ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ പ്രോജക്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ഒരുപക്ഷേ നിഷ്കളങ്കരായിരിക്കാമെന്നിരുന്നാലും ഹാര്‍വാര്‍ഡിന്റെ ഇക്കാര്യത്തിലെ താല്പര്യത്തില് സംശയാലുവാണ് എന്നു പറയാതെ വയ്യ. ആശങ്ക ഹാര്‍വാര്‍ഡിനെ ചൊല്ലി മാത്രമല്ല താനും. തുടക്കത്തില്‍ വളരെ സൗമ്യവും കുലീനവുമായി കാണപ്പെട്ട ഇത്തരം പല ഇടപെടലുകളും പിന്നീട് അപകടകരമായി മാറിയതിന്റെ ഒരു നീണ്ട ചരിത്രം തന്നെ ഹാര്‍വാര്‍ഡിനുണ്ട്. താഴെ പറയാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇനിയും വൈകിയിട്ടില്ല. ഇങ്ങനെ കുംഭമേളയെ ഹൈജാക്ക് ചെയ്ത് നശിപ്പിക്കുന്നത് തടയേണ്ടിയിരിക്കുന്നു.
ഹാര്‍വാര്‍ഡിലെ ഹിന്ദുമത പ്രൊഫസറായ ഡയാന എക്ക്, ഈ പ്രോജക്ടിനെ കുറിച്ചുള്ള ഔദ്യോഗിക വീഡിയോയില്‍ പറയുന്ന ഒരു കാര്യം മനസ്സില്‍ പതിയേണ്ടതാണ്.’ഫെമിനിസ്റ്റ് സന്നദ്ധസംഘടനകളെ മേളയില്‍ കാണുന്നില്ല’ എന്നാണ് അവര്‍ പറഞ്ഞത്. ഇതേപോലെ തന്നെയാണ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഫോര്‍ഡ് ഫൗണ്ടേഷന് ഭാരതത്തില്‍ അതിന്റെ ഇടപെടലുകള്‍ക്ക് തുടക്കമിട്ടത്. ഭാരതത്തിലെ നിരവധി ഫെമിനിസ്റ്റ് എന്‍ജിഒകള്‍ക്ക് ആദ്യമവര്‍ പരിശീലനങ്ങളും ധനസഹായവും നല്കി. പിന്നീട് അവരെ ഉപയോഗിച്ച് ധാരാളം അതിക്രമ വാര്‍ത്തകള്‍ (attroctiy literature) സൃഷ്ടിച്ചെടുത്തു.
ഒരു തലമുറയിലെ കുറേയേറെ സ്ത്രീകളെ പാശ്ചാത്യ ഫെമിനിസ്റ്റ് ആശയങ്ങളില്‍ പരിശീലിപ്പിച്ചെടുത്തു. ഭാരത സമൂഹത്തിലെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുന്നതിന് തുടര്‍ച്ചയായി ഒത്താശകള്‍ നല്‍കിക്കൊണ്ട് സമൂഹത്തിലെ ബുദ്ധിയുള്ളവരും കഴിവുറ്റവരുമായ ചെറുപ്പക്കാരികളെ പാശ്ചാത്യ ഫെമിനിസത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പാശ്ചാത്യ ഫെമിനിസത്തെ ഇത്ര വലിയ തോതില്‍ ഭാരത സമൂഹത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിന്റെ അനന്തര ഫലങ്ങള്‍ ശരിയായി വിലയിരുത്തപ്പെടേണ്ടതുണ്ട്.
ഹാര്‍വാര്‍ഡ് പോലെ സ്വാധീന ശക്തിയുള്ള സ്ഥാപനങ്ങള്‍ താമസിയാതെ കുംഭമേളയിലേക്ക് വലിയ സംഖ്യയില്‍ ഫെമിനിസ്റ്റ് ഗ്രൂപ്പുകളെ കൊണ്ടുവന്നാല്‍ നമ്മള് അത്ഭുതപ്പെടേണ്ടതില്ല. വിവാദമുണ്ടാക്കാന്‍ പറ്റിയ ചൂടുള്ള വിഷയങ്ങള്‍ അന്വേഷിച്ചായിരിക്കും അവരുടെ വരവ്. മേളയില്‍ പുരുഷാധിപത്യമാണോ നിലനില്‍ക്കുന്നത്? ഈ ഒത്തുചേരലുകളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ ? ബലാത്സംഗങ്ങളും പീഡനങ്ങളും നടക്കുന്നുണ്ടോ? കൂടുതല്‍ ഇടപെടലിനായി ഇത്തരം സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ചില അടിസ്ഥാന വിഷയങ്ങള്‍ ഇതൊക്കെയാണ്. ‘സംസ്കാരത്തിന്റെ ഇരകള്‍’ എന്ന നിലക്ക് സംസാരിക്കാനും, അതിശയോക്തി പരമായതോ പലപ്പോഴും കെട്ടിച്ചമച്ചതോ ഒക്കെ ആയ പരാതികള്‍ ഉന്നയിക്കാനും അവര്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കും.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇതിനു മുമ്പ് ഭാരതത്തെക്കുറിച്ച് നടത്തിയിട്ടുള്ള നരവംശ ശാസ്ത്രത്തിലെയും സാമൂഹ്യ ശാസ്ത്രങ്ങളിലെയും നൂറുകണക്കിന് പ്രോജക്ടുകളുടെ വിഷയങ്ങള്‍ എടുത്തു പരിശോധിച്ചാല്‍, അവയൊക്കെയും കുംഭമേളയിലും പ്രയോഗിക്കപ്പെടുന്നു എന്നുകാണാം. ദക്ഷിണേഷ്യന്‍ പഠനങ്ങളിലെ ഒരു ‘പുതിയ ഗവേഷണ മേഖല’യായി ഇതിലൂടെ കുംഭമേള മാറുന്നു. നാളിതുവരെ കുംഭമേളയെ പാശ്ചാത്യ ഗവേഷകര്‍ പൂര്‍ണമായി അവഗണിച്ചിരിക്കുകയായിരുന്നു.
ഹിന്ദുമതത്തെ അധിക്ഷേപിക്കാനുള്ള വഴികള്‍ തേടിയുള്ള അവരുടെ ഗവേഷണങ്ങളില്‍ ഭാരതത്തിലെ ദരിദ്രഗ്രാമങ്ങളും, ഹിന്ദുത്വാവേശസംഘടനകളും, ഹൈന്ദവ അതിക്രമങ്ങളും ഒക്കെയായിരുന്നു ഇതുവരെ വിഷയങ്ങള്‍. എന്നാല്‍ ഇപ്പോള്‍ കുംഭമേളയും അവരുടെ അത്തരം കുത്സിത പദ്ധതിയില്‍ ഇടംപിടിക്കുകയാണ്.
ഇതിനു മുമ്പുള്ള മറ്റ് പാശ്ചാത്യ ഗവേഷണ കൈകടത്തലുകളുടെ ചരിത്രം നല്കുന്ന സൂചന അനുസരിച്ചാണെങ്കില്‍, സാധ്വികളുടേയും അവര്‍ണരുടെയും നേര്‍ക്കുള്ള ‘അതിക്രമങ്ങള്‍’ വിഷയമാക്കികൊണ്ട് വിദേശ പിന്തുണയോടെയുള്ള ഗവേഷണങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. സ്ത്രീകള്‍ ബലാത്സംഗങ്ങള്‍ക്കും താന്ത്രിക ലൈംഗിക ക്രിയകള്‍ക്കും ഒക്കെ ഇരകളാവുന്നതിനെ കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങള്‍ താമസിയാതെ കാണാം.
‘അപരിഷ്കൃതരും അപകടകാരികളും’ ആയ ഒരു സമൂഹത്തിന്റെ ഇനിയും പൂര്‍ണമായി പര്യവേഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത വലിയൊരു അതിര്‍ത്തി പ്രദേശമായി കുംഭമേള മാറും. അതാകട്ടെ വളരെയധികം തുറന്ന ഒന്നാണ്. സാഹസികതയും, പ്രശസ്തിയും, സമ്പത്തും ഒക്കെ തേടുന്ന പാശ്ചാത്യ പര്യവേഷകര്‍ക്ക് വളരെയധികം അവസരങ്ങള്‍ അത് തുറന്നിട്ടിരിക്കുന്നു.
ഹാര്‍വാര്‍ഡ് കുംഭമേള ടീമിന്റെ ഒരു ബ്ലോഗ് ഇങ്ങനെ റിപ്പോര്‍ട്ട്് ചെയ്യുന്നു ‘ഈ ഗ്രൂപ്പിന്റെ ഗവേഷണത്തില്‍ കൂടി പുറത്തുവന്ന ഒരു പ്രധാനകാര്യം മേളയുടെ കാലയളവില്‍ അതുണ്ടാക്കുന്ന മലിനീകരണത്തെക്കുറിച്ച് പല ആളുകളും ഉയര്‍ത്തിയ ആശങ്കയാണ്’.
കുംഭമേള എങ്ങനെയാണ് വലിയ തോതില്‍ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് താമസിയാതെ തന്നെ ഒരു ഗവേഷണം പ്രതീക്ഷിക്കാം. ഗംഗയില്‍ ചിതാഭസ്മവും മറ്റ് ആചാരപരമായ വസ്തുക്കളും ഒഴുക്കുന്നതും നദീതീരങ്ങളില്‍ ശവദാഹം നടത്തുന്നതും ഒക്കെ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വിവരണങ്ങള്‍ തയ്യാറാക്കാനുള്ള പ്രോജക്ടുകളില്‍ ഹാര്‍വാര്‍ഡിലും മറ്റുള്ളിടങ്ങളിലും നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നിയോഗിക്കപ്പെടും. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഫെമിനിസം, സാമൂഹ്യശാസ്ത്രം തുടങ്ങിയവ കൂടാതെ പരിസ്ഥിതിശാസ്ത്രത്തിന്റെ ലെന്‍സും മേളയെപ്പറ്റി ‘പഠിക്കാന്‍’ ഉപയോഗിക്കപ്പെടും എന്നര്‍ത്ഥം. ഇത് മേളയെ പരിഷ്കരിക്കാനും ആധുനികവല്്ക്കരിക്കാനും ഉള്ള പാശ്ചാത്യ സഹായമായി അവതരിപ്പിക്കപ്പെടും. പല ഭാരതീയരും അതൊക്കെ കണ്ണും പൂട്ടി അംഗീകരിക്കുകയും ചെയ്യും.
എല്ലായിടത്തും നിറയുന്ന ക്യാമറകളുടെ സഹായത്തോടെ അതിക്രമ വാര്‍ത്തകളുടെ നിര്‍മാണം എല്ലാഅതിരുകളും ലംഘിക്കാന്‍ പോകുകയാണ്. നദീതീരത്ത് നടക്കുന്ന പട്ടം പറത്തലില്‍ പങ്കെടുത്തെന്നും, അങ്ങനെ തന്റെ ക്യാമറ പട്ടത്തിനുള്ളില് ഒളിപ്പിച്ചുവച്ച് വീഡിയോ പിടിക്കാന്‍ സാധിച്ചു എന്നും ഒരു പാശ്ചാത്യന്‍ അവകാശപ്പെടുന്നു. സെന്‍സേഷണലോ ദുരുപയോഗപരമോ ആയ എന്തെല്ലാം വീഡിയോകള്‍ നിര്‍മിക്കാന്‍ ഇത്തരം ആള്‍ക്കാര്‍ക്ക് ഇതിലൂടെ സാധിക്കും എന്നാലോചിച്ചു നോക്കൂ!
മതപ്രചരണം എന്ന ലക്ഷ്യത്തോടെ മേളയില്‍ നുഴഞ്ഞു കയറാന്‍ ഇപ്പോള്‍ തന്നെ ക്രിസ്ത്യന്‍ മിഷണറിമാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെയുള്ള ഏതൊരു നിയന്ത്രണത്തേയും പാശ്ചാത്യരും ഭാരതീയരുമായവരുടെ സഹായത്തോടെ വെല്ലുവിളിക്കാന്‍ അവര്‍ തയ്യാറാകും. ‘മേള ആരുടേയും സ്വകാര്യ ചടങ്ങല്ല’ അല്ലെങ്കില്‍ ‘ഗംഗയോ മേള നടക്കുന്ന മറ്റു സ്ഥലങ്ങളോ ആരുടേയും സ്വന്തമല്ല’ എന്നും മറ്റുമുള്ള ന്യായങ്ങള്‍ ഉയര്‍ത്തപ്പെടും.
ഏതൊരു പൗരനും നദിയില്‍ ഇറങ്ങി മുങ്ങാനുള്ള അവകാശമുണ്ട് എന്നൊക്കെയാവും വാദം. ഇത്തരം നുഴഞ്ഞു കയറ്റങ്ങള്‍ വളരെ ചെറിയ തോതിലും സൗമ്യമായുമാണ് അവര്‍ തുടങ്ങുക. ഒരിക്കല്‍ വാതിലിനുള്ളില്‍ കടന്നു കഴിഞ്ഞാല്‍ പതിയെ വേരുറപ്പിച്ച് അവകാശമുറപ്പിക്കുന്ന നിലയിലേക്ക് വളരുന്നു. സൗഹൃദവും, സേവനമൂടുപടവും ഉപയോഗപ്പെടുത്തി അതിഥികളായി കടന്നു കയറുന്ന കാര്യത്തില്‍ മിഷണറിമാര്‍ അനുഭവപരിചയം സിദ്ധിച്ചവരാണ്. സൗജന്യ വിതരണത്തിനായി അവര്‍ പലതും കൊണ്ടു വരും എന്നത് ഉറപ്പാണ്. വലിയ സംഖ്യയില്‍ മേളയില്‍ പങ്കെടുക്കുന്ന ഗ്രാമീണരുടെ ഇടയില്‍ അതൊക്കെ വലിയ ഹിറ്റായിരിക്കും എന്ന കാര്യത്തിലും സംശയമില്ല.
എല്ലാ മതങ്ങളും ഒന്നാണ് എന്നൊക്കെ പഠിപ്പിക്കുന്ന, ചിന്താക്കുഴപ്പത്തില്‍ ഉഴറുന്ന പല ഹിന്ദുഗ്രൂപ്പുകളും അബ്രഹാമിക മതങ്ങളുടെ ഇത്തരം നുഴഞ്ഞു കയറ്റത്തിന് സഹായം ചെയ്തു കൊടുക്കും എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
വൈവിദ്ധ്യതയെ പറ്റിപഠിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു എന്നതിന്റെ പേരില്‍ ഹാര്‍വാര്‍ഡിന്റെ വൈവിദ്ധ്യതാ പ്രോജക്ടിന് (പ്രൊഫസര്‍ ഡയാന എക്ക് തന്നെയാണ് ഇതിനും നേതൃത്വം കൊടുക്കുന്നത്) എളുപ്പത്തില്‍ പ്രവേശനം നേടുവാന്‍ കഴിയും. അല്പബുദ്ധികളായ ഹിന്ദു നേതാക്കളെ കൈയിലെടുക്കാന്‍ ‘ഹൈന്ദവ സഹിഷ്ണുത’ യുടെ പ്രകീര്‍ത്തനം നടത്തുകയും അത് അവരില്‍ മതിപ്പുണ്ടാക്കുകയും ചെയ്യും. ഇതെല്ലാം ഇത്തരം തന്ത്രപരമായ നുഴഞ്ഞുകയറ്റം നടത്തുന്നവരുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതില്‍ നിന്ന് ഉത്തരവാദപ്പെട്ടവരെ തടയും.
കുംഭമേളയുടെ മതേതരവല്‍ക്കരണമാണ് അധികം വൈകാതെ വന്നെത്താന്‍ പോകുന്ന മറ്റൊരു മാര്‍ഗ്ഗഭ്രംശം. സെക്യുലര്‍ എന്ന പുകഴ്ത്തലിന്റെ മഹിമയില്‍ ആനന്ദം കണ്ടെത്തുന്ന ആളുകള്‍ ഇത്തരം ആധുനികവല്ക്കരണത്തിലൊന്നും യാതൊരു പ്രശ്നവും കാണുകയില്ല. മേളയിലുള്ള ഹാര്‍വാര്‍ഡിന്റെ ഇടപെടലോടെ, ഭാരതത്തിലെ പല തലത്തിലുള്ള വമ്പന്മാരെ കൈയിലെടുക്കുക എന്ന ലക്ഷ്യത്തില്‍ ആദ്യത്തെ വിജയം അവര്‍ കൈവരിച്ചു കഴിഞ്ഞു.
ദൗര്‍ഭാഗ്യവശാല്‍ ഈ വമ്പന്മാര് ദീര്ഘദൃഷ്ടിയുള്ളവരല്ല. ഹാര്വാര്ഡിനോടും അതുപോലുള്ള പ്രസിദ്ധ സ്ഥാപനങ്ങളോടുമുള്ള ബന്ധങ്ങളുടെ മഹത്വം കാട്ടി ആകര്‍ഷിച്ച് അവരെ വളരെ എളുപ്പത്തില്‍ വിലക്കു വാങ്ങാം. കുംഭമേള പ്രോജക്ടിനോടനുബന്ധിച്ചുള്ള ഹാര്ഡ്വാര്ഡിന്റെ പ്രത്യേക പുസ്തകം ഏഷ്യാ സൊസൈറ്റിയുടെ സ്പോണ്‍സര്‍ഷിപ്പോടുകൂടി ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്യപ്പെട്ടു. പുസ്തകത്തിന്റെ ഭാരതത്തിലെ പ്രകാശനം ദല്‍ഹിയിലെ പ്രസിദ്ധമായ ഒബ്രോയ് ഹോട്ടലില്‍ വച്ച് നടന്നു. ഈ പരിപാടിയുടെ മുഖ്യാഥിതിയും ശ്രദ്ധാകേന്ദ്രവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. തനിക്കു കിട്ടിയ ഈ പരിഗണനയിലും ഹാര്‍വാര്‍ഡ് തന്റെ സംസ്ഥാനത്ത് എത്തിയതിലും അഥവാ താന്‍ ഇത്തരം ലോകപ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ വേദിയില്‍ എത്തിയതിലും അദ്ദേഹം വളരെ കൃതാര്‍ത്ഥനായിരുന്നു.
കോളനിവല്‍ക്കരണത്തെക്കുറിച്ച് പഠിക്കുന്ന പണ്ഡിതന്മാര് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈ പ്രൊജക്ടിനെ ഹാര്‍വാര്‍ഡ് വിശേഷിപ്പിക്കുന്നത് ‘കുംഭമേളയുടെ മാപ്പിങ്’ എന്നാണ്. പഠിക്കപ്പെടുന്ന വിഷയത്തെക്കുറിച്ച് വിജ്ഞാനശേഖരങ്ങള്‍ ഉണ്ടാക്കി കൃത്യമായി തരം തിരിച്ചു വയ്ക്കലാണ് മാപ്പിങ് എന്ന ഈ പ്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ബ്രിട്ടീഷ് കോളണിഭരണക്കാര് എന്തുകൊണ്ടാണ് മാപ്പിങ് എന്ന ഈ പഠനരീതിയില്‍ ഇത്രയധികം താല്‍പര്യമെടുത്തിരുന്നത് എന്നറിയണമെങ്കില്‍ ബെനഡിക്റ്റ് അന്റെര്സന് എഴുതിയ ‘Imagined Communities’- എന്ന ഗ്രന്ഥം വായിച്ചു നോക്കണം. ഭൂപ്രകൃതി, ജനസംഖ്യ, മതാചാരങ്ങള്‍, സാമൂഹ്യരാഷ്ട്രീയ സംവിധാനങ്ങള്‍ തുടങ്ങിയ എല്ലാറ്റിനെയും അവര്‍ പഠനവിധേയമാക്കി കൃത്യമായ മാതൃകകളാക്കി തരം തിരിച്ചിരുന്നു. കൃത്യമായ തന്ത്രങ്ങളോടെ ചര്‍ച്ചകള്‍ നടത്തുന്നതിനും മറ്റുള്ളവരുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനും ഇതവരെ സഹായിച്ചിരുന്നു.
കുംഭമേളയിലെ കൈകടത്തല്‍ എന്ന ഈ പദ്ധതിയുടെ ആദ്യഭാഗം, നമ്മെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ‘നല്ല മനുഷ്യര്‍’എന്ന രൂപത്തില്‍ നമ്മുടെ സമൂഹത്തിന്റെ മുന്നില്‍ അവതരിക്കുക എന്നതാണ്. ഈ പ്രതിച്ഛായ സ്ഥാപിച്ചെടുക്കാന്‍ അവര്‍ രാഷ്ട്രീയക്കാരെയും, ഹിന്ദുസമ്പ്രദായങ്ങളുടെ നേതാക്കളേയും, സന്യാസിമാരേയും ഒക്കെ തങ്ങളുടെ ഹ്രസ്വചിത്രങ്ങളില്‍ പരിചയപ്പെടുത്തുകയും, അവരെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും ഒക്കെ ചെയ്യുന്നു. എന്നാല്‍ ഇത്രയും സൂത്രശാലികളായ എതിരാളികളുടെ ലക്ഷ്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരാണ് നമ്മുടെ ആളുകള്‍. എതിര്പക്ഷത്തെകുറിച്ച് വ്യക്തമായ മുന്‍കൂര്‍ പഠനം നടത്താനുള്ള സാമര്‍ത്ഥ്യവും ഈ കളി എങ്ങനെയാണ് കളിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചും അവര്‍ക്ക് യാതൊരു ധാരണയുമില്ല.
കുംഭമേള പ്രൊജക്ടിനെ ഹാര്‍വാര്‍ഡ് വിശേഷിപ്പിക്കുന്നത് ബഹുശാസ്ത്ര പഠനം എന്നാണ്. വിജ്ഞാനത്തിന്റെ പല ശാഖകള്‍ അവരവരുടേതായ ലെന്‍സുകളിലൂടെയാണ് നോക്കിക്കാണുക. നഗരാസൂത്രണം, വ്യവസ്ഥ, പൊതുജനാരോഗ്യം, മതപഠനം, നരവംശ ശാസ്ത്രം, ഡിസൈന്‍ സ്കൂള്‍, ബിസിനസ് സ്കൂള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് ഇപ്പോള്‍ ഈ പ്രോജക്ടില്‍ ഉള്ളത്. അതായത് നമ്മുടെ ധര്മസമ്പ്രദായങ്ങളെ കുറിച്ച് യാതൊരു ശ്രദ്ധയും മതിപ്പും ഇല്ലാത്ത മതേതര ലെന്‍സുകള്‍ മാത്രമാണ് ഈ പ്രോജക്ടില്‍ ഉപയോഗിക്കപ്പെടുന്നത്. തങ്ങളുടെ പദ്ധതികള്‍ക്ക് ‘ഇണങ്ങുന്ന മാതൃകകളെയാണ്’ പഠനത്തിനായി അവര്‍ തേടുന്നത്.
ഹാര്‍വാര്‍ഡിന്റെ ടീം അവതരിപ്പിച്ച പഠനങ്ങളില്‍ ഒന്നും കുംഭമേളയില്‍ നടക്കുന്ന യജ്ഞത്തിന്റെ പ്രകൃത്യാതീത തല അര്‍ത്ഥങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല. മേളയുടെ പിന്നിലുള്ള ഐതിഹ്യത്തെ കുറിച്ച് പറയുമ്പോഴാകട്ടെ ഹോളിവുഡ് ചിത്രമായ ലോര്‍ഡ് ഓഫ് ദി റിങ്സ് പോലുള്ള ഏതോ നിറം പിടിപ്പിച്ച പ്രാകൃതകഥ എന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. സ്വന്തം ജീവിതത്തില്‍ സത്യം അനുഭവവേദ്യമാക്കുന്ന തലത്തെക്കുറിച്ച് അവര്‍ക്ക് അറിയില്ല. അതൊട്ട് അറിയാനും, അംഗീകരിക്കാനും താല്പര്യവുമില്ല.
യജ്ഞത്തിന്റെയും മറ്റു ചടങ്ങുകളുടെയും പ്രതീകാത്മകതയും അതീന്ദ്രിയമായ അര്‍ത്ഥതലങ്ങളും എപ്രകാരമാണ് നമ്മുടെ ജീവിതം ഉള്‍പ്പെടെയുള്ള ലോകത്തെ എല്ലാ അംശങ്ങളിലും പ്രകടീകൃതമാകുന്നതെന്നുമുള്ള കാര്യങ്ങളൊന്നും അവര്‍ക്കറിയേണ്ട. ഇത്തരത്തിലുള്ള അതിമഹത്തായ ഒരു ഏകതാ ദര്‍ശനത്തിലേക്കുള്ള ഉള്‍ക്കാഴ്ചയുടെ അഭാവത്തിനു കാരണം പ്രോജക്ടിന് നേതൃത്വം കൊടുക്കുന്ന ഉന്നതര്‍ക്ക് അതില്‍ ശ്രദ്ധ ഇല്ല എന്നതാണ്. സമൂഹത്തിലെ വൈചിത്ര്യങ്ങളും, മാദകത്വങ്ങളും അന്വേഷിക്കുന്ന നരവംശശാസ്ത്രത്തിന്റെ ഏറ്റവും പുതിയ നായാട്ട് ഭൂമിയാണ് നമ്മുടെ കുംഭമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: