ലിലെ: ആദ്യ മത്സരത്തില്‍ വെയ്ല്‍സിനോട് പരാജയപ്പെട്ട സ്ലോവാക്യക്ക് രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ റഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ തകര്‍ത്തത്. 32-ാം മിനിറ്റില്‍ വഌഡിമിര്‍ വീസും 45-ാം മിനിറ്റില്‍ മാരെക് ഹാംസിക്കുമാണ് സ്ലോവാക്യന്‍ പോരാളികള്‍ക്കായി ഗോള്‍ നേടിയത്. 80-ാം മിനിറ്റില്‍ റഷ്യയുടെ ആശ്വാസഗോള്‍ നേടിയത് ഗ്ലുഷകോവ്. വിജയത്തോടെ സ്ലോവാക്യക്ക് രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റായി. അതേസമയം ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 1-1ന് സമനില പാലിച്ച റഷ്യക്ക് കനത്ത തിരിച്ചടിയായി ഇന്നലത്തെ പരാജയം.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും റഷ്യക്ക് മുന്‍തൂക്കം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമാണ് അവര്‍ക്ക് തിരിച്ചടിയായത്. തുടക്കം മുതല്‍ ഇരുടീമുകളും മികച്ച പോരാട്ടം നടത്തിയതോടെ കളി ആവേശകരമായി. ഇരുഭാഗത്തേക്കും പന്തുകള്‍ കയറിയിറങ്ങിയതോടെ എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴാമെന്ന അവസ്ഥ. എന്നാല്‍ കിട്ടിയ അവസരമൊന്നും ഇരുടീമുകള്‍ക്കും മുതലാക്കാനായില്ല. കൂടുതല്‍ അവസരം റഷ്യക്കായിരുന്നു ലഭിച്ചതെങ്കിലും ക്യാപ്റ്റന്‍ സ്‌കര്‍ട്ടല്‍ ഉള്‍പ്പെട്ട പ്രതിരോധവും ഗോളിയും ചേര്‍ന്ന് അവയെല്ലാം വിഫലമാക്കി.
എന്നാല്‍ 32-ാം മിനറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. മൈതാനമധ്യത്തുനിന്ന് മാരെക് ഹാംസിക് നീട്ടി നല്‍കിയ പന്തുമായി ബോക്‌സില്‍ പ്രവേശിച്ചശേഷം രണ്ട് റഷ്യന്‍ താരങ്ങളെ കബളിപ്പിച്ച് വഌഡിമിര്‍ വീസ് പായിച്ച വലംകാലന്‍ ഷോട്ട് മുഴുനീളെ പറന്ന റഷ്യന്‍ ഗോളിയെ കീഴടക്കി വലയില്‍ തറച്ചുകയറി. പിന്നീട് ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്ലോവാക്യ രണ്ടാമതും നിറയൊഴിച്ചു. ഇത്തവണ വഴിയൊരുക്കിയത് വീസ്. വീസ് നല്‍കിയ പാസ് പിടിച്ചെടുത്ത് ഏറെക്കുറെ അസാധ്യമായ ആംഗിളില്‍ നിന്ന് മാരെക് ഹാംസിക് പായിച്ച ബുള്ളറ്റ് ഷോട്ടാണ് റഷ്യന്‍ വലയില്‍ പതിച്ചത്.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനായി റഷ്യപൊരുതിക്കളിച്ചു. എന്നാല്‍ അവരുടെ മുന്നേറ്റങ്ങളെല്ലാം പ്രതിരോധകോട്ട കെട്ടി സ്ലോവാക്യന്‍ താരങ്ങള്‍ കാത്തതോടെ പകുതി വഴിയില്‍ അവസാനിച്ചു. ഇടയ്‌ക്ക് ചില അവസരങ്ങളില്‍ പന്തുമായി അവര്‍ ബോക്‌സില്‍ പ്രവേശിച്ചെങ്കിലും സ്ലോവാക്യന്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. എങ്കിലും തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് 80-ാം മിനിറ്റില്‍ ഫലം കിട്ടി. ഒലെഗ് ഷാറ്റോവ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് പകരക്കാരനായി ഇറങ്ങിയ ഡെനിസ് ഗ്ലുഷകോവ് ഉജ്ജ്വല ഹെഡ്ഡറിലൂടെ പന്ത് സ്ലോവാക്യന്‍ വലയിലെത്തിച്ചു. ഇതോടെ റഷ്യന്‍ ആക്രമണത്തില്‍ കൂടുതല്‍ മൂര്‍ച്ച കൈവന്നു. എന്നാല്‍ പ്രതിരോധം ശക്തമാക്കി സ്ലോവാക്യ പിടിച്ചുനിന്നതോടെ സമനിലയെന്ന റഷ്യയുടെ സ്വപ്‌നം പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: