുടര്‍ന്നാണ് മുത്തങ്ങയിലേക്ക് കൊണ്ടുവന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമെ പൂര്‍ണ ആരോഗ്യവാന്‍ ആകുമോ എന്ന് പറയാന്‍ കഴിയുകയുള്ളൂ എന്ന് ഈ കുട്ടി കൊമ്പനെ പരിചരിക്കുന്ന ഫോറസ്റ്റ് വെറ്റിനറി സര്ജന് ഡോക്ടര്‍ വി.ഐ ജിജിമോന് പറഞ്ഞു. എന്തായാലും ഈ കുട്ടി കൊമ്പനുള്ള കൂട് ഒരുക്കുന്ന തിരക്കിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഒരു കാലത്ത് നിരവധി ആനകളെ സംരക്ഷിച്ചു പോന്നിരുന്ന മുത്തങ്ങ ആന പന്തിയില്‍ ആന പിടുത്തം നിര്‍ത്തലാക്കി കൊണ്ടുള്ള സര്‍ക്കാര്‍ നിയമം വന്നതോടെ ഉണ്ടായിരുന്ന ആനകളെ ലേലം ചെയ്ത് ഒഴിവാക്കുകയായിരുന്നു.ഇപ്പോള്‍ കാട്ടില്‍നിന്നും ഉപേക്ഷിക്കപ്പെട്ട് കൂട്ടം തെറ്റി വന്ന ആറ് ആനകളാണ് മുത്തങ്ങ ആന പന്തിയില്‍ ഉള്ളത് .
സൂര്യ ,കുഞ്ചു എന്നീ പേരുകളിലുള്ള വലിയ ആനകളും നാല് കുട്ടി ആനകളുമാണ് വനം വകുപ്പിന്റെ സംരക്ഷണയില്‍ മുത്തങ്ങയില്‍ ഉള്ളത്. ടൂറിസത്തിന്റെ വികസനത്തിനായി ആനസവാരി പോലുള്ള സംരഭങ്ങള്‍ ഭാവിയില്‍ തുടങ്ങാനാണ് വനംവകുപ്പ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: