ലിയോണ്‍: തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇറ്റലിക്ക് മിന്നുന്ന വിജയം. ബെല്‍ജിയത്തെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അസൂറികള്‍ യൂറോ 2016ലെ ആദ്യ മത്സരം ഗംഭീരമാക്കിയത്. ഇറ്റലിക്കായി ഇമ്മാനുവല്‍ ഗിയചെരീനിയും ഗ്രാസിയാനോ പെല്ലെയും ഗോളുകള്‍ നേടി.
പന്ത് കൂടുതല്‍ സമയം കൈവശം വെച്ചതും ബെല്‍ജിയമായിരുന്നെങ്കിലും ഇറ്റലിയും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ബെല്‍ജിയം 18 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഇറ്റലി ഉതിര്‍ത്തത് 12 എണ്ണം. എന്നാല്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ പായിച്ചത് ഇറ്റലി. ആറെണ്ണം. ബെല്‍ജിയം ഗോളി കുര്‍ട്ടോയിസിന്റെ മിന്നുന്ന പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ഇറ്റലിയെ തടഞ്ഞുനിര്‍ത്തിയത്. 158-ാം മത്സരത്തിനിറങ്ങിയ ഇറ്റാലിയന്‍ ഗോളിയും ക്യാപ്റ്റനുമായ ബഫണും ബാറിന് കീഴില്‍ മിന്നുന്ന ഫോമിലായിരുന്നു.
പത്താം മിനിറ്റില്‍ ബെല്‍ജിയത്തിന് ആദ്യ അവസരം. അവരുടെ റാദെ നല്ഗോളന്റെ ലോങ്റേഞ്ചര്‍ ഡൈവ് ചെയ്ത് ബഫണ് തട്ടിയകറ്റി. തൊട്ടുപിന്നാലെ ഫെല്ലാനിയുടെ ഹെഡ്ഡറും ലക്ഷ്യം പിഴച്ചു. 22-ാം മിനിറ്റില്‍ നല്ഗോളന്റെ മറ്റൊരു ലോങ് റേഞ്ചര്‍ നേരിയ വ്യത്യാസത്തിന് പുറത്തുപോയി. 29-ാം മിനിറ്റിലാണ് ഇറ്റലിക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ ബോക്സിന് പുറത്തുനിന്ന് ഗ്രാസിയാനോ പെല്ലെ പായിച്ച വലംകാലന്‍ ഷോട്ട് പുറത്ത്. മൂന്നുമിനിറ്റിനുശേഷം ഇറ്റലി ആദ്യ ഗോള്‍ നേടി.
മൈതാനമധ്യത്തുനിന്ന് ലിയനാര്‍ഡോ ബൊനൂച്ചീ ബെല്‍ജിയം ബോക്സിലേക്ക് നീട്ടിനല്‍കിയ പന്ത് പിടിച്ചെടുത്താണ് ഇമ്മാനുവല്‍ ഗിയചെരീനി ലക്ഷ്യം കണ്ട്. മൂന്നുമിനിറ്റിനുശേഷം അന്റോണിയോ കാന്‍ഡ്രിവയുടെ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് ബെല്‍ജിയം ഗോളി കുര്‍ട്ടോയിസ് രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ ഗ്രാസിയാനോ പെല്ലെ ഒരു അവസരം നഷ്ടപ്പെടുത്തി. 43-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ റൊമേലു ലകാകു ബോക്സിന്റെ മധ്യത്തില്‍ നിന്ന് പായിച്ച ഷോട്ട് ബഫണ് രക്ഷപ്പെടുത്തിയതോടെ ആദ്യപകുതിയില്‍ ഇറ്റലി 1-0ന് മുന്നില്‍.
ആദ്യ പകുതിക്ക് ശേഷം ഗോള്‍ മടക്കാന്‍ ബെല്‍ജിയന്‍ മുന്നേറ്റ നിര കിണഞ്ഞു ശ്രമിച്ചെങ്കിലും പരിചയ സമ്പന്നനായ ഇറ്റാലിയന്‍ ഗോളി ബഫണിനെ വെട്ടിച്ച് ഗോള്‍ നേടാന്‍ സാധിച്ചില്ല. ലീഡ് ഉയര്‍ത്താനുള്ള ഇറ്റാലിയന്‍ ശ്രമങ്ങള്‍ കരുത്തുറ്റ ബെല്‍ജിയന്‍ പ്രതിരോധത്തില്‍ അവസാനിക്കുകയും ചെയ്തു. 53-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ ലുകാകു പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിന് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനിറ്റില്‍ പെല്ലെയുടെ ശ്രമത്തിന് മുന്നില്‍ ബെല്‍ജിയം ഗോളി കുര്‍ട്ടോയിസ് വിലങ്ങുതടിയായി.
56-ാം മിനിറ്റില്‍ ബെല്‍ജിയം ക്യാപ്റ്റന്‍ ഈഡന് ഹസാര്‍ഡിന്റെ ഷോട്ടിനും ബഫണിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ വീഴാതിരുന്നതോടെ കളി പരിക്കുസമയത്തേക്ക് നീണ്ടു. പരിക്കുസമയത്തിന്റെ രണ്ടാം മിനിറ്റില്‍ ഇറ്റലി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അന്റോണിയോ കാന്‍ഡ്രിവ ബോക്സിലേക്ക് നല്കിയ പാസ് നിലംതൊടും മുന്‍പേ ഗ്രാസിയാനോ പെല്ലെ തകര്‍പ്പന്‍ കാര്‍പ്പറ്റ് ഡ്രൈവിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ബെല്‍ജിയം ഗോളി കുര്‍ട്ടോയിസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വിജയത്തോടെ ഗ്രൂപ്പ് ഇയില്‍ മൂന്ന് പോയിന്റുമായി ഇറ്റലി ഒന്നാമതെത്തി.
17ന് നടക്കുന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇറ്റലിക്ക് എതിരാളികളായി എത്തുന്നത് സ്വീഡന്. ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സ്വീഡന് അയര്‍ലന്‍ഡ് റിപ്പബ്ലിക്കുമായി ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. 18ന് നടക്കുന്ന മത്സരത്തില്‍ ബെല്‍ജിയത്തിന് എതിരാളികള്‍ അയര്‍ലന്‍ഡ് റിപ്പബ്ലിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: