ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗതവ്യവസായമായ കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍, കുരുക്ക് അഴിക്കാനാകാതെ സര്‍ക്കാര്‍. ചെറുകിട ഉത്പാദക രംഗത്താണ് രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. ബഹുഭൂരിപക്ഷം തൊഴിലാളികളും തൊഴില്‍ തേടി മറ്റ് മേഖലയിലേക്ക് ചേക്കേറിക്കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിന്റെ നേട്ടം ലഭിക്കുന്നത് വന്‍കിട കയറ്റുമതിക്കാര്‍ക്കാണ്.
കയറ്റുമതി ഓരോ വര്‍ഷവും വര്‍ദ്ധിച്ചെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. പക്ഷെ ഇതിന്റെ ഗുണം ചെറുകിട ഉത്പാദകര്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കുന്നില്ല. യന്ത്രവത്കൃത പിവിസി തടുക്ക് നിര്‍മ്മാണ യൂണിറ്റുകളുടെ കടന്നുകയറ്റവും പരമ്പരാഗത കയറുത്പന്ന നിര്‍മാണ മേഖലയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമാണ്.
മുന്‍ വര്‍ഷം 1,650 കോടിയോളം രൂപയാണ് കയറുത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ രാജ്യം നേടിയത്. ഇതില്‍ അറുപത് ശതമാനത്തില്‍ താഴെയാണ് കേരളത്തിന്റെ സംഭാവന. മാത്രമല്ല കയറുത്പന്നങ്ങളേക്കാള് കയര്പിറ്റും മറ്റുമാണ് ഇപ്പോള്‍ കൂടുതല്‍ കയറ്റുമതി ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യവുമുണ്ട്. കൂടാതെ ആറു കോടിയോളം രൂപയുടേത് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി വിഹിതമെന്നതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തില്‍ ഉത്പാദനം വര്‍ദ്ധിച്ചെന്ന സര്‍ക്കാരിന്റെ കണക്ക് പൊള്ളയാണെന്ന് കയര്‍ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അസംസ്കൃത വസ്തുവായ ചകിരിയുടെ കടുത്ത ക്ഷാമമാണ് പ്രധാന പ്രശ്നം. രണ്ടേകാല്‍ ലക്ഷം ടണ്‍ ചകിരിയാണ് പ്രതിവര്‍ഷം കേരളത്തിന് ആവശ്യമുള്ളത്. ഇതില്‍ പകുതിയോളം ഇന്ന് തമിഴ്നാട്ടില്‍ നിന്നാണ് എത്തിക്കുന്നത്.
കൂടാതെ തമിഴ്നാട്ടില്‍ നിന്നുള്ള കയറും കേരളവിപണി കയ്യടക്കിക്കഴിഞ്ഞു. യന്ത്രവത്ക്കരണത്തില്‍ അവര്‍ വളരെ മുന്നില്‍ പോയതും ഇവിടുത്തെ പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായി. തൊണ്ടു സംഭരണം കാര്യക്ഷമമാക്കുമെന്ന് കഴിഞ്ഞ രണ്ടു സര്‍ക്കാരുകളും പ്രഖ്യാപിച്ചെങ്കിലും കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ മൂന്നിലൊന്ന് തൊണ്ടു സംഭരിച്ചാല്‍ പോലും കേരളത്തിന്റെ ആവശ്യം പൂര്‍ണമായും നിറവേറ്റാന്‍ കഴിയും.
സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കാറുണ്ടായിരുന്നു. എന്നാല്‍ രണ്ടര വര്‍ഷത്തിലേറെയായി ഒരു രൂപ പോലും സര്‍ക്കാര്‍ ഈ ഇനത്തില്‍ നല്കാന് തയ്യാറായിട്ടില്ല. അവശേഷിക്കുന്ന ചെറുകിട ഉല്‍പ്പാദന കേന്ദ്രങ്ങളെങ്കിലും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യമുയരുമ്പോഴും ഇതവഗണിക്കുകയാണ്.
തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ചെങ്കിലും, പണി ഇല്ലാത്തതിനാല്‍ ഇതിന്റെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ചില സഹകരണ സംഘങ്ങളിലും ചെറുകിട സ്ഥാപനങ്ങളിലും നേരിയ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ചത് താങ്ങാന്‍ കഴിയുന്നില്ല.
പരമ്പരാഗത കയര്‍ മേഖലയുടെ മറവില്‍ സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങളും വന്‍കിടക്കാര്‍ തട്ടിയെടുക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു.
കയറ്റുമതിക്കാര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡി തുക ചെറുകിട ഉല്‍പ്പാദകര്‍ക്ക് നല്കിയാല് ഉത്പ്പാദന മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗത്തിനും ഇടതുയൂണിയനുകളിലാണ് അംഗത്വം.
എന്നാല്‍ വന്‍കിട കയറ്റുമതിക്കാരെ സഹായിക്കുന്ന നിലപാടുകളാണ് ഇടതു സര്‍ക്കാരുകളും യൂണിയനുകളും സ്വീകരിക്കുന്നത്. കയറ്റുമതിക്കാരുടെ സ്വന്തം നേതാവെന്ന് അറിയപ്പെടുന്ന തോമസ് ഐസക്ക് വകുപ്പ് മന്ത്രിയായതോടെ ചെറുകിട ഉത്പാദകരും അവിടങ്ങളിലെ തൊഴിലാളികളും ആശങ്കയിലാണ്. സിപിഎമ്മിലെ പ്രബല വിഭാഗത്തിനും തോമസ് ഐസക്കിന് ഈ വകുപ്പ് നല്‍കിയതില്‍ അമര്‍ഷമുണ്ട്. കഴിഞ്ഞ ഇടതു സര്‍ക്കാരില്‍ ജി. സുധാകരന് കാര്യമായ പരാതികളില്ലാതെ കയര്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: