ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചാണ് മൂന്നുമത്സരങ്ങളുടെ പരമ്പര ഇന്ത്യന്‍ യുവനിര സ്വന്തമാക്കിയത്. 127 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 26.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്കോര്‍: സിംബാബ്വെ 34.3 ഓവറില്‍ 126 ഓള് ഔട്ട്. 26.5 ഓവറില്‍ രണ്ടിന് 129.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട സിംബാബ്വെ ആദ്യ മത്സരത്തിലെന്നപോലെ ഇന്നലെയും ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു.
മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന സിംബാബ്വെ ഇന്നിങ്സില്‍ 53 റണ്‍സെടുത്ത സിബാന്‍ഡ ടോപ്സ്കോറര്‍. ചിബാബ 21ഉം റാസ 16ഉം റണ്‍സെടുത്തു. ഒരുഘട്ടത്തില്‍ മൂന്നിന് 39 എന്ന നിലയില്‍ തകര്‍ന്ന സിംബാബ്വെയെ നാലാം വികകറ്റില് സിക്കന്ദര്‍ റാസയും സിബാന്‍ഡയും ചേര്‍ന്ന് നേടിയ 67 റണ്‍സാണ് സ്കോര്‍ 100 കടക്കാന്‍ സഹായിച്ചത്. സ്കോര്‍ 106-ല്‍ നില്‍ക്കേ അടുത്തടുത്ത പന്തുകളില്‍ ചാഹല്‍ സിബാന്ഡയെയും ചിഗുംബരയെയും പുറത്താക്കി. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ റാസയെയും ചാഹല്‍ മടക്കി.
പിന്നീടെത്തിയവരെല്ലാം പെട്ടെന്ന് മടങ്ങിയതോടെ സിംബാബ്വെ ഇന്നിങ്സ് 126-ല്‍ ഒതുങ്ങി. സിംബാബ്വെ നിരയില്‍ കൈ വിരലിന് പരിക്കേറ്റ ബാറ്റ്സ്മാന് സീന്‍ വില്ല്യംസ് ബാറ്റിങ്ങിനിറങ്ങിയില്ല.
ഇന്ത്യക്ക് വേണ്ടി യൂസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബരീന്ദര്‍ സ്രാന്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ രണ്ട് വീതവും ജസ്പ്രത് ബുംറ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോന്നും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ലോകേഷ് രാഹുലും കരുണ്‍ നായരും മികച്ച തുടക്കം. നല്കി. ആദ്യ വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 33 റണ്‍സെടുത്ത് മടങ്ങിയ രാഹുലിന് പകരം ക്രീസിലെത്തിയ അമ്പാട്ടി റായിഡു മികച്ച പ്രകടനം നടത്തി.
രണ്ടാം വിക്കറ്റില്‍ കരുണ്‍ നായര്‍ക്കൊപ്പം റായിഡു 67 റണ്‍സ് കൂട്ടിചേര്‍ത്തു ഇതില്‍ 41 റണ്‍സും റായിഡുവിന്റെ ബാറ്റില്‍ നിന്നായിരുന്നു. 44 പന്തില്‍ നിന്ന് ഏഴ് ഫോറുകളുടെ അകമ്പടിയോടെയാണ് റായിഡു 41 റണ്‍സ് നേടിയത്. കരുണ്‍ നായര്‍ 68 പന്തുകളില്‍ നിന്ന് അഞ്ച് ഫോറുകള്‍ ഉള്‍പ്പടെയാണ് 39 റണ്‍സ് നേടിയത്. ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോള്‍ കരുണ്‍ നായര്‍ പുറത്തായെങ്കിലും നാലാമനായിറങ്ങിയ മനീഷ് പാണ്ഡെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി ഇന്ത്യക്ക് വിജയവും ഒപ്പം പരമ്പരയും നേടി കൊടുത്തു. ചാഹലാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: