കോഴിക്കോട്: മലബാര്‍ മേഖലയിലേക്ക് വന്‍തോതില്‍ മയക്ക്മരുന്നുകള്‍ എത്തിക്കുന്ന മാഫിയാശൃംഖലയുടെ ഉറവിടം കണ്ടുപിടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉത്തരമേഖലാ എഡിജിപി സുദേഷ് കുമാര്‍. സ്ത്രീസുരക്ഷയ്‌ക്കായി പ്രത്യേക പദ്ധതികള്‍ പോലീസ് ആവിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരമേഖല എഡിജിപിയായി ചുമതലയേറ്റതിനെത്തുടര്‍ന്ന് എഡിജിപി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എഡിജിപി.
മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നിന്നും, പഞ്ചാബ് വഴി പാക് അതിര്‍ത്തിയില്‍ നിന്നും വന്‍തോതില്‍ ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്ന് എഡിജിപി അറിയിച്ചു. മയക്കുമരുന്ന് വിപണനം ചെയ്യുന്ന ശൃംഖലയുടെ ഉറവിടം കണ്ടുപിടിക്കാതെ അന്വേഷണവും നടപടികളും പൂര്‍ണതോതില്‍ ഫലവത്താവില്ല. നിലവിലെ പ്രത്യേക പോലീസ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി അത് മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കും. ഷാഡോ പോലീസ് സംവിധാനമുള്‍പ്പെടെയുള്ള കൂടുതല്‍ ശക്തിപ്പെടുത്തും. സംസ്ഥാനത്തും മലബാര്‍ മേഖലയിലും സംഘടിത കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനപിന്തുണയും ജനങ്ങളുടെ സഹകരണവും ഉറപ്പുവരുത്തണം. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണവും അവശ്യസാഹചര്യവും ഉറപ്പുവരുത്താന്‍ മറ്റ് വകുപ്പുകളുടെ സഹായത്തോടെ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുമെന്നും സുദേഷ്‌കുമാര്‍ പറഞ്ഞു. വയനാട് ജില്ലയിലും അട്ടപ്പാടി മേഖലയിലുമെല്ലാം പബ്ലിക് ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലങ്ങളില്‍ ആവശ്യത്തിന് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും നല്ല രീതിയിലാണ്. ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന സംബന്ധിച്ച് പഴയ അന്വേഷണസംഘത്തെ നിലനിര്‍ത്തണോ അതോ പുതിയ സംഘം രൂപീകരിക്കണമോയെന്ന കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ലെന്ന് എഡി ജിപി കൂട്ടിച്ചേര്‍ത്തു.
















