ഒരിത്തിരിയോളമേയുള്ളുവെങ്കിലും എള്ളിനെ അത്ര നിസാരമായി കാണണ്ട. അതിന്റെ ഗുണമറിഞ്ഞാല്‍ എള്ള് ഒരു സംഭവം തന്നെയാണല്ലോ എന്ന് തോന്നും. കറുത്തത്, വെളുത്തത്, ചുവന്നത്, ഇളം ചുവപ്പുളളത് എന്നിങ്ങനെ പ്രധാനമായും നാല് തരത്തിലുണ്ട് എള്ള്. എള്ളില്‍ നിന്നുല്പാദിപ്പിക്കുന്ന എള്ളെണ്ണയാണ് തൈലങ്ങളില്‍ വച്ചേറ്റവും പരിശുദ്ധം. ഇത് ചര്‍മ്മത്തിനും മുടിക്കും വിശേഷമാണ്. ഔഷധാവശ്യങ്ങള്‍ക്കും സോപ്പ് നിര്‍മാണത്തിനും, ഉപയോഗിക്കുന്നു.
എള്ള് ബുദ്ധി, അഗ്നി, കഫം, പിത്തം എന്നിവകളെ വര്‍ദ്ധിപ്പിക്കും. എള്ളെണ്ണ മറ്റു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് വിധിപ്രകാരം കാച്ചിയാല്‍ വിവിധ രോഗങ്ങളെ ശമിപ്പിക്കാനുളള ശക്തിയുണ്ട്. കുട്ടികള്‍ക്കുള്ള ആഹാരത്തില്‍ എള്ള് കൂട്ടിച്ചേര്‍ക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന് ബലവും പുഷ്ടിയും ഉണ്ടാക്കും. ശരീര സ്നിഗ്ദ്ധത, ബുദ്ധി, മുലപ്പാല്‍, ശരീരപുഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും. നല്ലെണ്ണ ചോറില്‍ ചേര്‍ത്തുകഴിക്കുന്നതും നല്ലതാണ്. കണ്ണിനു കഴ്ച, ശരീരത്തിനു പുഷ്ടി, ശക്തി, തേജസ്സ് എന്നിവ വര്‍ദ്ധിപ്പിക്കും.
ചര്‍മ്മരോഗങ്ങളും വ്രണങ്ങളെയും നശിപ്പിക്കും. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. ചര്‍മ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. ശരീരത്തില്‍ പ്രോട്ടിന്റെ കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്ത് കഴിച്ചാല്‍ ഗുണം ചെയ്യും.
എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുളളവര്‍ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് എള്ളെണ്ണ.
എള്ളില്‍ പലതരം അമിനോ അമ്ലങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം ഇരുപതോളം അമിനോ അമ്ലങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യശരീരത്തിലെ മാംസ്യം. ഓരോ ആഹാര പദാര്‍ത്ഥത്തിലുമുളള മാംസ്യത്തിന്റെ ഘടന അതിലുളള അമ്ലങ്ങളുടെ അനുപാതത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വസ്തുതയാണ് ഓരോ ആഹാരസാധനങ്ങളിലുമുളള പോഷകമൂല്യം നിശ്ചയിക്കുന്നത്. കൂടാതെ എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വായുടെയും തൊണ്ടയുടേയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്.
എള്ള് കഷായമാക്കി സേവിച്ചാല്‍ ആര്‍ത്തവ ദോഷം ശമിക്കും. വേദനയോടുകൂടിയ ആര്‍ത്തവം അനുഭവപ്പെടുമ്പോള്‍ കുറച്ച് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ ദിവസേന രണ്ടു നേരം ആര്‍ത്തവത്തിന് രണ്ടാഴ്ച മുന്‍പ് മുതല്‍ കഴിച്ചാല്‍ ശമിക്കും. എള്ളും ശര്‍ക്കരയും ദിവസേന കഴിക്കുന്നതും നല്ലതാണ്. ഉഷ്ണവീര്യമുളള എള്ളിന് ആര്‍ത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗര്‍ഭവതികള്‍ എള്ള് അധികമായി ഒരിക്കലും ഉപയോഗിക്കരുത്. കൃശഗാത്രികള്‍ക്കു തന്മൂലം ഗര്‍ഭഛിദ്രം കൂടി ഉണ്ടായേക്കാം.
എള്ള് പൊടിച്ചത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരവും ഭക്ഷണത്തിനു ശേഷം ചൂടുവെളളത്തില്‍ സേവിച്ചാല്‍ ആര്‍ത്തവവേദന കുറയും. എള്ളെണ്ണയില്‍ കോഴിമുട്ട അടിച്ച് മൂന്നുദിവസം കഴിച്ചാല്‍ അല്പാര്ത്തവം, കഷ്ടാര്‍ത്തവം, വിഷമാര്‍ത്തവം ഇവ മാറും. അഞ്ചു ഗ്രാം വീതം എള്ളും തൃഫലചൂര്‍ണ്ണവും യോജിപ്പിച്ച് ദിവസേന വെറും വയറ്റില്‍ സേവിക്കുന്നത് ആരോഗ്യത്തിന് ഉത്തമം. എള്ള് കല്ക്കണ്ടമോ ശര്‍ക്കരയോ ചേര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
എള്ളെണ്ണ തേക്കുന്നതും എള്ളില അരച്ചു താളിയായി ഉപയോഗിക്കുന്നതും നന്ന്.
കറുത്ത തലമുടിക്ക് എള്ള് വറുത്തു പൊടിച്ച് നെല്ലിക്കയും കയ്യോന്നിയും ഉണക്കിപ്പൊടിച്ച് ചേര്‍ത്ത് ദിവസേന കഴിക്കുക. നെല്ലിക്കാനീരിന്റെ നാലിലൊന്ന് എള്ളെണ്ണയില്‍ ചേര്‍ത്ത് കാച്ചിതേച്ചാല്‍ മുടിക്കൊഴിച്ചില്‍ കുറയും.
എള്ളു വറുത്ത് ശര്‍ക്കര ചേര്‍ത്തു ഭക്ഷിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും. ചുമയും കഫക്കെട്ടും മാറും. എള്ളും റാഗിയും ചേര്‍ത്ത് അടയാക്കി പ്രമേഹ രോഗികള്‍ കഴിച്ചാല്‍ ശരീരബലവും ധാതുശക്തിയും വര്‍ദ്ധിക്കും.
പൊളളലുണ്ടായാല് വെള്ളിച്ചെണ്ണയും എള്ളെണ്ണയും സമം ചേര്‍ത്ത് പുരട്ടുക. കാലത്ത് വെറും വയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും എള്ളെണ്ണ രണ്ട് ടീസ്പൂണ്‍ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുളള മധുരാംശം കുറയും. കഫരോഗം മാറി ശക്തിയുണ്ടാകും.വാതം വരാതിരിക്കാനും ശക്തിയുണ്ടാകാനും ഉത്തമം. എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്തു കുറേശ്ശെ ദിവസം കഴിച്ചാല്‍ പ്രോട്ടീന്റെ കുറവു മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രതിവിധിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: