സെന്റ് കിറ്റ്സ്: ത്രിരാഷ്ട്ര ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് വിജയം. ഓസ്ട്രേലിയയെയാണ് വിന്‍ഡീസ് നാല് വിക്കറ്റിന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 26 പന്തുകള്‍ ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. ഓസീസിന് വേണ്ടി ട്രവിസ് ഹെഡ് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനയക്കപ്പെട്ട ഓസ്ട്രേലിയന്‍ നിരയില്‍ രണ്ടക്കം കടന്നത് നാല് പേര്. 98 റണ്‍സെടുത്ത ഉസ്മാന് ഖവാജ ടോപ്സ്കോറര്‍. ക്യാപ്റ്റന്‍ സ്മിത്ത് 74ഉം ജോര്‍ജ് ബെയ്ലി 55ഉം മിച്ചല്‍ മാര്‍ഷ് 16ഉം റണ്‍സെടുത്തു. ഇവരുടെ കരുത്തിലാണ് ഓസ്ട്രേലിയ 265 റണ്‍സെടുത്തത്. വിന്‍ഡീസിനായി ജാസണ്‍ ഹോള്‍ഡര്‍, ബ്രാത്ത്വെയ്റ്റ്, പൊള്ളാര്‍ഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് വേണ്ടി മുന്‍നിരതാരങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി. 87 പന്തില്‍ നിന്ന് 8 ഫോറും നാല് സിക്സറുമടക്കം 92 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സാണ് വിന്‍ഡീസ് നിരയിലെ ടോപ്സ്കോറര്‍. ഓപ്പണര്‍മാരായ ജോണ്സണ് ചാള്‍സ് (48), ആന്ദ്രേ ഫ്ളെച്ചര്‍ (27) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. നങ്കൂരമിട്ട സാമുവല്‍സിനു പിന്തുണയുമായി പിന്നാലെ എത്തിയവര്‍ ബാറ്റുവീശിയതോടെ വിന്‍ഡീസ് ജയത്തിലെത്തി. ഡാരെന്‍ ബ്രാവോ (39), ദിനേശ് രാംദിന് (29) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
പൊള്ളാര്‍ഡ് 16 റണ്‍സെടുത്തും ബ്രാത്ത്വെയ്റ്റ് മൂന്ന് റണ്‍സെടുത്തും പുറത്താകാെത നിന്നു. ഓസ്ട്രേലിയക്ക് വേണ്ടി കള്‍ട്ടര്‍ നീലും സാംപയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സാമുവല്‍സാണ് മാന്‍ ഓഫ് ദി മാച്ച്.
ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഒമ്പത് പോയിന്റുള്ള ഓസ്ട്രേലിയ ഒന്നാമതും അഞ്ചു പോയിന്റുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: