കല്‍പ്പറ്റ : ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാരിന്റെ സേവനങ്ങള്‍ നല്കുവാന് വേണ്ടി ഉദ്ദേശിച്ചു നടപ്പിലാക്കുന്ന ഇ-ഡിസ്ട്രിക്റ്റ് പദ്ധതി വനംവകുപ്പിലും നടപ്പിലാക്കുന്നു. മൂന്നുമാസത്തിനകം നിലവില്‍വരുന്നതോടെ വന്യജീവി ആക്രമണം മൂലമുള്ള നഷ്ടപരിഹാരത്തിന് ഓ ണ്‍ലൈനായി ഇ ഡിസ്ട്രിക്റ്റ് കേരളയുടെ വെബ്സൈറ്റ് വഴി നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ റേഞ്ച് ഓഫീസുകളിലെ ഫ്രന്റ് ഓഫീസുകള്‍ വഴിയോ അപേക്ഷ നല്‍കാം. വന്യജീവിആക്രമണം മൂലമുള്ള മരണം, പരിക്ക്, കന്നുകാലികളുടെ മരണം, വിളനാശം, വീടുകളുടെയും സ്വത്തുക്കളുടെയും നാശം എന്നിവയ്ക്കുള്ളനഷ്ടപരിഹാരത്തിനാണ് അപേക്ഷിക്കാനാവുക.
അപേക്ഷിക്കാനായി ആദ്യം പേര്, വിലാസം, ആധാര്‍ നമ്പര്‍, ജനനതീയതി തുടങ്ങിയ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്ത് യൂസര്‍ ഐഡിയും പാസ്വേഡും ഉണ്ടാക്കണം. അതുപയോഗിച്ച് വെബ്സൈറ്റില്‍ പ്രവേശിച്ച് അപേക്ഷ നല്‍കാം. വന്യജീവി ആക്രമണത്തില്‍ മരിച്ചതിന്റെയോ പരിക്കേറ്റതിന്റെയോ നഷ്ടപരിഹാരത്തിനുള്ള അപേക്ഷയില്‍ വന്യജീവി ആക്രമണം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ നല്‍കണം. അപേക്ഷകന്റെ വിശദവിവരങ്ങള്‍, അപേക്ഷ സമര്‍പ്പിക്കേണ്ട ഓഫീസ്, അപകടം നടന്ന സ്ഥലം, തീയതി, സമയം, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷന്, പരിക്കേറ്റ/മരിച്ചയാളെ പരിശോധിച്ച മെഡിക്കല്‍ ഓഫീസറുടെ പേരും വിശദാംശങ്ങളും, ചികിത്സ തുടങ്ങിയതും അവസാനിച്ചതുമായ തീയതി, വന്യമൃഗത്തിന്റെ ഇനം, തരം, നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുക എന്നിവ വേണം.
വന്യമൃഗ ആക്രമണത്തില്‍ കന്നുകാലി മരിച്ചതിന് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖ, മൃഗഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്. വന്യമൃഗ ആക്രമണം മൂലമുള്ള വീട് നാശം, വസ്തുനാശം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍, നികുതി പണമടച്ച രശീത്/അവകാശി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്കാന്‍ ചെയ്ത കോപ്പി നിര്‍ബന്ധമായി വേണം. നഷ്ടങ്ങളുടെ വിവരം അപേക്ഷയില്‍ ചേര്‍ക്കണം. വന്യമൃഗ ആക്രമണം മൂലമുള്ള വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ തിരിച്ചറിയല്‍ രേഖ, നികുതി പണമടച്ച രശീത്/കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, അഗ്രികള്‍ച്ചറല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് എന്നിവ നിര്‍ബന്ധമാണ്. അപേക്ഷകളോടൊപ്പം നാശനഷ്ടം കാണിക്കുന്ന ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അപ്ലോഡ് ചെയ്യാം. വനം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും കൈയേറ്റഭൂമിയാണെങ്കിലും ആക്രമിച്ച മൃഗം സ്വകാര്യ ഉടമസ്ഥതയിലുള്ള മെരുക്കിവളര്ത്തുന്നതാണെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ തന്നെ കഴിയില്ല.
നിലവില്‍ റവന്യു വകുപ്പ് നല്കുന്ന പൊസഷന്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, വണ്‍ ആന്‍ഡ് ദി സെയിം സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഫാമിലി മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ്, പൊസഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ച്മെന്റ് സര്‍ട്ടിഫിക്കറ്റ്, ഡോമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വാല്വേഷന് സര്‍ട്ടിഫിക്കറ്റ്, ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ്, വിഡോ വിഡോവര്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്പെന്ഡന്സി സര്‍ട്ടിഫിക്കറ്റ്, ഡെസ്റ്റിറ്റിയൂട്ട് സര്‍ട്ടിഫിക്കറ്റ്, സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍കാസ്റ്റ് സര്‍ട്ടിഫിക്കറ്റ്, കണ്‍വേര്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്, മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ് എന്നീ സേവനങ്ങള്‍, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ, അപ്പീല്‍ അപേക്ഷ, പൊതുജനങ്ങളുടെ പരാതി നല്കല്, കുടിവെള്ള ബില്‍, വൈദ്യുതി ബില്‍, ലാന്‍ഡ് ഫോണ്‍ ബില്‍ എന്നിവ അടക്കല്‍, കാലിക്കറ്റ്, എം.ജി സര്‍വകലാശാലകളുടെ പരീക്ഷാ ഫീസടക്കല്‍, മറ്റു ഫീസടക്കല്‍, വെല്‍ഫെയര്‍ ബോര്‍ഡ് ഫീസ് അടക്കല്‍, കള്‍ച്ചറല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഫീസ് അടക്കല്‍, പൊലീസ് വകുപ്പിലെ ഇ-ചലാന്‍ അടക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ നോണ്‍-ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ വിവിധ ഫീസ് ശേഖരണം, വാഹനങ്ങള്‍ക്കുള്ള സെസ് അടക്കല്‍ തുടങ്ങി 41 സേവനങ്ങള്‍ ഇ-ഡിസ്ട്രിക്ട് പദ്ധതി വഴി ചെയ്യാന്‍ കഴിയും.
അതാത് വകുപ്പുകളില്‍ നടപ്പിലാക്കിയ കമ്പ്യൂട്ടര്‍ വല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗതയിലും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നടപടി ക്രമങ്ങളിലെ ലഘൂകരണവും ഇതുവഴി നടപ്പിലാക്കുന്നു. ആയാസരഹിതമായും കുറഞ്ഞ സമയത്തിനുള്ളിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സേവനങ്ങള്‍ക്കും ംംം.ലറശേെൃശര.േസലൃമഹമ.ഴ ീ്.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇ-ഡിസ്ട്രിക്ട് സേവനം വനംവകുപ്പില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ് ഇന്നലെ കലക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിശീലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: